കൊച്ചി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ഹൈ...
കൊച്ചി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പാലക്കാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനും സെക്രട്ടറിക്കുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ് 21 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്.
മധുവിന്റെ മരണശേഷം ഹൈക്കോടതിയിലെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ചുമതലയുള്ള ജസ്റ്റിസ് സുരേന്ദ്ര മോഹന്റെ കത്ത് പരിഗണിച്ച് ഡിവിഷന് ബഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. അമിക്യസ് ക്യൂറിയെയും നിയോഗിച്ചു. ഇടക്കാല റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇവയായിരുന്നു.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പാക്കിയ പദ്ധതികള്‍ അവരിലേക്കെത്തിയിട്ടില്ല. അഴിമതിക്കാരായ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ തൊടാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ആദിവാസി ഭൂമി വീണ്ടെടുക്കല്‍ കടലാസിലൊതുങ്ങി. സോഷ്യല്‍ ഓഡിറ്റ് വേണം. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സോഷ്യല്‍ ഓഡിറ്റിന് കോടതി ഉത്തരവിട്ടത്.
ആദിവാസി ക്ഷേമപദ്ധതികള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ ശരിയാണോ, ഇത് ആദിവാസികളിലേക്ക് എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഓഡിറ്റിങ്ങില്‍ പരിശോധിക്കും.
COMMENTS