ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിനെതിരേ പോരാടിയ ധീര വനിതയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായിരുന്ന വിന്നി മണ്ടേല ...
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിനെതിരേ പോരാടിയ ധീര വനിതയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായിരുന്ന വിന്നി മണ്ടേല അന്തരിച്ചു. 81 വയസ്സായിരുന്നു.
27 വര്‍ഷത്തെ തടവിനു ശേഷം ജയിലില്‍ നിന്ന് പുറത്തു വരുന്ന മണ്ടേലയുടെ കൈകോര്‍ത്തു പിടിച്ചു വരുന്ന വിന്നിയുടെ ചിത്രമാണ് ലോകത്തിന്റെ മനസ്സില്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നത്.
വര്‍ണ്ണവിവേചന വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായിരുന്നു വിന്നി മഡിക്കിസേല മണ്ടേല. കുറച്ചുനാളായി രോഗബാധിതയായി വീട്ടിലും ആശുപത്രിയിലുമായി കഴിയുകയായിരുന്നു വിന്നിയെന്ന് കുടുംബ വക്താവ് വിക്ടര്‍ ഡാംലിനി പറഞ്ഞു.
അവസാന നിമിഷങ്ങൡ കുടുംബാംഗങ്ങളും അവരുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നവരും അടുത്തുണ്ടായിരുന്നു.
മണ്ടേല ജയില്‍ മോചിതനായി പുറത്തുവരുന്നു, വിന്നി ഒപ്പം
തെറ്റും ശരിയും ചൂണ്ടിക്കാട്ടിത്തരാനുണ്ടായിരുന്ന വഴികാട്ടിയെയാണ് തനിക്കു നഷ്ടപ്പെട്ടതെന്ന് പ്രസിഡന്റ് സിറിള്‍ റാമാഫൊസ പറഞ്ഞു. വിന്നിയെ കാണാനായി വൈകുന്നേരം അവരുടെ വീട്ടിലേക്കു പോകാനിരിക്കെയാണ് അവരുടെ മരണവാര്‍ത്ത എത്തിയതെന്നും പ്രസിഡന്റ് പറഞ്ഞു.
1936 ല്‍ ഈസ്റ്റേണ്‍ കേപ്പിലാണ് വിന്നി ജനിച്ചത്. 1950 കളിലാണ് നെല്‍സണ്‍ മണ്ടേലയുമായി അടുക്കുന്നത്. 38 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഏറിയ പങ്കും അവര്‍ പിരിഞ്ഞാണ് കഴിഞ്ഞത്. അക്കാലമത്രയും മണ്ടേല ജയിലിലായിരുന്നു.
ഭര്‍ത്താവ് ജയിലിലായതോടെ പോരാട്ടത്തിന്റെ ചുമതല വിന്നി ഏറ്റെടുത്തു. ദരിദ്രരായ കറുത്തവര്‍ഗ്ഗക്കാരുടെ ആശ്രയമായി അവര്‍ മാറി. ഇക്കാലം കൊണ്ട് അവര്‍ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറി. അഞ്ചു വര്‍ഷത്തിനു ശേഷം അവരെയും വെള്ളക്കാരുടെ ഭരണകൂടം ജയിലിലടച്ചു.
നിരവധി വിവാദങ്ങളിലും വിന്നി ചെന്നുപെട്ടിരുന്നു. കലാ സാംസ്കാരിക, ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ആയിരുന്ന വിന്നിയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് നെല്‍സണ്‍ മണ്ടേല 1995ല്‍ സര്‍ക്കാരില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. 1996ല്‍ മണ്ടേലയും വിന്നിയും വിവാഹമോചിതരായി. എങ്കിലും മണ്ടേലയെന്ന പേര് അവര്‍ ഉപേക്ഷിച്ചിരുന്നില്ല.
Keywords: Winnie Mandela, Nelson Mandela, South Africa
COMMENTS