Search

പാടം പാഠമാക്കി വിക്ടോറിയ കോളേജിലെ കുട്ടികള്‍


മഴയെ തോല്‍പ്പിച്ച് പാടത്ത് കൃഷിയിറക്കി വിക്ടോറിയയിലെ ഇക്കണോമിക്‌സ് വിഭാഗം കുട്ടികള്‍


സ്വന്തം ലേഖകന്‍

കോരിച്ചൊരിയുന്ന മഴയത്ത് വിക്ടോറിയ കോളേജിലെ അറുപതോളം കുട്ടികള്‍ പാടത്തിറങ്ങി  ഞാറ് പറിക്കുകയും ഒന്നര ഏക്കര്‍ വരുന്ന പാടത്ത് ഞാറ് നടുകയും ചെയ്തു. പാലക്കാട് തിരുവാലത്തൂര്‍ ക്ഷേത്രത്തിനടുത്ത് വിജയകുമാരന്റെ പാടശേഖരത്തിലാണ് വിക്ടോറിയ കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം കുട്ടികള്‍ കൃഷിയിറക്കിയത്.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സഫിയാ ബീവി, ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ബിന്ദു ബാലഗോപാല്‍ തുടങ്ങിയവരും കുട്ടികളോടൊപ്പം പാടത്തിറങ്ങി ഞാറു നട്ടു. കൃഷിക്കായി രൂപീകരിച്ച കര്‍മ്മസേനയുടെ ക്യാപ്റ്റനും അധ്യാപകനുമായ പ്രസാദാണ് കുട്ടികള്‍ക്ക് നേതൃത്വം നല്‍കിയത്. അന്‍പതോളം പെണ്‍കുട്ടികളും പത്ത് ആണ്‍കുട്ടികളും അടങ്ങിയ സംഘമാണ് നെല്ലറയുടെ നാട്ടില്‍ പുതിയ തുടക്കം കുറിച്ചത്. തരിശ്ശിട്ടിരിക്കുന്ന പാടങ്ങളിലും പറമ്പുകളിലും കൃഷിയിറക്കാന്‍ വഴിയില്ലാത്ത കര്‍ഷകരെ സഹായിക്കുകയാണ് കര്‍മ്മസേനയുടെ ലക്ഷ്യം.

ഹൃദ്രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായ കര്‍ഷകന്‍ വിജയകുമാരന് കൃഷി ഇറക്കാന്‍ കഴിയാതെ വന്ന വിവരമറിഞ്ഞാണ് അധ്യാപകരും കുട്ടികളും അടങ്ങിയ സംഘം ഇന്ന് രാവിലെ കൊടുമ്പ് പഞ്ചായത്തിെല തിരുവാലത്തൂരില്‍ എത്തിയത്.
പച്ചക്കുപ്പായവും പച്ചത്തൊപ്പിയും അണിഞ്ഞ കുട്ടികള്‍ കൊടുമ്പ് ജംഗ്ഷനില്‍ ബസ് ഇറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് പാടശേഖരത്തില്‍ എത്തിയത്. രാവിലെ പത്തു മണിയോടെ ആരംഭിച്ച ഞാറുപറിക്കല്‍ ഉച്ചയോടെ പൂര്‍ത്തിയായി ഇതിനിടയില്‍ കര്‍ഷകന്റെ വീട്ടില്‍ നിന്ന് നല്‍കിയ കട്ടന്‍ചായയും കുടിച്ച് കറ്റക്കെട്ടുകളുമായി അടുത്ത പാടത്തേക്ക് കൂട്ടമായി നീങ്ങി. പിന്നീട്  നാട്ടുകാരായ കര്‍ഷകത്തൊഴിലാളികള്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് ഞാറ് നടാന്‍ തുടങ്ങി.

തിരുവാലത്തൂര്‍ ഗ്രാമത്തിലെ നാട്ടുകാരെല്ലാം കുട്ടികളുടെ കൃഷി കാണാനായി പാടത്തിന് ചുറ്റും കൂടി. ആദ്യമായി മണ്ണിലും ചെളിയിലും പാടത്തും ഇറങ്ങിയ കുട്ടികള്‍ വളരെ വേഗത്തിലാണ് ഞാറ് നടീല്‍ നടത്തിയത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം കാര്‍ഷികോദ്പാദനമാണെന്ന് പഠിക്കാറുണ്ടെങ്കിലും കൃഷി ചെയ്യാനോ കര്‍ഷകരെ ബഹുമാനിക്കാനോ പുതിയ തലമുറയ്ക്ക് അറിയില്ല. തീന്‍മേശയില്‍ എത്തുന്ന ചോറ് കഴിക്കാതെ തട്ടിക്കളയുന്ന പുതിയ തലമുറ ആദ്യമാായണ് മേശപ്പുറത്തെത്തുന്ന ചോറുണ്ടാക്കാന്‍ കര്‍ഷകര്‍ നടത്തുന്ന അത്യധ്വാനത്തിന്റെ വിലയറിഞ്ഞത്. ഞാറ് നടുന്നതിനിടയില്‍ അവര്‍ പരസ്പരം പറയുന്നത് കേള്‍ക്കാന്‍ കൗതുകം തോന്നി. ഇനി ഞങ്ങള്‍ ഒരു ചോറു പോലും തട്ടിക്കളയില്ല- ഇതായിരുന്നു പെണ്‍കുട്ടികളുടെ പറച്ചില്‍.

ആണ്‍കുട്ടികളാകട്ടെ മറ്റൊരു കാര്യമാണ് പരസ്പരം ചര്‍ച്ച ചെയ്തത്. ജോലി ഒന്നും കിട്ടിയില്ലെങ്കിലും മണ്ണില്‍ പണിയെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്ന കുട്ടികള്‍ക്ക് ജീവിതത്തില്‍ ആദ്യമായി കര്‍ഷകന്റെ അധ്വാനത്തിന്റെ വില തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം.

വിക്ടോറിയ കോളേജിലെ ഇക്കണോമിക്‌സ് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പച്ചക്കറി കൃഷി കാമ്പസില്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിഷവെടുപ്പില്‍ 20,000 രൂപയോളം കുട്ടികള്‍ക്ക് പച്ചക്കറി വില്‍പ്പനയിലൂടെ ലഭിച്ചു. ആ വരുമാനമാണ് കൃഷി ക്യാമ്പസിന് പുറത്തേക്കും എന്തുകെണ്ട് ആയിക്കൂടാ എന്ന ആശയത്തിന് ഇടയാക്കിയത്. കാര്‍ഷിക പാരമ്പരിയമുള്ള അധ്യാപകനായ പ്രസാദ് കുട്ടികളുടെ ആവശ്യം കോളേജ് കൗണ്‍സിലില്‍ അറിയിക്കുകയും പ്രിന്‍സിപ്പല്‍ അംഗീകരിക്കുകയും ചെയ്തു. പത്രവാര്‍ത്തയിലൂടെ വിവരമറിഞ്ഞ് നൂറ് കണക്കിന് കര്‍ഷകരാണ് കുട്ടികളുടെ സേവനത്തിനായി കോളേജുമായി ബന്ധപ്പെടുന്നത്.


ഉച്ചകഴിഞ്ഞ് നടീല്‍ പകുതിയോളം ആയപ്പോഴാണ് കുട്ടികള്‍ തന്നെ രാവിലെ ആരംഭിച്ച പാചകപരിപാടി പൂര്‍ത്തിയായത്. കഞ്ഞിയും പയറും വയ്ക്കാനായി നാല് കുട്ടികളെ സംഘം ചുമതലപ്പെടുത്തിയിരുന്നു. കഞ്ഞിയും പയറും ആര്‍ത്തിയോടെ കഴിക്കുന്നതിനിടയിലാണ് പാലക്കാടന്‍ മഴ കോരിച്ചൊരിഞ്ഞത്.

മഴവെള്ളവും കഞ്ഞിയും ഒപ്പം അകത്താക്കി കുട്ടികള്‍ വീണ്ടും പണി തുടര്‍ന്നു. വൈകുന്നേരം അഞ്ച് മണിയോടെ ഭംഗിയായി നടീല്‍ പൂര്‍ത്തിയാക്കി കര്‍മ്മസേന കാല്‍നടയായി കൊടുമ്പ് ജംഗ്ഷനിലേക്ക് തിരിച്ചെത്തി ബസുകളില്‍ വീടുകളിലേക്ക് മടങ്ങി. അധ്യാപകരായ ഡോ. പാര്‍വ്വതി, ഡോ. ജിഷ, ഡോ. ജീജ, മോഹന്‍ദാസ് തുടങ്ങിയവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.

Keywords: Victoria College, Palakkadu, Economics Department
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പാടം പാഠമാക്കി വിക്ടോറിയ കോളേജിലെ കുട്ടികള്‍