തിരുവനന്തപുരം: ചികിത്സയ്ക്കിടെ ഡോ.മേരി റെജി മരിച്ച സംഭവത്തില്‍ ആര്.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍...
തിരുവനന്തപുരം: ചികിത്സയ്ക്കിടെ ഡോ.മേരി റെജി മരിച്ച സംഭവത്തില്‍ ആര്.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വീണ്ടും രോഗം ബാധിച്ച മേരി റെജി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന ഈ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറി.
മരണത്തില്‍ ആര്.സി.സിക്ക് വീഴ്ച പറ്റിയെന്ന് ഡോ.മേരി റെജിയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. ആര്.സി.സിയില്‍ ചികിത്സ തേടിയ വനിതാ ഡോക്ടര്‍ ചികില്‍സാ പിഴവ് മൂലം മരിച്ചെന്ന് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആര്.സി.സി അന്വേഷണം പ്രഖ്യാപിച്ചത്.
ആദ്യം ബാധിച്ച അര്‍ബുദം ചികില്‍സിച്ചു ഭേദമാക്കിയ ശേഷം വയറിലെ പ്ലീഹയില്‍ രോഗ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്.സി.സിയില്‍ ചികില്‍സ തേടിയ ഡോ.മേരി റെജിക്കാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയ മുതല്‍ പിഴവ് സംഭവിച്ചെന്നാണ് ഭര്‍ത്താവും റാസല്‍ഖൈമയില്‍ ഫിസിഷ്യനുമായി ഡോ.റെജി ജേക്കബ് ആരോപിച്ചത്. പലവട്ടം ആവശ്യപ്പെട്ടിട്ടും വിദഗ്ധ ചികില്‍സ നല്കാന് ഡോക്ടര്‍മാര്‍ തയാറായില്ലെന്നും മറ്റെങ്ങോട്ടെങ്കിലും റഫര്‍ ചെയ്യാനും വൈകിയെന്നും ഒടുവില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് മേരി റെജിയുടെ ഭര്‍ത്താവ് ആരോപിച്ചത്.
COMMENTS