സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തലയ്ക്കു പരിക്കേറ്റ സം...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തുലാഭാര ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തലയ്ക്കു പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പൊലീസിനെ സമീപിച്ചു.
തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നു സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്കി. അപകടത്തില്‍ തലക്കു പരിക്കേറ്റ തരൂരിനെ ജനറല്‍ ആശുപത്രിയിലെ പരിശോധനകള്‍ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ത്രാസിന്റെ കൊളുത്തു വേണ്ടവിധം ഇടാതെ തൊടുവിച്ചു വച്ചിരുന്നതാണ് അപകടകാരണമായതെന്നാണ് സംശയം. തുലാഭാരം കഴിഞ്ഞ് തരൂര്‍ എഴുന്നേല്ക്കാന് നേരം കുറച്ചുനേരം കൂടി അവിടെ ഇരിക്കാന്‍ ക്ഷേത്രം ഭാരവാഹി പറഞ്ഞതും സംശയത്തിനിടയാക്കിയിട്ടുണ്ട്. ക്ഷേത്ര നട തുറക്കുന്നതുവരെ ഇരിക്കാനാണ് പറഞ്ഞതെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. തുലാസിനടിയില് ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള് എടുത്തു മാറ്റിയതിനെക്കുറിച്ചും സംശയമുണ്ടായിട്ടുണ്ട്.
ഇന്നു രാവിലെ 11 മണിക്ക് തമ്പാനൂരിനടുത്ത് ഗാന്ധാരി അമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് തരൂരിന് അപകടം സംഭവിച്ചത്. തരൂര്‍ ഇരുന്ന ത്രാസ് പൊട്ടി അദ്ദേഹം കമഴ്ന്ന് നിലത്തു വീഴുകയും തലക്കു മുകളിലേക്ക് ത്രാസ്സിന്റെ ഇരുമ്പുദണ്ഡ് വന്ന പതിക്കുകയുമായിരുന്നു.
വീഴ്ചയില്‍ തരൂരിന്റെ കാലിനും പരിക്കുണ്ട്. ഭാരമുള്ള ദണ്ഡ് തലയില്‍ അടിച്ചു തുന്നല്‍ ഇടേണ്ടി വന്നു. പരിക്കിനെ തുടര്‍ന്ന് തരൂരിന്റെ ഇന്നത്തെ പ്രചരണ പരിപാടികള്‍ നിറുത്തിവയ്ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കെ സ്ഥാനാര്‍ഥിക്ക് പരിക്കേറ്റത് യുഡിഎഫിനെ വിഷമിപ്പിക്കുന്നുണ്ട്. എന്നാല്‍ തരൂരിന്റെ ചൊവ്വാഴ്ചത്തെ പ്രചരണ പരിപാടികള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് പ്രചരണ കമ്മിറ്റി ചെയര്മാന് തമ്പാനൂര്‍ രവി അറിയിച്ചു.
ഇതേസമയം, തരൂരിനു പരിക്കു പറ്റിയ സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നു ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ആവശ്യത്തില്‍ കൂടുതല്‍ പഞ്ചസാര കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടില്‍ കോരിവച്ചതും തുലാസിന്റെ ചങ്ങലയില്‍ പ്രവര്‍ത്തകര്‍ വലിച്ചുതൂങ്ങിയതും അപകടകാരണമായിരിക്കാമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.
Keywords: Congress Party, Shashi Tharoor, Thulabharam, UDF
COMMENTS