സന്നിധാനം : ഭക്തലക്ഷങ്ങള്‍ക്കു സായുജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണങ്ങളിഞ്ഞ ശ്രീധര്‍മശാസ്താവിന് ദീപാരാധന ആരംഭി...
സന്നിധാനം : ഭക്തലക്ഷങ്ങള്‍ക്കു സായുജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.
തിരുവാഭരണങ്ങളിഞ്ഞ ശ്രീധര്‍മശാസ്താവിന് ദീപാരാധന ആരംഭിച്ച വേളയിലാണ് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ഇതേസമയം, മാനത്ത് മകരനക്ഷത്രവും തെളിഞ്ഞു.
ലക്ഷക്കണക്കിനു ഭക്തരാണ് മകരജ്യോതിയുടെ ദര്‍ശനപുണ്യം തേടി എത്തിയിരുന്നത്.പന്തളത്തുനിന്നുള്ള തിരുവാഭരണങ്ങള്‍ വൈകുന്നേരം ആറു മണിക്ക് സന്നിധാനത്ത് എത്തി.
ശരംകുത്തിയില്‍ നിന്ന് ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്നു തിരുവാഭരണം ആദരപൂര്‍വം സ്വീകരിച്ചു സന്നിധാനത്തേയ്ക്കു കൊണ്ടുപോവുകയായിരുന്നു.
വാദ്യമേളങ്ങള്‍ അകമ്പടിയായുണ്ടായിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സന്നിധാനത്ത് തിരുവാഭരണം സ്വീകരിച്ചത്. അവിടെനിന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവിലിലേക്ക് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി.
തിരുവാഭരണങ്ങള്‍ എത്തിയതോടെ നട അടച്ചു. 6.30ന് അയ്യപ്പനെ തിരുവാഭരണങ്ങള്‍ അണിയിച്ച് ദീപാരാധനയ്ക്കായി നട തുറന്നു. ശരണം വിളികളാല്‍ മുഖരിതമായി സന്നിധാനം. ഓപ്പം ആദ്യ ജ്യോതി പൊന്നമ്പലമേട്ടില്‍ തെളിയുകയും ചെയ്തു.
പുല്ലുമേട്ടിലും ആയിരക്കണക്കിനു ഭക്തര്‍ മകരജ്യോതി ദര്‍ശിക്കാനായി എത്തിയിരുന്നു. ഇവിടെ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.
വൈകിട്ട് 7.52 ന് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കും.
മകരജ്യോതി തെളിഞ്ഞ വേളയില്‍ കേരളത്തിലങ്ങോളം ഇങ്ങോളം ഭക്തരുടെ വീടുകളിലും ഇക്കുറി അയ്യപ്പ ജ്യോതി തെളിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി ഒരുമിച്ചു നില്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അയ്യപ്പ ജ്യോതി തെളിച്ചത്. വിവിധ ക്ഷേത്രങ്ങളിലും ജ്യോതി തെളിച്ചു. അയ്യപ്പ ജ്യോതി തെളിക്കാന്‍ വിവിധ സംഘടനകള്‍ ഭക്തരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Keywords: Sabarimala, Lord Ayyappa, Makara Jyothi, Makara Vilakku
COMMENTS