ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തെ വെട്ടിലാക്കിയ, ചീഫ് ജസ്റ്റിസിനെതിരായ ഹര്‍ജി, കോണ്‍ഗ്രസ് പാര്‍ട്ടി അപ്രതീക്ഷിതമായി പിന്‍വലിച്...
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തെ വെട്ടിലാക്കിയ, ചീഫ് ജസ്റ്റിസിനെതിരായ ഹര്‍ജി, കോണ്‍ഗ്രസ് പാര്‍ട്ടി അപ്രതീക്ഷിതമായി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിച്ചതോടെ, ഹര്‍ജി തള്ളിയതായി സുപ്രീം കോടതിയും അറിയിച്ചു.വിവിധ ആരോപണങ്ങള്‍ക്കു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യംചെയ്ത് രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്നു പിന്‍വലിച്ചത്.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത് എന്തടിസ്ഥാനത്തിലാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ ചോദിച്ചു. കോടതി ഉത്തരവിലൂടെയാണോ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടതെന്നും അദ്ദേഹം ചോദിച്ചു.
ഇതുസംബന്ധിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കോടതി താത്പര്യപ്പെടുന്നില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഈ കേസ് തങ്ങള്‍ കേസ് പരിഗണിക്കുകയാണെന്നും ജസ്റ്റിസ് എ.കെ. സിക്രി അദ്ധ്യക്ഷനായ ബെഞ്ച് കപില്‍ സിബലിനു മറുപടി നല്കി. എസ്.എ.ബോബ്ഡെ, എന്‍.വി.രമണ, അരുണ്‍ മിശ്ര, എ.കെ. ഗോയല്‍ എന്നിവര്‍ കൂടി അടങ്ങിയതാണ് ഭരണഘടനാ ബെഞ്ച്.
ഒരു ഉത്തരവുണ്ടെങ്കില്‍ മാത്രമെ തങ്ങള്‍ക്ക് അതിനെ ചോദ്യം ചെയ്യാനാവൂ എന്നായിരുന്നു സിബലിന്റെ മറുപടി. ഭരണഘടനാ ബെഞ്ചിനു വിട്ടതായി ഉത്തരവ് ഇല്ലാത്ത സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് സിബല്‍ പറഞ്ഞു.
പഞ്ചാബില്‍ നിന്നുള്ള പ്രതാപ് സിങ് ബാജ്വയും ഗുജറാത്തില്‍ നിന്നുള്ള അമീ ഹര്ഷദ്രെ യാനിക്കുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിയ്ക്കാന്‍ നേരത്തെ തിരുമാനിച്ചിരുന്നത്. ഈ വിഷയം ഇന്നലെ തനിക്കു മുന്നില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ നാളെ പരിഗണിക്കാമെന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍ മറുപടി കൊടുത്തത്. ഇതിനിടെ, മാസ്റ്റര്‍ ഒഫ് ദി റോസ്റ്റര്‍ (കേസുകള്‍ ഏത് ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം) എന്ന നിലയില്‍ ഈ വിഷയം ഭരണഘടനാ ബെഞ്ചിനു വിടാന്‍ ചീഫ് ജസ്റ്റിസ് രാത്രി ഏഴു മണിയോടെ തീരുമാനമെടുക്കുകയായിരുന്നു.
വിഷയം ചീഫ് ജസ്റ്റിസിനെതിരായതിനാല് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മാസ്റ്റര്‍ ഒഫ് ദി റോസ്റ്റര്‍ അധികാരമില്ലെന്ന നിലപാടിലാണ് കപില്‍ സിബല്‍. ചീഫ്ജസ്റ്റിസ് ഉള്‍പ്പെടെ കൊളീജിയത്തിലെ അഞ്ച് ജഡ്ജിമാരും ഭരണഘടനാ ബെഞ്ചിലില്ലെന്നതും ശ്രദ്ധേയമാണ്.
COMMENTS