Search

ഇമ്രാന്‍ മാന്‍ ഒഫ് ദി മാച്ച്, പക്ഷേ, കളി ഇനിയാണ്


അഭിനന്ദ്


പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കസേയുടെ അടുത്തെത്തി നില്‍ക്കുന്ന മുന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ ഇമ്രാന്‍ ഖാനു മുന്നിലുള്ളതു വെല്ലുവിളികള്‍ മാത്രം

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തോട് അടുക്കുമ്പോള്‍ അയല്‍ ശക്തികളായ ഇന്ത്യയും ചൈനയും സൂക്ഷ്മതയോടെ കാര്യങ്ങള്‍ നോക്കിക്കാണുകയാണ്.

തന്റെ കക്ഷി വിജയിച്ചതായി ഇമ്രാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍, വ്യാപക തിരിമറിയിലൂടെയാണ് ഇമ്രാന്‍ വിജയിച്ചിരിക്കുന്നതെന്നാണ് എല്ലാ കക്ഷികളും ആരോപിക്കുന്നത്. വോട്ടിംഗില്‍ തിരിമറി നടന്നുവെങ്കില്‍ അന്വേഷിക്കാന്‍ താന്‍ തയ്യാറെന്നും ഇമ്രാന്‍ പറഞ്ഞു.

വിജയമുറപ്പിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇമ്രാന്‍ ഇന്ത്യയേയും പാകിസ്ഥാനെയും ഒരുപോലെ പ്രശംസിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ നിന്നു വ്യക്തമാവുന്നത് തുടക്കത്തില്‍ അയല്‍ ശക്തികളെ രണ്ടുപേരെയും പിണക്കാതെയാവും ഇമ്രാന്‍ പോവുകയെന്നാണ്.

പക്ഷേ, ഇന്ത്യയുമായി നീക്കുപോക്കുകള്‍ക്ക് ഇമ്രാനു സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നത് പാകിസ്ഥാനി സേന ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അതുവൈകാതെ ഇമ്രാനു മനസ്സിലാവാനാണ് സാദ്ധ്യത.

തിരഞ്ഞെടുപ്പു വേളയില്‍ സേനയുടെ പിന്തുണ ഇമ്രാനാണെന്നു ആരോപണം വന്നിരുന്നു. പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പു വേളയില്‍ സൈന്യത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ഓരോ പാര്‍ട്ടിയും ശ്രമിക്കാറുണ്ട്. സേനയുടെ പിന്തുണയോടെ ജയിച്ചില്ലെങ്കില്‍ സ്വസ്ഥമായി ഭരിക്കാനുമാവില്ല. പിന്തുണ കിട്ടിയാലും ഭരണം എളുപ്പമല്ല. എല്ലാ കാര്യങ്ങളിലും സേനാ നേതൃത്വം തലയിടും. അവരെ പിണക്കിയാല്‍ കസേര തെറിക്കുകയോ ജയിലിലാവുകയോ അകാലമൃത്യു വരിക്കുകയോ ഒക്കെയായിരിക്കും നേതാവിന്റെ വിധി.ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ പ്രധാന പ്രശനം കശ്മീരാണെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ ഒരു ചുവടു വച്ചാല്‍ പാകിസ്ഥാന്‍ രണ്ടു ചുവടു വയ്ക്കുമെന്നും ഇമ്രാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിനും ഇമ്രാന്‍ പ്രത്യേകം പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഇതേസമയം, ചൈനയുമായുള്ള ബന്ധം പാകിസ്ഥാനെ സംബന്ധിച്ച് അതിപ്രധാനമാണെന്നും ഇമ്രാന്‍ അടിവരയിടുന്നു. ഇതില്‍ നിന്നുതന്നെ അദ്ദേഹം സ്വീകരിക്കാന്‍ പോകുന്ന നയം വ്യക്തമാവും.

ഇനിയും മൊത്തം ഫലം പുറത്തുവന്നിട്ടില്ലെന്നിരിക്കെ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ക്രിക്കറ്റ് താരത്തിന് എത്രമാത്രം സ്വാതന്ത്ര്യം കിട്ടുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഇതുവരെയുള്ള ഫലത്തില്‍ ഇമ്രാന്റെ കക്ഷിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. അതുകൊണ്ടു തന്നെ കൂട്ടുകക്ഷികളെ ആശ്രയിക്കേണ്ടിവരും.

Keywords: Imran Khan, PTI, Pakistan, India, China, Pakistan Electionsvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇമ്രാന്‍ മാന്‍ ഒഫ് ദി മാച്ച്, പക്ഷേ, കളി ഇനിയാണ്