ഡോ. സുനില്‍ പി.കെ. പറവൂരില്‍ ഈയിടെ തുടങ്ങിയ ഒരു ഹോട്ടലില്‍ സകുടുംബം രാത്രി ഭക്ഷണം കഴിയ്ക്കാനിറങ്ങിയതാണ് ഞങ്ങള്‍. ചിക്കനും ബീഫും ഒന്ന...
ഡോ. സുനില്‍ പി.കെ.
പറവൂരില്‍ ഈയിടെ തുടങ്ങിയ ഒരു ഹോട്ടലില്‍ സകുടുംബം രാത്രി ഭക്ഷണം കഴിയ്ക്കാനിറങ്ങിയതാണ് ഞങ്ങള്‍. ചിക്കനും ബീഫും ഒന്നും നോക്കുക പോലും ചെയ്യാത്ത വാമഭാഗത്തിന് കഴിയ്ക്കാന്‍ ഒന്നും കാര്യമായിട്ടില്ല.
'കരിമീന്‍ ഷാപ്പ് കറി ഉണ്ട് ' വെയിറ്റര്‍ ഗംഭീര ടോണില്‍ പറഞ്ഞു.
കൊള്ളാവോ എന്ന ടോണില്‍ പുള്ളിക്കാരി എന്നെ നോക്കി. പിന്നില്ലേ. കിടുക്കും എന്ന തരത്തില്‍ ഞാന്‍ ഒരു ഭാവം മുഖത്ത് പ്രകാശിപ്പിച്ചു.
'നല്ലതാവോ ശരിയ്ക്കും?' പുള്ളിക്കാരന് പോയിക്കഴിഞ്ഞ് സംശയം വീണ്ടും.
'പിന്നേ. ഇത്തിരി എരിവ് കൂടുതല്‍ ഉണ്ടാവും. അത്രേള്ളൂ.'
'ഓഹോ, നല്ല പരിചയാണല്ലോ.'
'അത്രയ്ക്ക് പരിചയംല്ല്യ. എന്നാലും പറഞ്ഞ് കേട്ടിട്ടുണ്ട്. കോലഴി ഷാപ്പൊക്കെ ഫേമസ് ആയിരുന്നു. പിന്നെ മുല്ലപ്പന്തല്‍ ഒക്കെ കേട്ടിട്ടില്ലേ?'
ഉവ്വുവ്വ്. എന്ന് ഒരാക്കിയ മട്ടില്‍ അവള് തലയാട്ടിയോ. ഏയ് തോന്നീതാവും.
കാത്തിരുന്നു കാത്തിരുന്നു... പുഴ മെലിഞ്ഞു... സോറി കുറേ നേരം കഴിഞ്ഞപ്പോള്‍ കരിമീന്‍ ഷാപ്പ് കറി വന്നു. ഒരു മണ്‍ചട്ടി നിറയെ ചുവന്ന്, വേപ്പിലയും, ഉണക്കമുളകും ,അരിഞ്ഞിട്ട സവാളയും നിറഞ്ഞ സൊയമ്പന്‍ മീന്‍ കറി. കരിമീന്‍ ഒന്നേ ഉള്ളൂവെങ്കിലും ചാറ് ഞങ്ങള്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് കൂട്ടാനുണ്ടാവും.
ഒരിത്തിരി എടുത്ത് രുചി നോക്കി. കണ്ണീന്നും മൂക്കീന്നും വെള്ളം ചറപറാന്ന് ചാടി. രണ്ട് ചെവീന്നും എരിവ് വായു ചീറിപ്പാഞ്ഞു പോയി. എന്നാലും രണ്ട് ചപ്പാത്തി ഷാപ്പ് കറിയില്‍ മുക്കി മണുമണാന്ന് അടിച്ചുവിട്ടു. കരിമീന്‍ ചിക്കനും ബീഫും കഴിയ്ക്കാത്ത ആള്‍ക്കുള്ളതാണ് എന്നതാണ് സങ്കല്പ്പമെങ്കിലും ചെറുതായി ഞങ്ങളും കരിമീനെ ആക്രമിച്ചു.
ഭക്ഷണമൊക്കെ കഴിഞ്ഞ് വീട്ടില്‍ വന്ന് രണ്ട് ഞാലിപ്പൂവന് പഴം കൂടി കഴിച്ചപ്പോഴാണ് എരിവൊന്നടങ്ങിയത്.
ഉറക്കത്തിനിടയ്ക്ക് നട്ടപ്പാതിരയ്ക്ക് ഞരക്കവും മൂളലും 'അയ്യോ, അമ്മേ, പീക്കേ' എന്ന വിളികളും കേട്ടാണ് കണ്ണു തുറന്നത്. ലൈറ്റിട്ട് നോക്കുമ്പോള്‍ വയറും പൊത്തിപ്പിടിച്ച് എരിപൊരിസഞ്ചാരവുമായി കിടക്കുന്നു ഒരാള്‍. ഗുളികയും ഗ്യാസിന്റെ മരുന്നും കഴിച്ചിട്ടുമൊന്നും ഒരു കുറവുമില്ല. ഇനി ആശുപത്രീ പോയി ഇഞ്ചക്ഷനെങ്ങാന് എടുക്കണോ എന്ന ആലോചനയിലായി ഞാന്‍.
ബഹളം കേട്ട് മക്കളുമെത്തി.
'ഒരു ചട്ടി മീന്‍ കറി മുഴുവന്‍ തീര്‍ത്തപ്പോഴേ എനിയ്ക്ക് തോന്നീതാ.' കുഞ്ഞുണ്ണിയാണ് .
'ആര്, എപ്പൊ ?'
'അമ്മ തന്നെ. അച്ഛന് ഫോണ്‍ വന്ന് സംസാരിക്കാന്‍ പോയില്ലേ. അപ്പോ അമ്മ ഇത്താര്യേശെ ഇത്തിരീശെ ആയിട്ട് അത് ഫുള്ളും തീര്‍ത്തു. '
'നിനക്ക് വല്ല പ്രാന്തൂണ്ടോ ബോബീ. ആ ഒരു ചട്ടി ഷാപ്പ് കറി മുഴുവന്‍ കഴിയ്ക്കാന്‍ ...?.
'
'അതിനിപ്പൊ വല്ല്യ പ്രശ്നം ഒന്നൂല്യ. ഇപ്പൊ ഒരു കുഴപ്പോല്ല്യ.'
സംഭ്രമവും പരവശവും ഒക്കെ കടിച്ചമര്‍ത്തി ചിരിക്കാന്‍ ശ്രമിക്കുന്നു ശ്രീമതി!
'സത്യം പറ. നീയത് മുഴുവന്‍ കഴിച്ചോ?'
'ഇല്ല. ആ ചട്ടി ബാക്കി വെച്ചിട്ടുണ്ട്. നിങ്ങള്‍ ഒറ്റ ആള് കാരണാണ് ആ കുന്തം ഓര്‍ഡര്‍ ചെയ്തത്. എന്നിട്ടിപ്പൊ കുറ്റം മുഴുവന്‍ എനിയ്ക്കും!'
അതും ശരിയാണ്. എന്റെ ഭാഗത്തും തെറ്റുണ്ട്. കുറച്ച് കൂടി മീന്‍ ചാറ് ഞാനും കഴിക്കേണ്ടതായിരുന്നു.
എത്ര ത്യാഗമനസ്ഥിതിയുള്ളവരാണ് സ്ത്രീകള്‍. സ്വന്തം ഭര്‍ത്താവ് അനുഭവിക്കേണ്ടത് കൂടി സ്വയം ഏറ്റെടുക്കുന്നു.
സ്മരണ വേണം. സ്മരണ.
Keywords: Dr.Sunil. Pk, experience, life
COMMENTS