Search

മോഡിയെ നേരിടാന്‍ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മാധ്യമപ്രവര്‍ത്തകരോടല്ല, മാധ്യമ കോര്‍പ്പറേറ്റുകളോടാണ് എതിര്‍പ്പ്


എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വൈഗ ന്യൂസിനോടു സംസാരിക്കുന്നു

അഭിമുഖം:  എ വിജയരാഘവന്‍ 

കേരള രാഷ്ട്രീയത്തില്‍ അടുത്തിടെ നാം കണ്ട വലിയ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും കാരമായത്, പരോക്ഷമായെങ്കിലും, എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറായി വന്നതാണ്. ഇടതു പക്ഷ രാഷ്ട്രീയത്തിലെ, കറപുരളാത്ത വ്യക്തിത്വത്തിനുടമയും ദീര്‍ഘ വീക്ഷണവുമുള്ള നേതാവാണ് വിജയരാഘവന്‍.

വിജയരാഘവന്‍ കണ്‍വീനറായി വന്നതോടെയാണ്, പ്രതിപക്ഷത്തും കരുത്തുള്ള ഒരു കണ്‍വീനര്‍ വേണമെന്ന ചര്‍ച്ച വന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു, വര്‍ഷങ്ങളായി കസേരകളില്‍ അള്ളിപ്പിടിരിക്കുന്നവരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ പരസ്യമായി ആവശ്യമുന്നയിച്ചത്. അതു പിന്നെ വലിയ കലാപത്തിലേക്കു വളരുന്ന കാഴ്ചയാണ് കാണാനായത്. പരോക്ഷമായി വിജയരാഘവന്റെ സ്ഥാനലബ്ധി തന്നെയായിരുന്നു ആ മാറ്റത്തിനു കാരണമായത്.

ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതികൂല സാഹചര്യങ്ങളെ മുറിച്ചുകടന്ന നേതാവാണ് എ. ിജയരാഘവന്‍. ഏതു പ്രതിസന്ധി ഘട്ടത്തിലും നിറഞ്ഞ ചിരിയുമായി നില്‍ക്കാന്‍ കഴിയുന്നു അദ്ദേഹത്തിന്.

ബാല്യത്തില്‍ തന്നെ വീടുവിട്ട് അടിമപ്പാളയത്തില്‍ ജോലി ചെയ്യേണ്ടിവന്ന മറ്റൊരു നേതാവ് കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകാനിടയില്ല. പിന്നീട് ബേക്കറി തൊഴിലാളിയായും വക്കീല്‍ ഗുമസ്തനായും പണിയെടുക്കുന്നതിനിടയിലാണ് കോളേജ് വിദ്യാഭ്യാസം നടത്തിയത്.

മലപ്പുറം ജില്ലയിലെ സീനിയറായ അഭിഭാഷകന് ചായയുമായി എത്തുന്ന ബേക്കറി തൊഴിലാളിയോട് തോന്നിയ സ്‌നേഹത്തിന്റെ ഫലമായിരുന്നു വിജയരാഘവന് കാളേജ് വിദ്യാഭ്യാസവും തുടര്‍ന്നുള്ള വിദ്യാര്‍ഥി രാഷ്ട്രീയവും. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എ. പാസായ വിജയരാഘവന്‍ തന്റെ സീനിയറിനെപ്പോലെ അഭിഭാഷകനാകാനായി എല്‍.എല്‍.ബി. ബിരുദവും നേടി.

ഇതിനിടയില്‍ എസ്.എഫ്.ഐ.യുടെ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ.യുടെ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും എത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ആദ്യമായി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്.

1989 ല്‍ പാലക്കാട് പാര്‍ലമെന്റും സീറ്റും സ്ഥിരമായി വിജയിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വി.എസ്. വിജയരാഘവനെ തോല്‍പ്പിച്ചുകൊണ്ടാണ് വിജയന്‍ പാര്‍ലമെന്റിലെത്തുന്നത്.

നാല് പ്രാവശ്യം പാലക്കാട് എം.പി. ആയിരുന്ന വി.എസ്. വിജയരാഘവനെ തോല്‍പ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് കുത്തകയായിരുന്ന മണ്ഡലം അങ്ങനെയാണ് സി.പി.എമ്മിന് ലഭിക്കുന്നത്. പിന്നീട് എന്‍.എന്‍. കൃഷ്ണദാസും എം.ബി. രാജേഷും ഉള്‍പ്പെടെയുള്ള പിന്‍ഗാമികള്‍ പാലക്കാട് സീറ്റ് നിലനിര്‍ത്തി.

സി.പി.എമ്മിന്റെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായിരുന്ന വിജയരാഘവന്‍ കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.ബി.യില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കിലും വര്‍ഷങ്ങളായി സി.പി.എമ്മിന്റെ ദേശീയ നേതാക്കളില്‍ ഒരാളാണ് കര്‍ഷകത്തൊഴിലാളി നേതാവ് കൂടിയായ വിജയരാഘവന്‍.

പത്തു കൊല്ലം രാജ്യസഭാംഗമായിരുന്ന ഘട്ടത്തില്‍ യു.എന്നിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിലും അംഗമായിരുന്നു. രാജ്യസഭയില്‍ സി.പി.എമ്മിന്റെ ലീഡറുമായിരുന്നു.

സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഇടയിലെ കണ്ണിയായി പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്ക് കഴിയണം. ഘടകകക്ഷികളെ ഏകോപിപ്പിക്കാനും നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിന് ശരിയായ ദിശയില്‍ നയിക്കാനും ഇടതുമുന്നണിക്ക് കഴിയണം. കുറേക്കാലമായി നിര്‍ജ്ജീവമായിരുന്ന ഇടതുമുന്നണിയെ ശക്തിപ്പെടുത്തി എല്ലാ ഘടകകക്ഷികളേയും കൂട്ടി യോജിപ്പിച്ച് സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള ദൗത്യമാണ് സി.പി.എം. എ.വിജയരാഘവനെ ഏല്‍പ്പിച്ചിരിക്കുന്നത്.

ചെങ്ങന്നൂരിലെ ചരിത്രവിജയത്തിന് പിന്നാലെ സി.പി.എം. എടുത്തിരിക്കുന്ന ഈ തീരുമാനം പാര്‍ട്ടി അണികളില്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്. മന്ത്രിസഭാ തലത്തിലും വരും ദിവസങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

കാഴ്ചപ്പാടുകളും നിലപാടുകളും പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ വൈഗ ന്യൂസുമായി പങ്കുവയ്ക്കുന്നു.

? ചെങ്ങന്നൂര്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്...

* കേരളം എല്ലാ അര്‍ത്ഥത്തിലും ഒരു ടേണിംഗ് പോയിന്റിലാണ്. ആദ്യ കമ്മ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ കേരള രാഷ്ട്രീയം വലിയൊരു മാറ്റത്തിനു വിധേയമായിരുന്നു. ആ സര്‍ക്കാരിന്റെ കാലത്ത് കേരളം കമ്മ്യൂണിസ്റ്റുകളെന്നും  കമ്മ്യൂണിസ്റ്റു വിരുദ്ധരെന്നും തിരിക്കപ്പെട്ടു. അതിന്റെ അനുരണനങ്ങള്‍ പില്‍ക്കാല രാഷ്ട്രീയത്തില്‍ നമുക്കു വായിച്ചെടുക്കാനാവും.

പിന്നീട് 1987 ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഏതാണ്ട് ഒറ്റയ്ക്കു വന്നു. പിന്നീട് ബിജെപി സ്വഭാവമുള്ള വോട്ടുകള്‍ പലപ്പോഴും യുഡിഎഫ് അനുകൂലമായി പോകുന്ന കാഴ്ചയായിരുന്നു. അപ്പോഴും യുഡിഎഫിന് ന്യൂനപക്ഷോ വോട്ടുകള്‍ വളരെ കൃത്യമായി യുഡിഎഫിന്റെ പെട്ടിയില്‍ പോയിരന്നു. ഒരു വശത്തു മുസ്ലിം ലീഗു പോലുള്ള പാര്‍ട്ടികളെയും മറുവശത്ത് ക്രിസ്റ്റിയന്‍ അനുകൂല കക്ഷികളെയും ലാളിച്ചുകൊണ്ട് കോണ്‍ഗ്രസ് വോട്ടു ബാങ്ക് സുരക്ഷിതമാക്കി വച്ചിരുന്നു.

1992 ആകുന്നതോടെ കഥ മാറുകയാണ്. അവരുടെ മുസ്ലിം വോട്ടുബാങ്കിന്റെ അടിത്തറ ഇളക്കിയ സംഭവമായിരുന്നു ബാബറി മസ്ജിദ് പൊളിച്ചത്. അതില്‍ പിന്നെ കണക്കുകള്‍ വ്യക്തമായി നോക്കിയാല്‍ മലപ്പുറം ജില്ലയില്‍ രണ്ടു ലക്ഷത്തോളം വോട്ട് ഇടതു പക്ഷത്തിന് അധികം കിട്ടിയതായി വ്യക്തമാകും.

ആ സ്ഥിതിയും മാറുകയാണ്. 50 വര്‍ഷമായി വലതുപക്ഷം ഹൃദയഭൂമിയായി വച്ചിരുന്ന ഭൂമികയിലാണ് സജി ചെറിയാന്‍ അതി ഗംഭീരവിജയം നേടിയിരിക്കുന്നത്. ഇത്  കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അടിത്തറ ഇളക്കിയിരിക്കുന്നു.

? ഇപ്പറഞ്ഞ കാര്യങ്ങള്‍ മലബാറിന്റെ പശ്ചാത്തലത്തിലും നോക്കിക്കാനാവുമോ...

* മാര്‍ക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് എന്തു വലിയ വിട്ടുവീഴ്ചയാണ് നടത്തുന്നതെന്ന് മലബാറിലെ സീറ്റു വിഭജന കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകും. 23 സീറ്റില്‍ പതിനേഴും ലീഗിനാണ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് വെറും ആറു സീറ്റു മാത്രം. അതില്‍ ഒന്ന് എപി അനില്‍ കുമാറിന്റെ സംവരണ സീറ്റാണ്. അവിടെ ലീഗിന് മത്സരിക്കാന്‍ പറ്റില്ല. മറ്റൊന്ന് ബത്തേരിയിലെ ട്രൈബല്‍ സീറ്റാണ്. അതും ലീഗിനു മത്സരിക്കാനാവത്തതുകൊണ്ടു വിട്ടുകിട്ടിയെന്നു പറയാം. പിന്നെ മലബാറില്‍ കോണ്‍ഗ്രസിനുള്ളത് കേവലം നാലു സീറ്റു മാത്രമെന്നു പറയാം. അധികാരത്തിനായി ഏതു തരത്തിലെ കീഴടങ്ങലിനും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറെന്നാണ് ഇതില്‍ നിന്നു വായിച്ചെടുക്കാനാവുന്നത്.

കോണ്‍ഗ്രസ് സറണ്ടറിനു മാത്രമുള്ള പാര്‍ട്ടിയായി മാറിയിരിക്കുന്നു. മദ്ധ്യ തിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസിലെ ഒരു പീസായ മാണിക്കു സറണ്ടര്‍ ചെയ്തു. മാണിക്കു വേണ്ടിയെന്നും പറയാനാവില്ല. മാണിയുടെ മകനു വേണ്ടി കീഴടങ്ങിക്കൊടുത്തിരിക്കുന്നു.

? പാലയില്‍ നടന്ന അട്ടിമറി കേരള രാഷ്ട്രീയത്തിനു ഗുണകരമാവുമോ...

* മാണി, ഉമ്മന്‍ ചാണ്ടി, പിജെ ജോസഫ് തുടങ്ങിയവരുടെ മക്കളുടെ വരവിന് വഴിയൊരുക്കാനുള്ള കീഴടക്കം കൂടിയാണ് പാലായില്‍ നടന്നത്. കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ തന്ന മാറുന്നുവെന്നാണ് മനസ്സിലാവുന്നത്. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ പിജെ ജോസഫിന്റെ മകനു രംഗപ്രവേശം ഉറപ്പാക്കാന്‍ കൂടിയാണ് മാണിയുടെ മകന് രാജ്യസഭയില്‍ പോകാന്‍ ജോസഫ് കൈപൊക്കി വാതില്‍ തുറന്നുകൊടുത്തത്. മാണിയുടെ പൊളിറ്റിക്കല്‍ ബാര്‍ഗെയിനിംഗിന് കോണ്‍ഗ്രസ് കീഴ്‌പ്പെടുന്നു. ഇതെല്ലാം മലയാളി കണ്ടുകൊണ്ടിരിക്കുകയാണെന്ന് അവര്‍ ഓര്‍ക്കുന്നില്ലെന്നു തോന്നുന്നു.

മതന്യൂനപക്ഷം എന്നും വോട്ടു ചെയ്തു രക്ഷിക്കുമെന്നാണ് ഇവരുടെ തോന്നല്‍. അതു വെറുതേയാണ്. അതിന്റെ തെളിവാണ് ചെങ്ങന്നൂരില്‍ സജി ചെറിയാനു കിട്ടിയ അമ്പരപ്പിക്കുന്ന ഭൂരിപക്ഷം. പാര്‍ട്ടി ഫാമിലി പ്രോപ്പര്‍ട്ടിയാക്കിവച്ച് എന്നും വാഴാമെന്നാണ് പ്രതീക്ഷ.

മാണിക്കു കീഴടങ്ങിക്കൊടുത്തിട്ട്, സ്വന്തം പാര്‍ട്ടിയുടെ യോഗത്തെ അഭിമുഖീകരിക്കാനാവാതെ ഉമ്മന്‍ ചാണ്ടി ഹൈദരാബാദിലേക്കു രക്ഷപ്പെട്ടു. പകരം ലഫ്റ്റനന്റുമാരെ യോഗത്തിനയച്ചു. രമേശ് ചെന്നിത്തലയാകട്ടെ ന്യായമൊന്നും പറയാതെ, പറ്റിപ്പോയെന്നുപറഞ്ഞു കീഴടങ്ങി.

പോസ്റ്റ് കരുണാകരന്‍ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടക്കം ഇപ്പോഴല്ല.
അഞ്ചാം മന്ത്രിയെ കൊടുത്തുകൊണ്ട് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന് ഉണ്ടാക്കിക്കൊടുത്ത തിരിച്ചടിയുടെ ബാക്കിപത്രമാണ് ഇപ്പോഴും പല പ്രശ്‌നങ്ങളായി ആ പാര്‍ട്ടിയെ ബാധിച്ചുകൊണ്ടിരിക്കുന്നത്.

? സംസ്ഥാന വികസന കാര്യത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടെന്താണ്...

* കേരളം നേരിടുന്ന മൗലിക പ്രശ്‌നങ്ങള്‍ക്കായി ഇപ്പോഴത്തെ പ്രതിപക്ഷം ഭരണപക്ഷത്തായിരുന്നപ്പോള്‍ എന്തു ചെയ്തു എന്നൊരു ചോദ്യം കൂടി ചോദിച്ചോട്ടെ. അഞ്ചു വര്‍ഷം അവര്‍ കേരള വികസനത്തെ മരവിപ്പിച്ചു വയ്ക്കുകയായിരുന്നു. ഏതു വര്‍ഗീയ ശക്തിയുമായും കൂട്ടുകൂടുന്നതിന് ഒരു മടിയും കാട്ടാതെ, അപ്പപ്പോഴത്തെ കാര്യസാദ്ധ്യത്തിനു മാത്രമായി പാര്‍ട്ടിയെയും മുന്നണിയേയും ഉപയോഗിച്ചു. അതിന്റെ നഷ്ടം കേരളത്തിന്റെ പൊതുസമൂഹത്തിനു കൂടിയായിരുന്നു.

ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു പതിച്ചുകൊടുക്കുകയും വിഴിഞ്ഞം അദാനിക്കു തീറെഴുതിക്കൊടുക്കുകയുമൊക്കെയല്ലാതെ ആ സര്‍ക്കാരിന്റെ നേട്ടങ്ങളെന്നു പറയാന്‍ എന്തുണ്ടായിരുന്നു? വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ പ്രശ്‌നം തുടങ്ങിയ അടിയന്തര അത്യാവശ്യങ്ങള്‍ പോലും ശ്രദ്ധിച്ചില്ല ആ സര്‍ക്കാര്‍. അരിഞ്ച് റോഡുണ്ടാക്കിയില്ല. അടിസ്ഥാന സൗകര്യമൊന്നും തന്നെ വികസിപ്പിച്ചില്ല.

അധികാരം പണമുണ്ടാക്കാനുള്ള വഴി മാത്രമായിരുന്നു അവര്‍ക്ക്. ജീര്‍ണത ബാധിച്ചൊരു സംസ്‌കാരം ഇവിടെ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്കായി. സ്ത്രീകളോടു മോശമായി പെരുമാറുന്നതില്‍ ഒരു തെറ്റുമില്ലെന്നു ധാരണപോലുമുണ്ടാക്കി അക്കാലത്തെ ഭരണസംവിധാനം.

ഇന്നത്തെ സ്ഥിതി അതല്ല. കേരളം ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയത്തിലുണ്ട്. കാര്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറയുന്ന ഒരു മുഖ്യമന്ത്രി ഇവിടെയുണ്ട്. നരേന്ദ്ര മോഡി മുസ്ലിങ്ങളെ അടിക്കാമെന്നു പറഞ്ഞാല്‍, അതു നടപ്പില്ലെന്നു നട്ടെല്ലോടെ പറയുന്ന ഒരു മുഖ്യമന്ത്രി ഇവിടെയുണ്ട്.

? ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ ഇടതു പക്ഷത്തിന്റെ റോള്‍ എന്താണ്...

* ഇടതു പക്ഷത്തിനു മാത്രമാണ് എല്ലാവരോടും ഒരേ മനോഭാവത്തോടെ പെരുമാറാന്‍ കഴിയുന്നത്. ഫരീദാബാദില്‍ ട്രെയിനിലിട്ട് ക്രൂരമായി കുത്തിക്കൊന്ന ജുനൈദിന്റെ സഹോദരന്‍ അസമിനെ കേരളത്തിലേക്കു കൊണ്ടുവന്നു സിപിഎം സംരക്ഷിച്ചു. അതിന്റെ പേരില്‍ ഒരു അവകാശവാദത്തിനും ഞങ്ങള്‍ പോയില്ല. കേരളത്തിലെ പള്ളിയില്‍ അവന്‍ സുരക്ഷിതമായി നോമ്പുകാലത്ത് പ്രാര്‍ത്ഥിച്ചു. തിരിച്ചു പോയപ്പോള്‍ അവര്‍ക്ക് വീടുവയ്ക്കാന്‍ ഇടതു പ്രസ്ഥാനങ്ങളാണ് പണം പിരിച്ചു കൊടുത്തത്. ഇതൊരു സര്‍ക്കാരില്‍ മറു നാട്ടുകാര്‍ക്കു പോലുമുള്ള വിശ്വാസം രേഖപ്പെടുത്തല്‍ കൂടിയാണ്. ദളിതുകളും ന്യൂനപക്ഷങ്ങളും മറ്റു പലേടത്തും ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്കു സുരക്ഷിതമായി കഴിയാവുന്ന ഏക സ്ഥലമായി കേരളം മാറുന്നു. പണമുണ്ടാക്കുകയല്ല, അടിസ്ഥാന വര്‍ഗത്തിന് സുരക്ഷ ഉള്‍പ്പെടെ കൊടുക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

? സദാചാരത്തിന്റെ പേരില്‍ കേരളത്തിലും കൊലപാതകങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാട് എന്താണ്...

* പെണ്ണ് ആണിനൊപ്പം പോകുന്ന വിഷയം എല്ലാക്കാലത്തും ഉള്ളതാണ്. ഒരു പരിധിക്കപ്പുറം സര്‍ക്കാരിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന് നിയമസമാധാനം ഉറപ്പാക്കുന്ന റോള്‍ മാത്രമാണുള്ളത്.

ആ കുടുംബത്തെ ഒരിക്കലും സര്‍ക്കാര്‍ കൈയൊഴിയില്ലെന്ന് ഇതിനകം വ്യക്തമായില്ലേ. അവരുടേത് പാര്‍ട്ടി ഫാമിലിയാണ്. പാര്‍ട്ടിക്കും അവരെ കൈയൊഴിയാനാവില്ല. ആ
പെണ്‍കുട്ടിയെക്കൊണ്ട് പാര്‍ട്ടിക്കെതിരേ സംസാരിപ്പിക്കാന്‍ ചാനലുകള്‍ അടക്കം ശ്രമിച്ചല്ലോ. എന്നിട്ടെന്തായി. ആ പെണ്‍കുട്ടിയെ സര്‍ക്കാര്‍ കാത്തുരക്ഷിക്കും. ഇതൊരു സിവില്‍ പ്രശ്‌നമാണ്. ആ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ പ്രതികളെ പുറത്തെത്തിക്കുകയും പെണ്‍കുട്ടിയെ മെന്റല്‍ ട്രേമായില്‍ നിന്നു രക്ഷിക്കുകയുമാണ് പ്രധാനം.

? സിപിഎമ്മിനും മാധ്യമങ്ങള്‍ക്കുമിടയില്‍ ഇത്രയും അകലം വരാന്‍ കാരണമെന്താണ്...

* മാധ്യമങ്ങളുമായി പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഒരുവിധ എതിര്‍പ്പുമില്ല. പക്ഷേ, നിങ്ങള്‍ പറയുന്നതുപോലെ, മാധ്യമങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ എളുപ്പം പരിഹരിക്കാവുന്നതുമാല്ല. കാരണം, പത്രത്തിന്റെ മുതലാളിയുടെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട തൊഴിലാളികളാണ് ജേര്‍ണലിസ്റ്റുകള്‍. മുതലാളി കൊടുക്കുന്ന അജന്‍ഡ നടപ്പാക്കുകയാണ് അവരുടെ ജോലി. അത്തരത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാലത്തോളം അവരുമായുള്ള അകലം കുറയ്ക്കുക അപരിഹാര്യമാണ്.

മാധ്യമപ്രവര്‍ത്തകന് ഇവിടെ മിനിമം റോള്‍ മാത്രമാണുള്ളത്. ചാനല്‍ ചര്‍ച്ച നിയന്ത്രിക്കാനിരിക്കുന്ന അവന്റെ ചെവിയില്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്ന് ഇതു കൂടി പറയൂ അല്ലെങ്കില്‍ ചോദിക്കൂ എന്ന നിര്‍ദ്ദേശം നാമറിയാതെ വരുന്നുണ്ട്. എന്തിനേറെ പറയണം, കോടീശ്വരന്‍ പരിപാടി അവതരിപ്പിക്കാനിരിക്കുന്ന അവതാരകനു പോലും ഇത്തരത്തില്‍ മുകളില്‍ നിന്നു നിര്‍ദ്ദേശം വരും. അവര്‍ പണം വാങ്ങി ചെയ്യുന്ന പരിപാടിയായതിനാല്‍ മുതലാളി പറയുന്നത് അനുസരിച്ചുകൊടുക്കും. മേലാവില്‍ നിന്നുള്ള ഈ നിര്‍ദ്ദേശങ്ങള്‍ കൂടിയാണ് നാം സ്വീകരണ മുറിയിലിരുന്നു കേള്‍ക്കുന്നത്. റേറ്റിംഗിനു വേണ്ടിയാണ് അവിടെ സംസാരം.

നിപ വൈറസ് പ്രശ്‌നം വന്നപ്പോള്‍ മനോരമ ചാനലില്‍, രണ്ടാമത്തെ രോഗി വന്നപ്പോള്‍ തന്നെ വൈറസിനെ കണ്ടെത്താനായി എന്ന് ഡോക്ടര്‍ പറയുമ്പോള്‍, അതെന്താ ഒന്നാമത്തെ പേഷ്യന്റില്‍ തന്നെ കണ്ടെത്തി തടയേണ്ടതായിരുന്നില്ലേ എന്നാണ് ആങ്കര്‍ പെണ്‍കുട്ടി ക്ഷുഭിതയായി ചോദിക്കുന്നത്. ഇതാണ് ഇന്നു മീഡിയാ പ്രവര്‍ത്തനം. അവര്‍ പറയുന്നതു കേട്ട് മുഖ്യമന്ത്രി ഉലക്ക വിഴുങ്ങാന്‍ തയ്യാറായെന്നു വയ്ക്കുക. അപ്പോള്‍ പറയും നേരേ വിഴുങ്ങിയാല്‍ പോരാ, വിലങ്ങനെ ഉലക്ക വിഴുങ്ങണമെന്ന്. അതാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തന രീതി.

? മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ റോള്‍ നിര്‍വഹിക്കേണ്ടതില്ലേ. അതിനു രാഷ്ട്രീയം നോക്കാനുമാവില്ലല്ലോ...

* വാര്‍ത്ത കണ്ടെത്തുക അല്ല മാധ്യമപ്രവര്‍ത്തകരുടെ ജോലി. പകരം അപവാദം പ്രചരിപ്പിക്കാലായി മാധ്യമപ്രവര്‍ത്തനം തരം താണിരിക്കുന്നു. ഇന്നു വൈകുന്നേരം എന്ത് അപവാദം പ്രചരിപ്പിക്കാമെന്നാണ് ചാനലുകാരുടെ ചിന്ത. ഏതു രാഷ്ട്രീയ നേതാവിനെയാണ് ഇന്നു കൊല്ലേണ്ടതെന്നു തീരുമാനിച്ച് അതനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം കൊടുക്കുന്നു.

പാര്‍ട്ടിക്കെതിരേ വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. മാധ്യമപ്രവര്‍ത്തകരോടു നല്ല ബന്ധമാണ് പാര്‍ട്ടി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നത്. മാധ്യമപ്രവര്‍ത്തകന് അവന്റെ തൊഴില്‍ ദാതാവിനോടാണ് വിധേയത്വമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അത്രയേ ഉള്ളൂ മാധ്യമപ്രവര്‍ത്തനം കേരളത്തില്‍. ദേശീയ പ്രസ്ഥാന കാലത്ത് പത്രം ജനങ്ങളുടേതായിരുന്നു. ഇന്നു പക്ഷേ, മാധ്യമങ്ങള്‍ കോടീശ്വരന്മാരുടെ കൈയിലാണ്. റെജി മേനോനില്‍ നിന്നു കൈമറിഞ്ഞ് ഏഷ്യാനെറ്റ് വാര്‍ണര്‍ ബ്രദേഴ്‌സിലെത്തി നില്‍ക്കുന്നു. അടിവരയിട്ടു പറയട്ടെ, മാധ്യമപ്രവര്‍ത്തകരോട് സ്‌നേഹം  തന്നെ. പക്ഷേ, മാധ്യമത്തിനു പിന്നിലെ കോര്‍പ്പറേറ്റ് മുതലാളിയോടു സന്ധിയില്ല.

? മുഖ്യമന്ത്രി എന്തുകൊണ്ടാണ് മാധ്യമങ്ങളുമായി അകലം പാലിക്കുന്നത്, ക്യാബിനറ്റ് ബ്രീഫിംഗ് അടക്കം വേണ്ടെന്നു വച്ചതെന്താണ്...

* ക് ളര്‍ക്കിനെ സ്ഥലം മാറ്റിയതൊന്നും മുപ്പതു പുതിയ തസ്തികയുണ്ടാക്കിയെന്നുമൊക്കെ, മുഖ്യമന്ത്രി വന്നിരുന്നു മീഡിയയോടു പത്രസമ്മേളനം നടത്തി പറയേണ്ടതില്ല. മന്ത്രിസഭാ യോഗമെന്നതു സര്‍ക്കാരിന്റെ ചട്ടപ്പടി പതിവായി നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. അതിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വന്നിരുന്നു ഡിക് ടേറ്റു ചെയ്തു കൊടുക്കേണ്ടതില്ല. ഇതേസമയം, സുപ്രധാനവും നയപരവുമായ കാര്യങ്ങളില്‍ തീരുമാനം വരുമ്പോള്‍ മുഖ്യമന്ത്രി നേരിട്ടു വന്നു വിശദീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുമായി കൊച്ചുവര്‍ത്തമാനം പറയാനുള്ള വേദിയായിരുന്നു പത്രപ്രവര്‍ത്തകര്‍ക്കു മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള പ്രസ് മീറ്റ്. അത്തരം ചില അനാവശ്യ ശീലങ്ങളാണ് സര്‍ക്കാര്‍ മാറ്റിയത്. അതു നല്ല കാര്യം തന്നെയാണ്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ശീലമായിരുന്നു അത്.

മുഖ്യമന്ത്രി ഉപദേശകരെ വച്ചെന്നായിരുന്നു വലിയ കോലാഹലം. ആരും ഒന്നിന്റെയും അവസാന വാക്കല്ല. ആരില്‍ നിന്നും നമുക്ക് വിദഗ്‌ദ്ധോപദേശം തേചാം. എല്ലാ ഉപദേശവും നടപ്പാക്കാനുള്ളതല്ല. അതില്‍ നിന്നു നെല്ലും പതിരും വേര്‍തിരിച്ച ശേഷം നല്ലതും ആവശ്യമുള്ളതും നടപ്പാക്കും. ഇതു സ്‌പെഷ്യലൈസേഷന്റെ കാലമാണ്. ഇത്തരം കാര്യങ്ങളെ പോലും പോസിറ്റീവായി എടുക്കാതെ എണ്ണം കൂട്ടിയെന്നു പറഞ്ഞു നിലവിളിക്കുകയാണ് പ്രതിപക്ഷവും മീഡിയയും.

സര്‍ക്കാരിനു താത്പര്യം ജനങ്ങളുടെ അടിസ്ഥാന അത്യാവശ്യങ്ങള്‍ നിറവേറ്റുന്നതിലും ജനക്ഷേമം ഉറപ്പാക്കുന്നതിലുമാണ്. അതിനപ്പുറം നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിച്ചു മാധ്യമങ്ങള്‍ ജനശ്രദ്ധ തിരിക്കുകയല്ല വേണ്ടത്. വിമര്‍ശിക്കുന്നതിനൊപ്പം, സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തിക്കാനും മീഡിയയ്ക്കു ബാധ്യതയുണ്ട്.

Comments

Thulasi Dharan മോദിയെപ്പോലെതന്നെ ഇദ്ദേഹവും ഒരു ചായ കൊടുപ്പുകാരനിൽ നിന്നും ഉയർന്നു വളർന്നു വന്ന വ്യക്തി ആയിരുന്നു എന്നറിഞ്ഞപ്പോൾ മോദിയോടുണ്ടായിരുന്ന പുച്ഛം മാറിക്കിട്ടി.
Manage
LikeShow more reactions
Reply6h

Mc Velayudhan കേരള മുഖ്യമന്ത്രിക്ക് ആരേയും നേരിടണമെങ്കിൽ പിന്നിൽ ആരെങ്കിലും വേണം. എന്തിനാണിങ്ങനെ പൊക്കി നടക്കുന്നത്.


Srinand Babu നരേന്ദ്ര മോദി നാല് വർഷം കൊണ്ട് എത്ര മുസ്ലീങ്ങളുടെ കൊന്നു ..? സിറിയയിൽ യമനിൽ . അഫ്ഗാനിസ്ഥാനിൽ . ഇറാക്കിൽ നിരന്തരം മൂസ്ലീങ്ങളെ കൊന്നു തള്ളുന്നത് നരേന്ദ്രമോദിയാണോ , ? വടക്കോട്ട് നോക്കിയിരിന്ന് ചിലയ്ക്കുന്ന പല്ലികളെ പോലെയാണ് ചില രാഷ്ട്രീയനേതാക്കാൾ . അവസരത്തിനൊത്ത് വാല് മുറിച്ച് കടന്ന് കളയുന്നവർ ...
Keywords: A Vijayaraghavan, CPM, LDF, LDF Convener
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മോഡിയെ നേരിടാന്‍ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മാധ്യമപ്രവര്‍ത്തകരോടല്ല, മാധ്യമ കോര്‍പ്പറേറ്റുകളോടാണ് എതിര്‍പ്പ്