Search

ബദല്‍ സംഘടനയ്ക്കു വരെ ആലോചന പോയി, മോഹന്‍ലാലിനെതിരേ അതിരൂക്ഷ ആക്രമണം, ഒടുവില്‍ ദിലീപിനെക്കൊണ്ടു തന്നെ വിശദീകരണക്കുറിപ്പ് ഇറക്കിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനം

റോയ് പി തോമസ്

കൊച്ചി: സമാന്തര സംഘടനയുണ്ടാക്കാന്‍ വിമതപക്ഷം നീക്കമാരംഭിച്ചതോടെ, ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നയാണ് നടന്‍ ദിലീപ് താരസംഘടനയിലേക്കില്ലെന്നു പ്രഖ്യാപിച്ചതെന്നറിയുന്നു.

അമ്മയില്‍ നിന്നു രാജിവച്ച നടിമാരായ ഭാവന, രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് അവര്‍ പോലും പ്രതീക്ഷിക്കാത്ത പിന്തുണയാണ് കിട്ടിയത്. ഇവര്‍ക്കു പിന്തുണയുമായി നടന്‍ പൃഥ്വിരാജും രംഗത്തു വന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയായി. ഇതോടെയാണ്, ദിലീപിനെക്കൊണ്ടു തന്നെ പ്രസ്താവനയിറക്കി പ്രശ്‌നം പരിഹരിക്കാന്‍ അമ്മ നേതൃത്വം തീരുമാനിച്ചത്.

താരസംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ഇതിന്റെ പേരില്‍ മോഹന്‍ ലാലും വെട്ടിലായി. അദ്ദേഹം ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദം രാജിവയ്ക്കണമെന്നും പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു കൊടുക്കണമെന്നും വരെ ആവശ്യം വന്നു. മോഹന്‍ ലാലിനെതിരേ വിഎസ് അച്യുതാനന്ദന്‍, വൃന്ദ കാരാട്ട്, എന്‍എസ് മാധവന്‍ തുടങ്ങിയവര്‍ അതിശക്തമായ നിലപാടെടുത്തു. സോഷ്യല്‍ മീഡിയയും സൂപ്പര്‍ താരത്തെ പൊരിക്കുകയാണ്.

ദിലീപിനെ തിരിച്ചെടുക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ പാര്‍ട്ടിയും സ്വതന്ത്ര എംപിയും എംഎല്‍എയുമായ ഇന്നസെന്റും മുകേഷും നിലപാട് വ്യക്തമാക്കണമെന്ന് സിപിഎമ്മിലും ആവശ്യമുയര്‍ന്നു. ഇതോടെ, പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും താരസംഘടനയിലേക്കു സമ്മര്‍ദ്ദം പോയി.

പൃഥ്വിരാജിന്റെ നിലപാടിലായിരുന്നു താരസംഘടനയില്‍ പലര്‍ക്കും ആശങ്ക. പക്ഷേ, മോഹന്‍ലാലിനെ വച്ചു സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന പൃഥ്വി, അദ്ദേഹത്തെ കുടുക്കുന്ന വിധം സംസാരിക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇന്നു നടിമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു പൃഥ്വി രംഗത്തു വന്നതോടെ, എതിര്‍ ക്യാമ്പില്‍ ആവേശമായി.

വനിതാ കൂട്ടായ്മയുടെ സ്ഥാപകയെന്നു പറയാവുന്ന മഞ്ജുവാര്യര്‍ മൗനത്തിലായതോടെ, വിമത ചേരി അല്പം ആശങ്കയിലായിരുന്നു. മഞ്ജു തത്കാലം രാജിവയ്ക്കാനില്ലെന്ന് നടി രേവതി ഇന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പൃഥ്വി നിലപാട് വ്യക്തമാക്കിയത്. ഇതോടെ, വേണമെങ്കില്‍ സമാന്തര സംഘടന തന്നെയാവാമെന്ന തരത്തിലും ചര്‍ച്ചകള്‍ പുരോഗമിച്ചു.

കാര്യങ്ങള്‍ ഇത്രത്തോളമെത്തിയതോടെ, ദിലീപിനോടു സ്വയം മാറി നില്‍ക്കാനും വിശദീകരണക്കുറിപ്പിറക്കാനും അമ്മ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ അത്തരമൊരു നീക്കമാണ് സുരക്ഷിതമെന്നു ദിലീപും തിരിച്ചറിഞ്ഞു. ഇതോടെ, തത്കാലം പ്രതിസന്ധി അയയുകയാണ്. പക്ഷേ, രാജിവച്ചു പോയ നടിമാര്‍ സംഘടനയിലേക്കു തിരിച്ചു വരുമോ എന്ന് ഉറപ്പില്ല. തത്കാലം തീയണയുകയാണെങ്കിലും കനലെരിയുമെന്നു തന്നെയാണ് വ്യക്തമാവുന്നത്.

Keywords: Amma, Mohanlal, Dileep, Innocent, Mukeshvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബദല്‍ സംഘടനയ്ക്കു വരെ ആലോചന പോയി, മോഹന്‍ലാലിനെതിരേ അതിരൂക്ഷ ആക്രമണം, ഒടുവില്‍ ദിലീപിനെക്കൊണ്ടു തന്നെ വിശദീകരണക്കുറിപ്പ് ഇറക്കിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനം