കാന്‍ബറ: പന്തു ചുരണ്ട് രാജ്യത്തിനു മാനക്കേടുണ്ടാക്കിയ സ്റ്റീവ് സ്മിത്തിനെ ക്രിക്കറ്റ് ടീം ക്യാപ്ടന് സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഓസ്ട...
കാന്‍ബറ: പന്തു ചുരണ്ട് രാജ്യത്തിനു മാനക്കേടുണ്ടാക്കിയ സ്റ്റീവ് സ്മിത്തിനെ ക്രിക്കറ്റ് ടീം ക്യാപ്ടന് സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോടു നിര്‍ദ്ദേശിച്ചു.
പന്തില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചെന്ന് സ്മിത്ത് സമ്മതിച്ചിരുന്നു. സ്മിത്ത് രാജ്യത്തിന് മാനക്കേടുണ്ടാക്കിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് കേപ്ടൗണില്‍ വച്ച് പന്തില്‍ കൃത്രിമം കാണിച്ചുവെന്നും താനും അറിഞ്ഞുകൊണ്ടായിരുന്നു ഇതു ചെയ്തതെന്നും സ്മിത്ത് സമ്മതിച്ചിരുന്നു .
പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് വിവാദത്തിലായിരുന്നു. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദമുണ്ടാക്കിയത്.
മത്സരശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് ബോളില്‍ കൃത്രിമം കാണിച്ചത് സമ്മതിക്കേണ്ടിവന്നു. പന്തുചുരണ്ടല്‍ നേരത്തെ നിശ്ചയിച്ചതാണെന്നും ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും സ്മിത്ത് സമ്മതിച്ചു.
ഖേദം പ്രകടിപ്പിച്ച സ്മിത്ത്, ഈ വിഷയത്തിന്റെ പേരില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയില്ലെന്നും വ്യക്തമാക്കി. ഉച്ചഭക്ഷണ വേളയിലാണ് ഈ തന്ത്രം മെനഞ്ഞത്. അഭിമാനത്തോടെയല്ല അതു ചെയ്തത്. കളിയുടെ ധാര്‍മ്മികതയ്ക്കു നിരക്കുന്നതല്ല തങ്ങളുടെ പ്രവൃത്തിയെന്നും സ്മിത്ത് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
പന്തു ചുരണ്ടിയിട്ടും കളി സ്വന്തം വഴിക്കാക്കാനായില്ല. ഇത് ആവര്‍ത്തിക്കില്ല. കോച്ചിന് പോലും ഇക്കാര്യം അറിയില്ലായിരുന്നു. പിടിക്കപ്പെട്ടില്ലായിരുന്നെങ്കിലും എനിക്ക് എന്നും കുറ്റബോധം തോന്നുമായിരുന്നു. കളി കൈവിടരുതെന്നാണ് അപ്പോള്‍ ചിന്തിച്ചത്. ഇക്കാര്യം ഇപ്പോള്‍ പറയുമ്പോഴും എനിക്ക് മാനക്കേട് തോന്നുന്നുവെന്നു സ്മിത്ത് പറഞ്ഞപ്പോള്‍ എങ്ങനെയാണ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു.
ഇതേസമയം, ഈ ആരോപണത്തെക്കുറിച്ച് മാച്ച് റഫറി പരിശോധന നടത്തുന്നുണ്ട്. ബാന്‍ക്രോഫ്റ്റിനെ മത്സരത്തിനിടയ്ക്ക് അമ്പയര്‍മാര്‍ വിളിച്ചുവരുത്തിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരേ നടപടിയുമുണ്ടാവും.
ടെസ്റ്റ് മൂന്നാംദിനം അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് മൊത്തം 294 റണ്‍സ് ലീഡായി.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 255 റണ്‍സിനു പുറത്തായിരുന്നു.
COMMENTS