ഹനാന് എന്ന വാക്കിന്റെ അര്‍ത്ഥം കാരുണ്യം എന്നാണ്. സമൂഹത്തിന്റെ കാരുണ്യമാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി എല്ലാ അര്‍ത്ഥത്തിലും ആവശ്യപ്പെടുന്നത് ...
ഹനാന് എന്ന വാക്കിന്റെ അര്‍ത്ഥം കാരുണ്യം എന്നാണ്. സമൂഹത്തിന്റെ കാരുണ്യമാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി എല്ലാ അര്‍ത്ഥത്തിലും ആവശ്യപ്പെടുന്നത്
എസ് ജഗദീഷ് ബാബു
മീന്‍ വില്‍ക്കുന്ന ഹനാന് എന്ന കോളേജ് വിദ്യാര്‍ഥിനിയുടെ ഫോട്ടോയും വാര്‍ത്തയും മാതൃഭൂമി ദിനപത്രത്തിന്റെ കൊച്ചി ലോക്കല്‍ പേജില്‍ വന്നത് ഒറ്റ ദിവസം കൊണ്ട് വൈറലായി.താരമായി മാറിയതോടെ നിശ്ശബ്ദമായി മീന്‍ വിറ്റ് രോഗിയായ അമ്മയെ ചികിത്സിക്കുകയും പ്ളസ് ടുക്കാരനായ അനിയനെ പഠിപ്പിക്കുകയും ചെയ്തിരുന്ന ഹനാന്റെ ജീവിതതാളമാകെ തകിടം മറിഞ്ഞു.
ഈ പ്രായത്തിലുള്ള ഒരു കുട്ടി പുലര്‍ച്ചെ മൂന്നുമണിക്ക് ഉണര്‍ന്ന് പ്രഭാതകര്‍മ്മങ്ങളും കഴിഞ്ഞ് മാര്‍ക്കറ്റിലെത്തി മീന്‍ വിറ്റ ശേഷം കോളേജില്‍ പോകുകയും വൈകിട്ട് മടങ്ങിയെത്തി വീണ്ടും മത്സ്യവില്‍പ്പന നടത്തുകയും ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത് എന്നത് മടിയന്മാരെന്നു മുദ്രകുത്തപ്പെട്ട എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്.
മദ്യപാനിയായ ബാപ്പ കുടുംബം നോക്കാതെയായതോടെയാണ് ഈ കുട്ടിയുടെ മേല്‍ കുടുംബത്തിന്റെ ഭാരം വന്നുപെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഹനാന്റെ ജീവിതം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തി അതോടെ പാന്‍സും ഷര്‍ട്ടും ധരിച്ച് മീന്‍ വില്‍പ്പന നടത്തിയ പെണ്‍കുട്ടിയുടെ വേഷത്തെക്കുറിച്ചായി വിവാദങ്ങള്‍.
എന്തുകൊണ്ട് തലയില്‍ തട്ടമിട്ടില്ല തുടങ്ങിയ വിമര്‍ശനങ്ങളുയര്‍ന്നു.
തെറി വിളിക്കാനും പുലഭ്യം പറയാനും വരെ അനേകം പേര് രംഗത്തിറങ്ങി. മുസ്ലിം കുട്ടിയായിട്ട് എന്തുകൊണ്ട് തട്ടമിട്ടില്ല എന്നതായിരുന്നു മതവാദികളായ ചിലരുടെ വിമര്‍ശനം.
സിനിമയ്ക്ക് വേണ്ടി ചില സിനിമാക്കാരും പത്രക്കാരും ചേര്‍ന്ന് രംഗത്തിറക്കിയതാണ് കുട്ടിയെ എന്നുപോലും ചില മണ്ടന്മാര് ട്രോളുണ്ടാക്കി. ഹരീഷിന്റെ നോവല്‍ വന്നതോടെ മാതൃഭൂമിക്കെതിരെ രംഗത്തിറങ്ങിയ മതമൗലിക വാദികളും ഇത് അവസരമാക്കി. ചുരുക്കത്തില്‍ നിശ്ശബ്ദമായി ജീവിച്ചുകൊണ്ടിരുന്ന ബാലികയുടെ ജീവിതമാണ് ഒറ്റദിവസം കൊണ്ട് വിവാദമായി മാറിയത്.
എന്നാല്‍ കുട്ടി പഠിക്കുന്ന കോളേജ് അധികൃതരും അധ്യാപകരും സഹപാഠികളും ഹനാനിന് പിന്തുണയുമായി രംഗത്തെത്തിയത് ആശ്വാസമാണ്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എം.എം. മണി, കെ.കെ. ഷൈലജ, പ്രൊഫ. രവീന്ദ്രനാഥ്, എ.കെ. ബാലന് തുടങ്ങിയവര്‍ ഹനാനിന് പിന്തുണ അറിയിച്ചു. വനിതാ കമ്മിഷന് അധ്യക്ഷ എംസി ജോസഫൈന് കുട്ടിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
സിനിമാ സംവിധായകനായ അരുണ്‍ഗോപി തന്റെ പുതിയ ചിത്രത്തില്‍ ഹനാനിന് അവസരം നല്‍കുമെന്ന് അറിയിച്ചതാണ് സിനിമാക്കാരുടെ തന്ത്രമാണ് മീന്‍ വില്‍പ്പനയെന്ന പ്രചരണത്തിന് ഇടയാക്കിയത്. സര്‍ക്കാരും പൊലീസ് സംവിധാനവും വേണ്ട സംരക്ഷണം നല്‍കിയില്ലെങ്കില്‍ ഈ ബാലികയ്ക്ക് ഇനിയുള്ള ദിവസങ്ങള്‍ സ്വസ്ഥമായി ജീവിക്കാനാകാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
കോളേജ് അധികൃതരും സര്‍ക്കാരും ഈ കുട്ടിയെയും കുടുംബത്തെയും ഏറ്റെടുത്ത് പഠിപ്പിച്ചില്ലെങ്കില്‍ അധ്വാനിച്ച് ജീവിക്കാനുള്ള അവസരം കൂടി ഈ കുട്ടിക്ക് നഷ്ടപ്പെടും. ശാരീരികമായ പീഡനത്തേക്കാള്‍ ക്രൂരമാണ് മാനസിക പീഡനം. ധരിക്കുന്ന വേഷത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ക്രൂരമാണ്.
ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടപ്പോള്‍ തീവണ്ടിയുടെ ചങ്ങലവലിക്കരുതെന്ന് പറഞ്ഞ യാത്രക്കാരനാണ് ആ കുട്ടിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയത്. ഡല്‍ഹി പെണ്‍കുട്ടി എന്തിന് രാത്രിയില്‍ സഞ്ചരിച്ചു, എന്നായിരുന്നു അന്ന് ചില സദാചാര വാദികള്‍ ചോദിച്ചത്. അത്തരം സദാചാര പൊലീസുകാരാണ് ഇപ്പോള്‍ ഒരു കരുണയും ഇല്ലാതെ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ വേട്ടയാടുന്നത്.
ജീവിക്കാനായി നടത്തിയ ശ്രമം ഇത്രയും വലിയ പുലിവാലായി തീരുമെന്ന് പാവം ഹനാന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ഹനാന് എന്ന വാക്കിന്റെ അര്‍ത്ഥം കാരുണ്യം എന്നാണ്. സമൂഹത്തിന്റെ കാരുണ്യമാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി എല്ലാ അര്‍ത്ഥത്തിലും ആവശ്യപ്പെടുന്നത്.
COMMENTS