Search

കേരള പൊലീസ് ഒന്നാകെ അധിക്ഷേപിച്ചു വിട്ടു, ഇലിസയും ആന്‍ഡ്രൂസും പ്രതീക്ഷ വിടാതെ അലഞ്ഞു നടന്നു, ഒടുവില്‍ കിട്ടിയത് ചീഞ്ഞളിഞ്ഞ മൃതദേഹം, കൊലപാതകത്തിന് ഉത്തരവാദികളെ കണ്ടെത്താതെ ഇന്ത്യ വിടില്ലെന്ന് കുടുംബം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലിത്വാനിയ സ്വദേശി ലിഗയുടെ മരണകാരണം കണ്ടെത്താന്‍
ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്ന് സഹോദരി ഇലിസ.

ലിഗയുടേത് കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും കേസ് തെളിയും വരെ ഇന്ത്യയില്‍ തുടരുമെന്നും ഇലിസ പറഞ്ഞു.

തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ശനിയാഴ്ച  കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങള്‍, തലമുടി, ശരീരത്തിലെ പാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ലിഗയാണെന്ന് സ്ഥിരീകരിച്ചത്. ഡിഎന്‍എ പരിശോധനയും നടക്കുന്നുണ്ട്.

വിഷാദ രോഗത്തിന് ചികിത്സയ്ക്കായി പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമത്തിന്റെ ആശുപത്രിയില്‍ എത്തിയതായിരുന്നു ലിഗ. അവിടെനിന്ന് ഒരു മാസം മുന്‍പാണ് കാണാതായത്. ലിഗ പോത്തന്‍കോട്ടുനിന്ന്  ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയെന്ന്  പൊലീസ് കണ്ടെത്തി. പിന്നീട് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ പൊലീസിന് ഒരു ധാരണയുമില്ല. ഏതാണ്ട് ഒരു മാസത്തിനു ശേഷമാണ് പൊന്തക്കാട്ടില്‍ ലിഗയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തയത്.

ലിഗക്ക് നല്ല ചികിത്സ തേടി കുടുംബം ആദ്യമെത്തിയത് അമൃത ഹോസ്പിറ്റലില്‍ ആയിരുന്നു. അവിടെ ശബ്ദായമാനമായ അന്തരീക്ഷമായതിനാല്‍ ശാന്തിഗിരിയിലേക്ക് ചികിത്സ മാറ്റുകയായിരുന്നു.


മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്. പതിവു പോലെ രാവിലെ യോഗയ്ക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ഇന്നു താന്‍ വരുന്നില്ലെന്നും സഹോദരിയോടു പൊയ്‌ക്കൊള്ളാനും ലിഗ പറയുകയായിരുന്നു. ഇലിസ യോഗക്ക് പോയി തിരികെയെത്തിയപ്പോള്‍ ലിഗയെ കാണാനില്ലായിരുന്നു.

അവര്‍ ഒരു ഓട്ടോറിക്ഷയില്‍ ബീച്ചില്‍പോയി എന്ന് അടുത്തുള്ളവര്‍ പറഞ്ഞു. ലിഗയെ ഓട്ടോഡ്രൈവര്‍ കൊണ്ടുവിട്ടത് കോവളത്താണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് കോവളം പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ പോത്തന്‍കോട് സ്‌റ്റേഷനില്‍ നല്‍കാനായിരുന്നു കോവളത്തുകാരുടെ നിര്‍ദ്ദേശം. പോത്തന്‍കോട് സ്‌റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും പൊലീസ് അതു പരിഗണനയ്‌ക്കെടുത്തില്ല.

ഇതിനെ തുടര്‍ന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസിനെ അയര്‍ലന്‍ഡില്‍നിന്ന് വിളിച്ചുവരുത്തി. 'വി കാന്‍ ഹെല്‍പ്' എന്ന സംഘടനയുടെ സഹായത്തോടെ ആന്‍ഡ്രൂസും ഇലിസയും ചേര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കണ്ട് പരാതി കൊടുത്തു. ഡി.ജി.പി രോഷത്തോടെയാണ് പെരുമാറിതെന്നായിരുന്നു ആന്‍ഡ്രൂസ് പിന്നീട് സഹായികളെ അറിയിച്ചത്.

ഡി.ജി.പിയുടെ മേശക്കടിച്ച് കേരള പൊലീസിനെ വിമര്‍ശിച്ച് ആന്‍ഡ്രൂസ് ഇറങ്ങിപ്പോരുകയായിരുന്നത്രേ. പിന്നീട് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി കൊടുത്തു. ഇതോടെ, പൊലീസിനു തിരക്കാതെ വയ്യെന്നായി. പക്ഷേ, ലിഗയെ തിരയുന്നതിനു പകരം പൊലീസ് ഇലിസയെയും ആന്‍ഡ്രൂസിനെയും ചോദ്യംചെയ്യുകയാണ് ചെയ്തത്.

പൊലീസില്‍ നിന്നു സഹായം കിട്ടില്ലെന്നു മനസ്സിലാക്കിയാണ് ആന്‍ഡ്രൂസും ഇലിസയും മിസിങ് നോട്ടീസ് തയ്യാറാക്കി കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പതിച്ചത്.

എന്റെ സഹോദരി ലിഗയെ കോവളം ബീച്ചില്‍നിന്ന് മാര്‍ച്ച് 14ാം തീയതി കാണാതായി. കണ്ടുകിട്ടുന്നവര്‍ ദയവായി ഈ നമ്പറില്‍ വിളിക്കുക. അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുക. വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ  സമ്മാനം നല്‍കും എന്നായിരുന്നു ഇലിസ തയ്യാറാക്കിയ മിസ്സിംഗ് നോട്ടീസ്. ബേക്കലില്‍ ഈ നോട്ടീസ് പതിച്ചുകൊണ്ടു നില്ക്കുമ്പോഴായിരുന്നു ലിഗയുടേതെന്നു സംശയിക്കുന്ന മൃതദേഹം കോവളത്ത് കണ്ടല്‍ കാടുകള്‍ക്കടുത്ത് അടിഞ്ഞുവെന്ന പൊലീസിന്റെ സന്ദേശം ഇലിസയ്ക്കു കിട്ടിയത്.

ഇതോടെ, അവിടെ നിന്നു വണ്ടികയറിയെത്തിയ ഇലിസയ്ക്കും ആന്‍ഡ്രൂസിനും കാണാനയത് ലിഗയുടെ ചീഞ്ഞളിഞ്ഞ മൃതദേഹമായിരുന്നു.

Keywords: Liga, Elisa, Andrews, Lithuania, Murder, Kovalam, Man Missingvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കേരള പൊലീസ് ഒന്നാകെ അധിക്ഷേപിച്ചു വിട്ടു, ഇലിസയും ആന്‍ഡ്രൂസും പ്രതീക്ഷ വിടാതെ അലഞ്ഞു നടന്നു, ഒടുവില്‍ കിട്ടിയത് ചീഞ്ഞളിഞ്ഞ മൃതദേഹം, കൊലപാതകത്തിന് ഉത്തരവാദികളെ കണ്ടെത്താതെ ഇന്ത്യ വിടില്ലെന്ന് കുടുംബം