Search

Minister for SEX

മിസ് എദൽ മീറ ബെരിയേറ

ജോർജ് മാത്യു

നാം വസിക്കുന്ന ഭാരതത്തിൽ ഏഴ് മുതൽ എഴുപതോ അതിന് മുകളിലോ ഉള്ള പെൺകുട്ടികളും സ്‌ത്രീകളും  സുരക്ഷിതരല്ല എന്നാണ് അനുദിനം നമ്മെ അലോസരപ്പെടുത്തുന്ന വാർത്തകൾ. സ്‌ത്രീയും പുരുഷനും രണ്ട്  ധ്രുവങ്ങളിൽ നില്ക്കേണ്ടവരാണെന്നും, അവരുടെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടേണ്ടതാണെന്നും ഒരു പൊതുധാരണ ഒന്നു രണ്ട് പതിറ്റാണ്ടുകളായി ഇവിടെ പ്രബലപ്പെട്ടിരിക്കുന്നു. പൊതു ഇടങ്ങൾ നിരന്തരം സദാചാര പൊലീസുകാരുടെ നിരീക്ഷണങ്ങളിൽ അകപ്പെട്ടിരിക്കുന്നു. അങ്ങനെ ചുരുങ്ങി ചുരുങ്ങി വരുന്ന, ഒരു 'നൈസർഗ്ഗീകത"യുടെ ഉന്മൂലമാണ് മേല്പറഞ്ഞ ഏഴിനും എഴുപതിനും സ്വൈര്യമില്ലാത്ത അവസ്ഥയിലേക്ക് നമ്മളെ കൊണ്ടെത്തിച്ചത് എന്നാണ് എന്റെയൊരു ഊഹം!

ഈ പശ്ചാത്തലത്തിലാണ് മുകളിൽ നൽകിയിരിക്കുന്ന 'തലക്കെട്ടി"ന്റെ പ്രസക്തി. സംഭവം സ്പെയ്‌നിലാണ്. ദി സൺ  (The Sun) ദിനപത്രത്തിൽ വന്ന വാർത്തയാണ്. സ്പാനിയാർഡുകൾ ലൈംഗികതയിൽ വിമുഖരായി വരുന്നു, ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ കൂട്ടിലടച്ച അംഗീകൃത കുടുംബ ലൈംഗികതയിൽ. അവരുടെ വ്യക്തിജീവിതം, കുടുംബത്തിന്  പുറത്ത്, പാതിരാവോളം നീളുന്ന അത്താഴ സൗഹൃദങ്ങളിലും മറ്റു കൂട്ടായ്മകളിലും ആയി ഒതുങ്ങുന്നു.

പാതിരാവിൽ കൂടണയുന്നത് ഒന്ന് വിശ്രമിക്കാനായി മാത്രം! ഇത് സ്‌ത്രീയ്ക്കും പുരുഷനും ഒരേ തോതിൽ തന്നെ. സ്‌ത്രീകളാകട്ടെ, തങ്ങളുടെ യൗവ്വനം 35 വയസ് വരെയെങ്കിലും നീട്ടിക്കൊണ്ട് പോകാൻ താത്‌പര്യപ്പെടുന്നു. 'പ്രസവം" എന്നത് അവരുടെ അജൻഡയിലെ അവസാനത്തെ നിർബന്ധമാണ്. ശരാശരി 32 വയസിന് മുൻപ് 'പ്രസവം" ഇല്ല. 1.3 ആണ് ശരാശരി ജനസംഖ്യാ വർദ്ധന. അതായത് ഒരു ദമ്പതിക്ക് 1.3 കുട്ടികൾ (യൂറോപ്പിലെ പൊതുവായ നിരക്ക് 1.58 ആണ്). 1977ൽ പതിനഞ്ച് ലക്ഷം പേരാണ് 'കുട്ടികൾ" വേണ്ടാ എന്ന്  തീരുമാനിച്ചതെങ്കിൽ, 2015ൽ അത് 44 ലക്ഷമായി വർദ്ധിച്ചു. ചുരുക്കത്തിൽ ജനസംഖ്യയുടെ തോത് തുലോം കുറഞ്ഞിരിക്കുന്നു.

സ്കാൻഡിനേവിയൻ  രാജ്യങ്ങളിലെ  ജനസംഖ്യ കുറവ് കുപ്രസിദ്ധമാണല്ലോ. ജീവിതം ഒന്നേ ഉള്ളൂ എന്നും അത്  ആവുന്നത്ര ആസ്വദിക്കുക എന്നതുമാണ് വ്യക്തിയുടെ പരമമായ ലക്ഷ്യം അവിടെ. കൂട്ടായ്മകൾ, യാത്രകൾ, വായന,  പുതിയ പുതിയ സാഹചര്യങ്ങൾ എന്നിവ  നിർലോഭം ആസ്വദിക്കുവാൻ 'കുടുംബം" എന്ന വ്യവസ്ഥാപിത ജീവിതക്രമം വിഘാതമാവുന്നു. കുടംബത്തിന്റെ ഏറ്റവും വലിയ 'ദൗർബല്യം" കുട്ടികൾ ആണെന്നും അവർ കരുതുന്നു. അതിനാൽ 'മിൽമാ പാൽ സുലഭമായിരിക്കേ ഒരു പശുവിനെ എന്തിനാണ് വീട്ടിൽ വളർത്തുന്നത്"" എന്ന മലയാളിയുടെ ന്യായം അവർ കുട്ടികളുടെ കാര്യത്തിലും സ്വീകരിക്കുന്നു. അത്യാവശ്യമാണെങ്കിൽ ഒരു കുട്ടിയെ 'ദത്തെടുക്കാ"നാണ് അവർക്ക് കൂടുതൽ താത്‌പര്യം എന്ന് ചുരുക്കം!
ഈ (ഗുരുതരമായ) സാഹചര്യത്തിലാണ് സ്പാനിഷ്‌ ഗവൺമെന്റ് ഒരു സ്‌ത്രീയെ തന്നെ - മിസ് എദൽ മീറ ബെരിയേറ - Ms Edelmira Barreira) ലൈംഗീക കാര്യങ്ങൾക്കുള്ള മന്ത്രി -  Minister  for SEX - ആയി നിയമിച്ചിരിക്കുന്നത്. സ്പാനിഷ് ജനതയുടെ 'ലൈംഗികത"യെ തിരിച്ച് പിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ശ്രീമതിയിൽ നിക്ഷിപ്തമായിരിക്കുന്നത്. ലൈംഗികത ഒരു സഞ്ചിത നിക്ഷേപമാണെന്നും അതിന്റെ ഡിവിഡന്റാണ്  'പിൻതലമുറ"യെന്നും ബോദ്ധ്യപ്പെടുത്തേണ്ട ചുമതല!

പൊതുവിടങ്ങൾ കുറയ്ക്കുക എന്ന നടപടിക്ക് ഏദൽ മിറ തുനിയുമോ? സാദ്ധ്യത തീരെയില്ല. മറ്റു യൂറോപ്യൻ രാജ്യങ്ങളിലെന്നപോലെ 'കുട്ടികൾ" കൂടുതൽ അമൂല്യസമ്പത്താണെന്ന ബോധവത്‌കരണമാവാം അവരുടെ പരിശ്രമം!

പൊതുവിടങ്ങൾ മൊത്തമായും ചില്ലറയായും നഷ്ടപ്പെട്ട നമ്മൾ അസൂയയോടെ കാതോർക്കാം!

ലേഖകന്റെ ഫോണ്‍: 98479 21294vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “Minister for SEX