Search

ഹസ്സനും തങ്കച്ചനും തെറിച്ചേക്കും, കുര്യനെ പിന്തുണച്ച് നേതൃത്വം, കോണ്‍ഗ്രസിലെ കലാപം അവസാനിക്കുന്നില്ല

സമയമാവുന്നു:  പിപി തങ്കച്ചന്‍, രമേശ് ചെന്നിത്തല, 
എംഎം ഹസ്സന്‍ (ഫയല്‍ ചിത്രം)

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങളുടെ തുടക്കമാണ് യുവ എംഎല്‍എമാര്‍ ഉയര്‍ത്തിയിരിക്കുന്ന കലാപക്കൊടിയെന്നു സൂചന. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനെയും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെയും ഒഴിവാക്കിയേക്കുമെന്നാണ് അറിയുന്നത്.

രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യനെതിരേയാണ് യുവതുര്‍ക്കികള്‍ പ്രധാനമായും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. വൃദ്ധനായ അദ്ദേഹത്തിന് ഇനിയും സ്ഥാനമാനങ്ങള്‍ കൊടുത്തു ബുദ്ധിമുട്ടിക്കരുതെന്നാണ് വി.ടി. ബല്‍റാം, ഷാഫി പറന്പില്‍ എന്നീ എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, പിജെ കുര്യനെ പാര്‍ട്ടി നേതൃത്വം എളുപ്പം തള്ളാന്‍ വഴിയില്ല. പല കാര്യങ്ങള്‍ കൊണ്ടും നേതൃത്വത്തിനു വേണ്ടപ്പെട്ടയാളാണ് കുര്യന്‍. ബിജെപി നേതൃത്വവുമായും വളരെ അടുപ്പം പുലര്‍ത്തുന്ന കുര്യനെ ഡല്‍ഹിയില്‍ തന്നെ വേണ്ടതുണ്ട്. ഇനി ഒരുപക്ഷേ, രാജ്യസഭാ സീറ്റു കൊടുത്തില്ലെങ്കിലും മറ്റെന്തെങ്കിലും സുപ്രധാന പദവി കൊടുത്തു കുര്യനെ ഡല്‍ഹിയില്‍ നിലനിറുത്താന്‍ സാദ്ധ്യതയുണ്ട്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയാണ് ഇത്തരമൊരു ചര്‍ച്ചയ്ക്കു കാരമമായിരിക്കുന്നത്. യുവാക്കളുടെ ആവശ്യം കേന്ദ്രം പരിഗണിക്കും. പക്ഷേ, എല്ലാ തലയും ഉരുളാന്‍ ഇടയില്ല.

കെ എസ് യു സ്ഥാപകദിനാഘോഷ വേദിയില്‍, പ്രസിഡന്റ് കെ.എം അഭിജിത്താണ് വയസ്സന്‍ പടയ്‌ക്കെതിരേ ആദ്യം ശബ്ദമുയര്‍ത്തിയത്. ജനപക്ഷത്തു നില്‍ക്കുന്നവരെ നേതൃത്തിലേക്കു കൊണ്ടുവരണമെന്നും മത സാമുദായിക നേതൃത്വങ്ങള്‍ക്കും അവസരവാദ രാഷ്ട്രീയ പാര്‍ട്ടികളുടേയും പുറകെ പോകുന്നത് അവസാനിപ്പിക്കണമെന്നും അഭിജിത്ത് പറഞ്ഞിരുന്നു.

പാര്‍ലമെന്ററി അവസരങ്ങള്‍ ചിലര്‍ കുത്തകയാക്കുന്നതു കോണ്‍ഗ്രസിനു ഭൂഷണമല്ലെന്ന് ബല്‍റാം തുറന്നടിച്ചു. ഷാനിമോള്‍ ഉസ്മാന്‍, ഡോ. മാത്യു കുഴല്‍നാടന്‍, ടി. സിദ്ധിഖ്, എം. ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ലെന്നു കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണമെന്ന് ഉമ്മന്‍ചാണ്ടി പക്ഷത്തെ യുവനേതാക്കളില്‍ പ്രമുഖനായ ഷാഫി പറന്പിലും പറഞ്ഞു. ഇനി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ പി.ജെ. കുര്യന്‍ തയാറാകണമെന്നും ഷാഫി ആവശ്യപ്പെട്ടു.

പാര്‍ലമെന്റിലോ അസംബ്ലിയിലോ മരണം വരെ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നു പറഞ്ഞുകൊണ്ട്, പി.ജെ. കുര്യന്‍ മാറി നില്‍ക്കണമെന്ന് റോജി എം. ജോണ്‍ എംഎല്‍എയും ആവശ്യപ്പെട്ടു.

രാജ്യസഭ  വൃദ്ധസദനമാക്കരുതെന്നാണ് ഹൈബി ഈഡന്‍ പറഞ്ഞത്. കുര്യനെപ്പോലെ പ്രഗല്ഭനായ ഒരാളെ വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കി ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് അനില്‍ അക്കര പറയുന്നു. കുര്യനെ സ്ഥാനാര്‍ഥിയാക്കിയാല്‍ വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അക്കര തുറന്നു പറയുകയും ചെയ്തു.

കുര്യനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എഐസിസിക്കു വിശദീകരണം നല്‍കേണ്ട അവസ്ഥയും ഇതോടെ സംജാതമായ. കേരള  നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും എഐസിസി അറിയിച്ചു.

സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയശേഷം മാത്രമേ രാജ്യസഭാ കാര്യത്തില്‍ അന്തിമ തീരുമാനമെതുക്കൂ എന്നാണ് ഡല്‍ഹിയില്‍ നിന്ന് അറിയുന്നത്.


Keywords: MM Hassan, Shafi Prambil, PJ Kurien, PP Thankachan, Rahul Gandhivyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഹസ്സനും തങ്കച്ചനും തെറിച്ചേക്കും, കുര്യനെ പിന്തുണച്ച് നേതൃത്വം, കോണ്‍ഗ്രസിലെ കലാപം അവസാനിക്കുന്നില്ല