അഭിനന്ദ് ന്യൂഡല്‍ഹി: തമ്മിലടിച്ചു ജയസാദ്ധ്യത പോലും തുലയ്ക്കുന്ന ഗ്രൂപ്പുകളിക്ക് അറുതിവരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. വ...
അഭിനന്ദ്
ന്യൂഡല്‍ഹി: തമ്മിലടിച്ചു ജയസാദ്ധ്യത പോലും തുലയ്ക്കുന്ന ഗ്രൂപ്പുകളിക്ക് അറുതിവരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. വയനാട് സീറ്റിലാണ് തര്‍ക്കം അതിരൂക്ഷമായിരിക്കുന്നത്.
വയനാട് വേണമെന്നു എയും ഐയും വാശിപിടിക്കുകയാണ്. നിലവില്‍ ഐ ഗ്രൂപ്പിന്റേതാണ് വയനാട് സീറ്റ്. എം ഐ ഷാനവാസായിരുന്നു ഇവിടെ വിജയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സീറ്റു പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
ടി. സിദ്ദിഖിനു സീറ്റു വാങ്ങിക്കൊടുക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. കെ.പി അബ്ദുള്‍ മജീദിനു വേണ്ടിയാണ് ഐ ഗ്രൂപ്പിന്റെ ശ്രമം. അതു പറ്റുന്നില്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന്, പി.എം. നിയാസ് എന്നിവരിലൊരാള്‍ക്കു സീറ്റ് കൊടുക്കണമെന്ന് ഐ ഗ്രൂപ്പു തലവനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാദിക്കുന്നു. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശന്റെ പേരും സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഉയര്‍ന്നിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. വയനാടിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ല, ആന്ധ്രയിലെ രാഷ്ട്രീയ കാര്യങ്ങളുടെ ചര്‍ച്ചയ്ക്കാണ് എത്തിയതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.
ഇതിനിടെ, ആറ്റിങ്ങലില്‍ കോന്നി എംഎല്‍എയും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശ് തന്നെയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അദ്ദേഹത്തെ ആലപ്പുഴയിലേക്കു മാറ്റാന്‍ ശ്രമമുണ്ടായിരുന്നു. അതു ഗുണം ചെയ്യില്ലെന്നു കണ്ടാണ് ആറ്റിങ്ങലില്‍ തന്നെ നിറുത്തുന്നത്. അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ പ്രവര്‍ത്തനം തുടങ്ങിയതായിരുന്നു. തര്‍ക്കം തീരാത്തതിനാല്‍ അദ്ദേഹം പിന്നീട് പ്രവര്‍ത്തന രംഗത്തുനിന്നു പിന്‍വാങ്ങുകയായിരുന്നു.
വടകരയിലേക്ക് വിദ്യാ ബാലകൃഷ്ണന്റെ പേരായിരുന്നു നേരത്തേയുണ്ടായിരുന്നു. വിദ്യയ്ക്കെതിരേ മണ്ഡലത്തില്‍ ശക്തമായ എതിര്‍പ്പു വന്നു. പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. പി.ജയരാജനെ നേരിടാന്‍ വിദ്യ മതിയാകില്ലെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ വിലയിരുത്തല്‍. സജീവ് മാടോളി, അഡ്വ. പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് ഇപ്പോള്‍ വടകരയില്‍ പരിഗണിക്കുന്നത്.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും എ.എ. ഷുക്കൂറുമാണ് പരിഗണനയിലുള്ളത്. ഇതില്‍ ഷാനിമോള്‍ക്കാണ് മുന്‍തൂക്കം.
നാലു സീറ്റുകളില്‍ ഞായറാഴ്ച തന്നെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞെത്. പക്ഷേ, തിങ്കള്‍ ഉച്ചതിരിഞ്ഞിട്ടും സമവായമായിട്ടില്ല.
Keywords:Congress Party, Loksabha Polls 2019, Attingal, Adoor Prakash, Shanimol Usman
COMMENTS