കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അ...
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചത്. പൊലീസ് സ്വീകരിച്ച തുടര്‍നടപടികളും കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസ് ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കുന്നതു വരെയാണ് സ്റ്റേ.
പൊലീസിനും കോടതിക്കും ഒരേ ദിവസം തന്നെയാണ് കേസ് നല്‍കിയതെന്നും ഇത് നിയസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും കോടതി വ്യക്തമാക്കി. പൊലീസിന് കേസില്‍ നടപടിയെടുക്കാന്‍ സമയം ലഭിക്കുന്നതിനു മുന്‍പു തന്നെ കോടതിയുടെ ഇടപെടലുണ്ടായെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. കര്‍ദ്ദിനാളും മറ്റ് പ്രതികളും നല്കിയ അപ്പീലിലാണ് ഇപ്പോള്‍ സ്റ്റേ നടപടി ഉണ്ടായിരിക്കുന്നത്.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.
വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫാദര്‍ ജോഷി പുതുവയാണ് കേസിലെ രണ്ടാം പ്രതി, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്പാടന്‍ മൂന്നാം പ്രതിയും ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ സാജു വര്‍ഗ്ഗീസ് നാലാം പ്രതിയുമാണ്.
കോടതി ഉത്തരവ് വന്നിട്ടും സെന്‍ട്രല്‍ പൊലീസിന് കിട്ടിയ പരാതിയില്‍ കേസെടുക്കുന്നതിന് പൊലീസ് അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് കേസെടുക്കാം എന്ന നിര്‍ദ്ദേശമാണ് എജി പൊലീസിന് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച മുഴുവന്‍ നടപടിക്രമങ്ങളും ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്.
COMMENTS