Search

നയപ്രഖ്യാപത്തിലെ കേന്ദ്ര വിമര്‍ശനം ഗവര്‍ണര്‍ വിട്ടുകളഞ്ഞത് സര്‍ക്കാരിനു കനത്ത ക്ഷീണമായി, ബദല്‍ നടപടി എന്തെന്നറിയാതെ സര്‍ക്കാര്‍

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ മനപ്പൂര്‍വം വിട്ടുകളഞ്ഞത് സര്‍ക്കാരിനു കനത്ത ക്ഷീണമായി. ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാവാനുള്ള സാദ്ധ്യത മുന്‍കൂട്ടിക്കാണാന്‍ സര്‍ക്കാരിന്റെ ഉപദേഷ്ടാക്കള്‍ക്കു കഴിയാതെ പോയതാണ് ഈ വലിയ അവമാനത്തിന് ഇടയാക്കിയത്.

നയപ്രഖ്യാന പ്രസംഗത്തില്‍ എഡിറ്റിംഗ് നടത്തി വായിക്കാനുള്ള സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍, മിക്കവാറും എല്ലാ ഗവര്‍ണര്‍മാരും സര്‍ക്കാര്‍ കൊടുക്കുന്നത് വായിക്കുകയാണ് പതിവ്. കേന്ദ്ര സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതിയും സാധാരണഗതിയില്‍ ഇടപെടല്‍ നടത്താറില്ല.

എന്നാല്‍, ജസ്റ്റിസ് സദാശിവത്തെ സാധാരണ ഗവര്‍ണര്‍മാരുടെ ഗണത്തില്‍ കണ്ടതാണ് സര്‍ക്കാരിനു ക്ഷീണമുണ്ടാവാന്‍ കാരണമായത്. കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയേയും വിളിച്ചു വരുത്തി ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ഇത്തരത്തില്‍ വിളിച്ചു വരുത്തുന്നതും അസാധാരണ നടപടിയാണ്. അന്നു കിട്ടിയ അടിയില്‍ നിന്നു തന്നെ സര്‍ക്കാര്‍ പാഠം പഠിക്കാതിരുന്നതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് ഒരു കാരണം.

അത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അന്ന് ഗവര്‍ണര്‍ ഉപദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആര്‍.എസ്.എസ്-എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ടപ്പോഴും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ഈ കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്നും ഇതു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ തലപൊക്കുന്നതിനെതിരേ സര്‍ക്കാര്‍ ജാഗ്രതയിലാണെന്നു ധ്വനിപ്പിക്കുന്ന വരികള്‍ ഗവര്‍ണറെക്കൊണ്ട് സര്‍ക്കാര്‍ വായിപ്പിക്കാന്‍ ശ്രമിച്ചത്.

വെട്ടിലായതോടെ, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നയപ്രഖ്യാപനത്തിലെ ചില പാരഗ്രാഫുകള്‍ വിട്ടുകളഞ്ഞതിനെക്കുറുച്ച് ഗവര്‍ണറോട് വ്യക്തത തേടുമെന്നറിയുന്നു. പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത് ബോധപൂര്‍വമാണോയെന്ന് ഗവര്‍ണറോട് സ്പീക്കര്‍ ആരായുന്നാണ് അറിയുന്നത്. ഇതിന് ബോധപൂര്‍വം വിട്ടതു തന്നെയെന്നു ഗവര്‍ണര്‍ വീണ്ടും മറുപടി കൊടുത്താല്‍ സര്‍ക്കാര്‍ വീണ്ടും മാനംകെടുകയും ചെയ്യും.

സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാരിനെ മറികടന്നു ജില്ലാ ഭരണാധികാരികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവണത നമ്മെ അസ്വസ്ഥമാക്കുന്നു എന്ന നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗം ഗവര്‍ണര്‍ വിട്ടുകളഞ്ഞത് ബോധപൂര്‍വമാണെന്നാണ് ഇടത് അനുഭാവുകള്‍ കരുതുന്നത്.

രാജ്യത്തെ മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായിരുന്നിട്ടു കൂടി ചില വര്‍ഗീയ സംഘടനകള്‍ ഭാരതത്തിലാകമാനം ഒരു മാസക്കാലം പ്രചരണം നടത്തുകയുണ്ടായി എന്ന വാക്കിലെ വര്‍ഗീയസംഘടനകള്‍ എന്ന പദവും ഗവര്‍ണര്‍ വിട്ടിരുന്നു.

നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇതും ഫലത്തില്‍ സര്‍ക്കാരിനു തന്നെയാണ് ക്ഷീണമുണ്ടാക്കുന്നത്. നയപ്രഖ്യാപനത്തിന്റെ കോപ്പി എല്ലാ അംഗങ്ങളുടെയും പക്കലുണ്ടായിരിക്കുകയും ഗവര്‍ണര്‍ വായിക്കുമ്പോള്‍ അംഗങ്ങള്‍ നയപ്രഖ്യാപനം നിവര്‍ത്തി ഒപ്പം വായിക്കുകയുമാണ് പതിവ്. എന്നിട്ടും നയപ്രഖ്യാപനത്തിന്റെ ശില്പിയായ മുഖ്യമന്ത്രി അതു ശ്രദ്ധിച്ചില്ലെന്നു പറയുന്നതും മാപ്പര്‍ഹിക്കാത്ത തെറ്റായി മാറുന്നു.

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവര്‍ണറെ കാണിച്ച ശേഷം മന്ത്രിസഭ അംഗീകരിച്ചക്കും. ഇതിനു ശേഷമാണ് അന്തിമരൂപത്തിലാക്കുക.

ഇനി ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗം കൂടി ചേര്‍ത്ത് നയപ്രഖ്യാപന പ്രസംഗം പാസ്സാക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതോടെ ഇതിന്റെ പേരിലും സഭ കലങ്ങുമെന്നും ഉറപ്പായി.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നയപ്രഖ്യാപത്തിലെ കേന്ദ്ര വിമര്‍ശനം ഗവര്‍ണര്‍ വിട്ടുകളഞ്ഞത് സര്‍ക്കാരിനു കനത്ത ക്ഷീണമായി, ബദല്‍ നടപടി എന്തെന്നറിയാതെ സര്‍ക്കാര്‍