അഭിനന്ദ് ന്യൂഡല്‍ഹി : വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റെന്നാണ് രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ത...
അഭിനന്ദ്
ന്യൂഡല്‍ഹി : വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് ടെസ്റ്റെന്നാണ് രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെട്ടത്.
ഈ തിരഞ്ഞെടുപ്പു ഫലമാണ് ദിശാസൂചകമെങ്കില് മാസങ്ങള്‍ക്കകലെ നില്ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്രമോഡിക്കും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
മധ്യപ്രദേശിലെ തിരിച്ചടിയാണ് ബിജെപിയെ അമ്പരപ്പിക്കുന്നത്. 2003 മുതല്‍ അവര്‍ അവിടെ അധികാരത്തിലുണ്ട്. ഉമാ ഭാരതിയായിരുന്നു ആദ്യം മുഖ്യമന്ത്രി. ഒന്‍പതു മാസത്തോളം അധികാരത്തിലിരുന്ന ഉമയ്ക്കു പകരം പിന്നീട് ബാബുലാല്‍ ഗൗര്‍ വന്നു. 2005 മുതല്‍ ഇന്നുവരെ ശിവരാജ് സിംഗ് ചൗഹാനെന്ന അതികായനാണ് ഭരണത്തലപ്പത്ത്. ഇക്കുറിയും തങ്ങള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ഇവിടെ ബിജെപി. ഇവിടെ അഴിമതിയും ചൗഹാന്റെ താന്‍പോരിമയുമാണ് ബിജെപിക്കു വിനയായത്.
ബിജെപി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പിടിപ്പുകേടുകളും പാളയത്തില്‍ പടയുമാണ് അവരുടെ പതനം ഉറപ്പാക്കിയത്. വസുന്ധര ഇപ്പോഴും താന്‍ ഗ്വാളിയറിലെ രാജ്ഞിയാണെന്ന ഭാവത്തിലാണ്. ഈ ഭാവം സിന്ധ്യയ്ക്കു തിരിച്ചടിയായി.
ഛത്തീസ്ഗഢില്‍ 2003 മുതല്‍ ബിജെപി സര്‍ക്കാരിനെ നയിക്കുന്നത് രമണ്‍ സിംഗായിരുന്നു. മാവോയിസ്റ്റ് പ്രശ്നവും കര്‍ഷകരുടെ പട്ടിണിയും ദാരിദ്ര്യവുമായിരുന്നു സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങള്‍. ഇവയൊന്നും ഫലപ്രദമായി നേരിടാന്‍ രമണ്‍ സിംഗിനായില്ല. എന്നിട്ടും അവര്‍ തിരിച്ചുവരാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്നു. പക്ഷേ, ജനം ചുട്ട മറുപടി കൊടുത്തിരിക്കുകയാണ്.
തെലങ്കാനയില്‍ മഹാസഖ്യം വിലപ്പോവാനിടയില്ലെന്നു നേരത്തേ തന്നെ സൂചയുണ്ടായിരുന്നു. മിസോറമില്‍ ദീര്‍ഘകാലമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം തിരിച്ചടിയാവുമെന്നും നേരത്തേ വിലയിരുത്തലുണ്ടായിരുന്നു. അത് അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു.
ഈ ഫലങ്ങള്‍ ബിജെപിക്കു കനത്ത തിരിച്ചടി തന്നെയാണ് കൊടുത്തിരിക്കുന്നത്. അധികാരത്തില്‍ നിന്നു തൂത്തെറിയപ്പെട്ട അവര്‍ക്ക് ഒരിടത്തും അധികാരം പിടിക്കാനോ നിലനിറുത്താനോ കഴിഞ്ഞില്ല എന്നത് അവരുടെ വരും നാളുകള്‍ ശുഭകരമല്ലെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
ഈ തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് രാമജന്മഭൂമി പ്രശ്നം കത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയത്. അതൊന്നും പക്ഷേ, വിലപ്പോയില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പുതിയ ആയുധങ്ങള്‍ എത്രയും വേഗം കണ്ടെത്താനായാല്‍ മാത്രമേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് എന്തെങ്കിലും സാധ്യതയുള്ളൂ.
Keywords: Counting of votes, Lok Sabha elections, Rajasthan, Madhya Pradesh, Chhattisgarh, Mizoram, Telangana, Congress party, TRS, BJP, MNF, Telangana Rashtra Samithi
COMMENTS