കൊച്ചി: എറണാകുളത്ത് കലൂരില്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത് മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്ത് പണിതുകൊണ്ടിരുന്ന കെട...
കൊച്ചി: എറണാകുളത്ത് കലൂരില്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത് മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്ത് പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. രണ്ടാംനില വരെ പണിതീര്‍ന്ന പോത്തീസിന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്കു പതിച്ചത്. മൂന്നാമത്തെ നില പണിതുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. അടുത്ത ദിവസം വിശദമായ പരിശോധനകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. ഇന്ന് മെട്രോ സര്‍വീസ് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേയുണ്ടാകൂ.
30 മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞുവീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി.കളും മണ്ണിനടിയിലായി. ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചു. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.
തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. കൂടുതല്‍ നാശനഷ്ടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ സമീപത്തെ കെട്ടിടങ്ങള്‍ കൂടി അപകടത്തിലാവും. തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിന്റെ താഴെ മണ്ണ് ഇടിഞ്ഞുതാഴ്ന്നതായി സംശയിക്കുന്നുണ്ട്. ഇതിന്റെ മുന്നില്‍ക്കൂടിയുള്ള കാല്‍നട പോലും തടഞ്ഞിരിക്കുകയാണ്.
COMMENTS