തിരുവനന്തപുരം: നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് ഏകദിനത്തിനായി കൊച്ചി സ്റ്റേഡിയത്തിലെ ടര്‍ഫ് പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്ര...
തിരുവനന്തപുരം: നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് ഏകദിനത്തിനായി കൊച്ചി സ്റ്റേഡിയത്തിലെ ടര്‍ഫ് പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ വച്ചു തന്നെ നടത്താനുള്ള സാധ്യതയേറുന്നു. ഈ വിഷയത്തില്‍ ഇടപെട്ട കായികമന്ത്രി എ.സി.മൊയ്തീന് ക്രിക്കറ്റ് മത്സരം കാര്യവട്ടത്ത് നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫ് പൊളിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കെ.സി.എ, ജി.ഡി.സി.എ ഭാരവാഹികളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ശശി തരൂര്‍ എം.പിയും മത്സരം കൊച്ചിയില്‍ വച്ച് നടത്തുന്നതിനെതിരെ രംഗത്തുവന്നിരുന്നു.
എന്നാല്‍ മത്സരം കൊച്ചിയില്‍ വച്ച് നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ചെയര്മാന് സി.എന്‍ മോഹനനും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.
ഫുട്ബോള്‍ മത്സരത്തിനായി ഒരുക്കിയ ടര്‍ഫ് ക്രിക്കറ്റ് കളിക്കായി പൊളിക്കേണ്ടി വരുമെങ്കില്‍ സ്റ്റേഡിയം വിട്ടുകൊടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് ജി.ഡി.സി.എ ചെയര്മാന് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ക്രിക്കറ്റ് മത്സരം കഴിഞ്ഞാലും ഫുട്ബോള്‍ മത്സരത്തിനായി ഗ്രൗണ്ടൊരുക്കുമെന്നാണ് കെ.സി.എ നല്കിയ ഉറപ്പെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം വിട്ടുകൊടുത്തതെന്നും ജി.ഡി.സി.എ ചെയര്മാന് വ്യക്തമാക്കുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്, കേരള ക്രിക്കറ്റ് അസോസിയേഷന്, ജി.ഡി.സി.എ ഭാരവാഹികള്‍ എന്നിവര്‍ സംയുക്തയോഗം ചേരാന്‍ തീരുമാനിച്ചു.
COMMENTS