അഭിനന്ദ് ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹില്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നു മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇനിയും ഉത്...
അഭിനന്ദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹില്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നു മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. പക്ഷേ, രാഹുല്‍ സ്വന്തം തട്ടകമായ അമേഠി വിട്ട് മറ്റൊരിടത്തു കൂടി മത്സരിക്കാന്‍ ആലോചിക്കുന്നുവെന്ന കാര്യം സത്യം തന്നെയാണ്.
എന്തുകൊണ്ട് രാഹുല്‍ രണ്ടാം മണ്ഡലം തേടുന്നുവെന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. അമേഠി പണ്ടത്തെപ്പോലെ സുരക്ഷിത മണ്ഡലമല്ല ഇപ്പോള്‍. രാഹുല്‍ പാട്ടും പാടി ജയിക്കുമെന്നു തീര്‍ത്തു പറയാനാവില്ല എന്നു ചുരുക്കം.
സമാജ് വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ് ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് രാഹുലിന് കടുത്ത ആശങ്കയ്ക്കു വകയില്ലെന്നു കരുതുന്നവരുണ്ട്. പക്ഷേ, കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നാണ് കോണ്‍ഗ്രസ് ആസ്ഥാനത്തുള്ളവര്‍ പറയുന്നത്.
രാഹുലിനെ പൂട്ടാന്‍ ബിജെപി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നതാണ്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയിരുന്നത്. പിന്നീട് കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയായിരുന്നു 2014ല്‍ രാഹുലിന്റെ എതിരാളി.
408651 വോട്ടായിരുന്നു രാഹുലിനു കിട്ടിയത്. സ്മൃതി ഇറാനിക്ക് 300748 വോട്ടു ലഭിച്ചു. രാഹുലിന്റെ ഭൂരിപക്ഷം 1.07 ലക്ഷം വോട്ടായിരുന്നു. ബിഎസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര പ്രതാപ് സിംഗിന് 57716 വോട്ടു ലഭിച്ചിരുന്നു.
പക്ഷേ, തോറ്റ് സ്മൃതി രാജ്യസഭ വഴി കേന്ദ്രമന്ത്രിയായി. കേന്ദ്രമന്ത്രിയായതില്‍ പിന്നെ സ്മൃതി പതിവായി അമേഠിയില്‍ എത്തിയിരുന്നു. അമേഠിയുടെ വികസനകാര്യങ്ങളിലും അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമേഠിക്ക് രണ്ട് എംപിമാരുള്ള സ്ഥിതിയായി.
ഇക്കുറിയും സ്മൃതി തന്നെയാണ് രാഹുലിന്റെ എതിരാളി. ഇപ്പോള്‍ സ്മൃതിക്കു കേന്ദ്രമന്ത്രിയെന്ന ഗ്ളാമറുമുണ്ട്. ഇതെല്ലാം കൂടിയാവുമ്പോള്‍ രാഹുലിന്റെ നില അത്ര ഭദ്രമല്ല.
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ അമേഠി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന അഞ്ചില്‍ നാലു നിയമസഭാ സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. ഇതൊന്നും രാഹുലിനു നല്‍കുന്നത് ശുഭസൂചനകളല്ല.
ഇതിനെല്ലാം പുറമേ മറ്റൊരു കണക്കു കൂടി രാഹുലിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ വിഷമിപ്പിക്കുന്നു. 2004ല്‍ കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം 71 ശതമാനമായിരുന്നു. 2009ല്‍ അത് 66 ശതമാനമായി താണു. 2014ല്‍ 1.07 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായെങ്കിലും വോട്ടു വിഹിതം 46 ശതമാനമായി താണിരിക്കുകയാണ്.
രാഹുല്‍ വയനാട്ടില്‍ നിന്നു മത്സരിക്കണമെന്ന ആവശ്യം കെപിസിസിയും നേതാക്കളും മുന്നോട്ടുവച്ചുവെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. അമേഠി രാഹുലിന്റെ കര്‍മ്മ ഭൂമിയാണ്. എങ്കിലും കെപിസിസിയുടെയും കേരളത്തിലെ ജനങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും സുര്‍ജേവാല പറയുന്നു. രാഹുലിനായി പിന്മാറിയെന്ന് വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ ടി. സിദ്ദിഖ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
അമേഠിയുടെ ചരിത്രം
# 1980 സഞ്ജയ് ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 128,545 വോട്ട്
# 1981 രാജീവ് ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 237,696 വോട്ട്
# 1984 രാജീവ് ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 314,878 വോട്ട്
# 1989 രാജീവ് ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 202,138 വോട്ട്
(ഈ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ രാജീവ് ഉള്‍പ്പെടെ 47 സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു.)
# 1991 രാജീവ് ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 112,085 വോട്ട്
(ഈ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിനു മുന്‍പ് രാജീവ് കൊല്ലപ്പെട്ടു.)
# 1991 (ഉപതിരഞ്ഞെടുപ്പ്) സതീഷ് ശര്‍മ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 99,309 വോട്ട്
# 1996 സതീഷ് ശര്‍മ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 40,143 വോട്ട്
# 1998 സഞ്ജയ് സിംഗ് ബിജെപി ഭൂരിപക്ഷം 23,270 വോട്ട്
# 1999 സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 300,012 വോട്ട്
# 2004 രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 2,90,853 വോട്ട്
# 2009 രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 3,70,198 വോട്ട്
# 2014 രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി ഭൂരിപക്ഷം 1,07,903 വോട്ട്
Keywords: Rahul Gandhi, Amethi, Loksabha Polls 2019, Sonia Gandhi, Smriti Irani
COMMENTS