Search

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുമാരസ്വാമിയും കോണ്‍ഗ്രസും, ആദ്യം തങ്ങളെ ക്ഷണിക്കണമെന്നു ബിജെപി, കുതിരക്കച്ചവടത്തിനും സാദ്ധ്യതയേറെജാവേദ് റഹ്മാന്‍

ബംഗളൂരു: ജനം വിധിയെഴുതിക്കഴിഞ്ഞപ്പോള്‍ കര്‍ണാടകത്തില്‍ ഇനി പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയിരിക്കെ, ഗവര്‍ണര്‍ക്കു വേണമെങ്കില്‍ കുതിരക്കച്ചവടത്തിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കാം.

പല സംസ്ഥാനങ്ങളിലും ബിജെപി പയറ്റിയ തന്ത്രം പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തേ തന്നെ വെട്ടിയതിനാല്‍ കര്‍ണാടകത്തിലെ സാദ്ധ്യതകള്‍ വളരെ എളുപ്പമല്ലെന്നു മാത്രം. കുമാരസ്വാമിയെ ബിജെപി ചാക്കിടുമെന്നു മനസ്സിലാക്കിയാണ് ഉപാധിരഹിത പിന്തുണയും മുഖ്യമന്ത്രി പദവും കോണ്‍ഗ്രസ് ആദ്യം തന്നെ വാഗ്ദാനം ചെയ്തത്. ഇതോടെ, കുമാരസ്വാമിയെ വീഴ്ത്താനുള്ള ബിജെപി തന്ത്രം പാളുകയായിരുന്നു.

ഇപ്പോള്‍ പക്ഷേ, ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തന്നെ ആദ്യം വിളിക്കണമെന്നാണ് ബിജെപി നേതാവ് ബിഎസ് യദിയൂരപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു തന്ത്രമാണ്. യെദിയൂരപ്പയ്ക്കു ബിജെപി അനുഭാവിയായ ഗവര്‍ണര്‍ സമയമനുവദിച്ചാല്‍ ആ സമയം കൊണ്ട് ജനതാദള്‍ എസില്‍ നിന്നു ഒരു വലിയ വിഭാഗത്തെ പിളര്‍ത്തിയെടുത്തു സര്‍ക്കാരുണ്ടാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

തത്കാലം അധികാരത്തിലെത്തിയാല്‍ പിന്നെ കോണ്‍ഗ്രസില്‍ നിന്നും ആരെയെങ്കിലുമൊക്കെ വിലയ്‌ക്കെടുത്തു രാജിവയ്പ്പിച്ച് അവിടെ ജയിച്ചുകയറാമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള നീക്കത്തിനു കോണ്‍ഗ്രസ് മുതിര്‍ന്നിരിക്കുന്നത്.

ജനതാദള്‍ എസിനാകട്ടെ, ഇതൊരു മധുരപ്രതികാരവുമാണ്. പണ്ട്, ദേവഗൗഡയെ പ്രധാനമന്ത്രി പദത്തില്‍ നിന്നു വലിച്ചു താഴെയിട്ട അതേ കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിയെ ഭയന്ന് നിരുപാധിക പിന്തുണയുമായി തന്റെ പടിക്കല്‍ വന്നുനില്‍ക്കുന്നതില്‍ ദേവ ഗൗഡയ്ക്ക് ഉള്ളില്‍ സന്തോഷവുമുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്-ജനതാദള്‍ എസ് നേതാക്കള്‍ ഗവര്‍ണര്‍ വൈദുഭായ് വാലയെ വൈകുന്നേരം കാണുന്നുണ്ട്. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും ഗവര്‍ണറെ കാണും. നിയമവിദഗ്ദ്ധരുമായും പരോക്ഷമായി കേന്ദ്രസര്‍ക്കാരുമായും കൂടിയാലോചിച്ച ശേഷമാവും ഗവര്‍ണര്‍ തീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പിനു മുന്‍പ് ജനതാദള്‍ എസുമായി നീക്കുപോക്കിനു കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. പണ്ട് ജനതാദളില്‍ നിന്നു വിട്ടു കോണ്‍ഗ്രസില്‍ പോയ സിദ്ധരാമയ്യയോടുള്ള എതിര്‍പ്പു നിമിത്തമാണ് ആ നീക്കം നടക്കാതെപോയത്. ഇപ്പോഴാകട്ടെ, ബിജെപി അധികാരത്തിലേറാതിരിക്കാനായി ശത്രുത മറന്ന് സിദ്ധരാമയ്യയ്ക്കും ദേവഗൗഡയ്ക്കും കൈകോര്‍ക്കേണ്ടിവന്നിരിക്കുന്നു. ഇല്ലാത്തപക്ഷം, സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ തള്ളുന്ന സ്ഥിതിയാണുള്ളത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എന്തു തന്ത്രവും പയറ്റി ഭരണം പിടിച്ചെടുക്കുന്നിതില്‍ പ്രാഗല്ഭ്യമുള്ള ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തന്റെ വസതിയില്‍ തിരക്കിട്ട കൂടിയാലോചനകളിലാണ്. ഇതില്‍ നിന്ന് എന്തു പദ്ധതിയാണ് ഉരുത്തിരിയുന്നതെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുമാരസ്വാമിയും കോണ്‍ഗ്രസും, ആദ്യം തങ്ങളെ ക്ഷണിക്കണമെന്നു ബിജെപി, കുതിരക്കച്ചവടത്തിനും സാദ്ധ്യതയേറെ