സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ഇടതു മുന്നണിയിലേക്കു ചേക്കേറാന്‍ തയ്യാറെടുക്കുന്ന മുന്‍ ധനമന്ത്രി കെ.എം. മാണിയെ ബാര്‍ കോഴക്കേസ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ഇടതു മുന്നണിയിലേക്കു ചേക്കേറാന്‍ തയ്യാറെടുക്കുന്ന മുന്‍ ധനമന്ത്രി കെ.എം. മാണിയെ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് വീണ്ടും കുറ്റവിമുക്തനാക്കി.
മാണിയെ മൂന്നാം തവണയാണ് വിജിലന്‍സ് കുറ്റമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണ സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ഈ കേസില്‍ കെഎം മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് വിജിലന്‍സ് പറയുന്നത്.
യുഡിഎഫ് ഭരണകാലത്ത് രണ്ടുതവണ മാണിയെ ഇതുപോലെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയിരുന്നു.
അന്വേഷണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്നും തുടരന്വേഷണം വേണമെന്നും അന്നു വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തി ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പിച്ചത്.
ഇതോടെ, മാണിക്കു മേലുള്ള കളങ്കം മാറ്റുകയാണ് ഇടതു മുന്നണി. കളങ്കിതനല്ലെന്നു വന്നാല്‍ മാണിയെ ഇടതു മുന്നണിയിലേക്ക് എടുക്കുക എളുപ്പമാവും. ഇതിനുള്ള അണിയറ ചര്‍ച്ചകള്‍ നടക്കുകയുമാണ്.
മാണിയെ ഇടതു പക്ഷത്തേയ്ക്കു കൊണ്ടുവരുന്നതിനോട് സിപിഐക്ക് വിയോജിപ്പാണുള്ളത്. ഇതു പക്ഷേ, സിപിഎം കാര്യമായെടുക്കുന്നില്ല. മാണി ഇടതു മുന്നണിയിലേക്കു വന്നാല്‍, രണ്ടാമത്തെ വലിയ കക്ഷിയായി മാറുകയും സിപി ഐയുടെ പ്രസക്തി പോവുകയും ചെയ്യുന്ന സ്ഥിതി വരാനും സാദ്ധ്യതയുണ്ട്.
മാത്രമല്ല, സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ സീറ്റുകള്‍ കൂടി കവര്ന്നുകൊണ്ടായിരിക്കും മാണിയെ കുടിയിരുത്തുക. ഇക്കാരണങ്ങള്‍ കൊണ്ട് മാണി ഇടതു പക്ഷത്തേയ്ക്കു വരുന്നതില്‍ ഘടക കക്ഷികളെല്ലാം അങ്കലാപ്പിലുമാണ്.
വിഎസ് അച്യുതാനന്ദനെ പോലെ ചിലരും മാണിയുടെ വരവിനെ എതിര്‍ക്കുന്നുണ്ട്. പക്ഷേ, അത്തരം ശബ്ദങ്ങള്‍ ദുര്ബലമായിത്തുടങ്ങിയതിനാല് മാണിയെ എതിരേല്ക്കുക ബുദ്ധിമുട്ടാവില്ല.
ത്രിപുരയിലും ബംഗാളിലും ഉണ്ടായ ദുരന്തം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാണിയെ പോലൊരു കക്ഷി കൂടി ഇടതു വശത്തുണ്ടാവുന്നതാണ് നല്ലതെന്ന തിരിച്ചറിവിലാണ് നേതൃത്വം.
COMMENTS