Search

എ.കെ.ജി ബാലപീഡകനെന്ന് വി.ടി.ബല്‍റാം, പാവങ്ങളുടെ പടത്തലവന്റെ വാക്കുകള്‍ വളച്ചൊടിച്ചു, പൊങ്കാലിട്ട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയവിടി ബല്‍റാം എംഎല്‍എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതിഷേധം.

എകെജി ബാലപീഡനം നടത്തിയെന്ന പേരില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റിനിട്ട കമന്റാണ് വിവാദമായത്. പിന്നീട് കൂടുതല്‍ വിശദീകരണവുമായി ബല്‍റാം രംഗത്തെത്തുകയും ചെയ്തു.

'വളര്‍ന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി' എന്ന എകെജിയുടെ വാക്കുകള്‍ 'വളര്‍ന്നു വരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു' എന്ന് ബല്‍റാം മാറ്റുകയായിരുന്നു.

ബല്‍റാമിനെതിരെ പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ വിശദീകരണവുമായി പിന്നീട് എത്തുകയായിരുന്നു.

ബല്‍റാമിന്റെ വിശദീകരണം ഇങ്ങനെ: ആദ്യത്തേത് 'പോരാട്ടകാലങ്ങളിലെ പ്രണയം' എന്ന തലക്കെട്ടോടുകൂടി ദി ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. 'ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്' എ കെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു.

നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലയ്ക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നതേയുള്ളൂ.

1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലയ്ക്ക് 1940 ന്റ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെ ചിത്രം സാക്ഷാല്‍ എകെ ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ച് അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു.

എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല.

മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.Keywords: VT Balram MLA, AKG, Communist Party, Congress, Social Media

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ എ.കെ.ജി ബാലപീഡകനെന്ന് വി.ടി.ബല്‍റാം, പാവങ്ങളുടെ പടത്തലവന്റെ വാക്കുകള്‍ വളച്ചൊടിച്ചു, പൊങ്കാലിട്ട് സോഷ്യല്‍ മീഡിയ