Search

ദിലീപിനെ തിരിച്ചെടുത്തതിനെതിരേ വനിതാ കൂട്ടായ്മയുടെ പ്രതികരണം അവഗണിച്ചു തള്ളാന്‍ അമ്മ നേതൃത്വം, സിനിമ വീണ്ടും വിവാദവഴിയിലേക്ക്

റോയ് പി തോമസ്

കൊച്ചി: നടന്‍ ദിലീപിനെ താര സംഘടനയില്‍ തിരിച്ചെടുത്തതിനെതിരേ സിനിമയിലെ വനിതാ കൂട്ടായ്മ ശക്തമായി രംഗത്തു വന്നതോടെ, സംഘടനയില്‍ വീണ്ടും പോരു മുറുകുന്നു.

ഫേസ് ബുക്ക് പേജിലൂടെ വനിതാ കൂട്ടായ്മ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ തത്കാലം കണ്ടില്ലെന്നു നടിക്കാനാണ് അമ്മ നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു. ആവശ്യമെന്നു വരുന്ന ഘട്ടത്തില്‍ പ്രതികരിക്കാമെന്നും അതുവരെ അവഗണിക്കാനുമാണ് തീരുമാനം.

ഔദ്യോഗിക പക്ഷത്തെ ആരും ഈ പ്രതികരണത്തിനെതിരേ വ്യക്തിപരമായും അഭിപ്രായം പറയരുതെന്ന നിര്‍ദ്ദേശം തലപ്പത്തു നിന്നു പോയതായാണ് ലഭിക്കുന്ന വിവരം. മറുപടി പറയുന്നതോടെ, ഇതൊരു ചര്‍ച്ചാവിഷയമാവുകയും പിന്നെയും പ്രശ്‌നങ്ങളിലേക്കു പോകുകയും ചെയ്യുമെന്ന ആശങ്കയാണ് നേതൃത്വത്തിന്.

ചേരിതിരിവ് ശക്തമായതോടെ, ഇനിയങ്ങോട്ടുള്ള സിനിമകളില്‍ ഇപ്പോഴത്തെ വിഘടിത ഗ്രൂപ്പില്‍ പെട്ടവരെ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കവുമുണ്ട്. അല്പമൊന്നു ശമിച്ചു വന്ന ഗ്രൂപ്പിസവും വിഴുപ്പലക്കലുമാണ് പുതിയ സംഭവവികാസങ്ങളോടെ ശക്തമായിരിക്കുന്നത്.

നടന്‍ പൃഥ്വിരാജിനെ പോലുള്ളവരുടെ പിന്തുണയും വനിതാ കൂട്ടായ്മയ്ക്കുണ്ട്. ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഉറപ്പായിരുന്നതുകൊണ്ടാണ് പൃഥ്വിയും മറ്റും അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്നത്.

വനിതാ കൂട്ടായ്മയുടെ ഫേസ് ബുക്ക് പോസ്റ്റ്:

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍.വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
1. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു.
Keywords: Amma, Movie, Dileep, Mohanlal



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദിലീപിനെ തിരിച്ചെടുത്തതിനെതിരേ വനിതാ കൂട്ടായ്മയുടെ പ്രതികരണം അവഗണിച്ചു തള്ളാന്‍ അമ്മ നേതൃത്വം, സിനിമ വീണ്ടും വിവാദവഴിയിലേക്ക്