Search

വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം, എതിരാളികളുടെ വ്യക്തിജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീല ആരോപണങ്ങളും താങ്കളുടെ വീക്ക്‌നെസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. എകെജി വിവാദവുമായി ബന്ധപ്പെട്ട് വിഎസ് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച 'അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍' എന്ന ലേഖനത്തിനു മറുപടിയായാണ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.

സിപിഎമ്മിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്.

സാധാരണ സൈബര്‍ സഖാക്കള്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയില്‍ ഉയര്‍ത്തുന്ന അതേ കാര്യമാണ് ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത് എന്നതില്‍ നിന്ന് ആ പാര്‍ട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു.

എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാല്‍ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തില്‍ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ.അച്യുതാനന്ദന്‍?താങ്കള്‍ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏത് വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച് സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.

അതുകൊണ്ട് അതും വേറെന്തെങ്കിലും തമ്മില്‍ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യില്‍ത്തന്നെ വച്ചോളൂ, അല്ലെങ്കില്‍ പതിവുപോലെ സ്വന്തം നിലക്ക് തന്നെ ആയിക്കോളൂ, എന്നെയതിന് പ്രതീക്ഷിക്കണ്ട.


രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നുവന്ന പാര്‍ട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായില്‍ നിന്ന് പുറത്തുവന്ന മൊഴിമുത്തുകള്‍ മലയാള സാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണ്.


കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയില്‍ അങ്ങ് നടത്തിയ ഹീനമായ അധിക്ഷേപങ്ങള്‍ സഭാരേഖാകളില്‍ ഉണ്ടോ എന്നറിയില്ല, എന്നാല്‍ ഇപ്പുറത്തിരുന്ന് നേരില്‍ കേട്ട ഞങ്ങളുടെയൊക്കെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത് കേട്ട് ഡസ്‌ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാര്‍ട്ടിക്കാരുടെ മുഖങ്ങളും ഞങ്ങള്‍ക്കോര്‍മ്മയുണ്ട്.

പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച് സര്‍ക്കാര്‍ ചെലവില്‍ നിയമിക്കപ്പെട്ട പേഴ്‌സണല്‍ സ്റ്റാഫിനേക്കൊണ്ട് എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയില്‍ നോക്കിവായിച്ച, നീട്ടിയും കുറുക്കിയും ആവര്‍ത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസഘോഷയാത്ര എന്നതും ഈ നാട് മറന്നുപോയിട്ടില്ല.


എന്നെ അമൂല്‍ ബേബിയെന്ന് വിളിച്ചതില്‍ ഒരു വിരോധവുമില്ല, കാരണം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടര്‍ച്ചയായാണ് എന്നെയും വിളിക്കുന്നതെന്ന് അങ്ങ് തന്നെ പറയുന്നുണ്ടല്ലോ. എനിക്കത് അഭിമാനമാണ്.

എന്നാല്‍ ശ്രീ. അച്യുതാനന്ദന്‍ ഒന്നോര്‍ക്കുക, സര്‍ക്കാര്‍ ചെലവില്‍ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല, ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം.

അമൂല്‍ ബേബിമാരെ കയര്‍ഫെഡ് എംഡി മുതല്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ വരെയുള്ള ഉന്നതപദവിയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്ല്യമൊന്നും എല്ലാവര്‍ക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാര്‍ അവരവരുടെ മേഖലയില്‍ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത് ദയവായി തിരിച്ചറിയുക.


താങ്കളേപ്പോലുള്ളവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കളെ മുഴുവന്‍ ലൈംഗികാരോപണങ്ങളാല്‍ അടച്ചാക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയയിലെ ന്യൂജെന്‍ ഗോപാലസേനക്കാരിലൊരാള്‍ക്ക് ഞാന്‍ അതേനാണയത്തില്‍ നല്‍കിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും നടക്കട്ടെ.

എന്നെ തിരുത്താന്‍ എന്റെ പാര്‍ട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അര്‍ഹതയുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ മറ്റാരില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാലും താങ്കളില്‍ നിന്നോ സിപിഎമ്മില്‍ നിന്നോ അത് സാധ്യമാവുമെന്ന് തോന്നുന്നില്ല.Keywords: VT Balram MLA, VSAchuthanandan, Kerala,Politics


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വിഎസിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം, എതിരാളികളുടെ വ്യക്തിജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീല ആരോപണങ്ങളും താങ്കളുടെ വീക്ക്‌നെസ്