Search

ജംഷഡ്പുരിനു മൂന്നാം ഗോള്‍ രഹിത സമനിലജംഷഡ്പുര്‍ എഫ്.സി 0 എ.ടി.കെ എഫ്.സി 0

ജംഷഡ്പുര്‍ : ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ജെ.ആര്‍.ഡി.ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ജംഷഡ്പുര്‍ എഫ്.സിയും, സന്ദര്‍ശകരും നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

ജംഷഡ്പുര്‍ എഫ്.സിയുടെ തുടര്‍ച്ചയായ മൂന്നാം ഗോള്‍ രഹിത സമനിലയാണിത്. നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയുടെ രണ്ടാം ഗോള്‍ രഹിത സമനിലയും . ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴിസിനോടും എ.ടി.കെ ഗോള്‍ രഹിത സമനില പങ്കുവച്ചിരുന്നു.

രണ്ടാം മത്സരത്തില്‍ 14നു പുണെ സിറ്റിയോട് തോല്‍വി സമ്മതിക്കേണ്ടിയും വന്ന ചാമ്പ്യന്മാര്‍ക്ക് ഇനിയും ആദ്യജയം അകലെ. ജംഷഡ്പുരിലെ ചെറിയ സ്റ്റേഡിയം നിറഞ്ഞെത്തിയ കാല്‍ ലക്ഷത്തോളം വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കും ആദ്യ മത്സരം നിരാശയുടേതായി.

ജംഷഡ്പുരിന്റെ ബ്രസീലില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ മെമോയാണ് മാന്‍ ഒഫ് ദി മാച്ച്.
ബോള്‍ പൊസിഷനില്‍ 54 ശതമാനം മുന്‍തൂക്കം എ.ടി.കെയ്ക്കാണ്. രണ്ടു കൂട്ടരും ആറ് ഷോട്ടുകള്‍ വീതം ഗോള്‍മുഖം ലക്ഷ്യമാക്കിയെങ്കിലും ഇതില്‍ നാലെണ്ണം ഓണ്‍ ലക്ഷ്യത്തിലെത്തിച്ച എ.ടി.കെയാണ് തമ്മില്‍ ഭേദം. ജംഷഡ്പുരിന്റെ ഒരു ഷോട്ട് മാത്രമേ ഓണ്‍ ടാര്‍ഗറ്റില്‍ വന്നുള്ളു.

ഇന്നലെ ജംഷഡ്പുര്‍ എഫ്.സി മൂന്നു മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ മലയാളി താരം അനസിനു പകരം ആന്ദ്രേ ബിക്കലിനെയാണ് സെന്റര്‍ ഡിഫെന്‍സില്‍ തിരിയ്ക്ക് ഒപ്പം ഇറക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദൗതി തിരിച്ചുവന്നപ്പോള്‍ ട്രിന്‍ഡാഡെ ആദ്യ ഇലവനില്‍ നിന്നും പുറത്തായി.

മുന്‍ നിരയില്‍ അസൂക്കയ്ക്കു പകരം പുതുമുഖതാരം ഫറൂഖ് ചൗധരിയേയും കോച്ച് സ്റ്റീവ് കോപ്പല്‍ കൊണ്ടുവന്നു. മറുവശത്ത് എ.ടി.കെ. രണ്ട് മാറ്റങ്ങള്‍ വരുത്തി. പ്രധാന മാറ്റം ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിനു പകരം ഫിന്‍ലാണ്ടില്‍ നിന്നുള്ള ജസി ജാസ്‌കിലെയ്‌നെ കൊണ്ടുവന്നതാണ്.

രണ്ടാമത്തെ മാറ്റം മുന്‍ നിരയില്‍ എന്‍ജാസി കുഗ്വിക്കു പകരം റോബിന്‍സിംഗിനായിരുന്നു ഇടം നല്‍കിയത്.  ആദ്യം തന്നെ ഗോള്‍ നേടുവാനുള്ള വാശിയോടയാമ് രണ്ടുടീമുകളും തുടക്കം കുറിച്ചത്.

പക്ഷേ, ഗ്രൗണ്ട് പലപ്പോഴും വില്ലനായി. ആദ്യ മിനിറ്റുകളില്‍ ആതിഥേയരുടെ സമീഗ് ദൗതിയക്കു കിട്ടിയ രണ്ട് അവസരങ്ങള്‍ ലക്ഷ്യം തെറ്റി പുറത്തേക്ക്
27 ാം മിനിറ്റില്‍ ജംഷഡ്പുരിനു മറ്റൊരു കനകാവസരം. കെവന്‍സ് ബെല്‍ഫോര്‍ട്ട് കുതിപ്പിനിടെ തൊടുത്ത ഷോട്ട് എ.ടി.കെയുടെ ഡിഫെന്‍ഡര് ടോം തോര്‍പിന്റെ കാലില്‍ തട്ടി റീബൗണ്ടില്‍ വന്നത് സമീഗ് ദൗതിയിലേക്കും തുടര്‍ന്നു ദൗതിയില്‍ നിന്നും ബോക്‌സില്‍ കയറിയ ജെറിയിലേക്കും.

സീറോ ആംഗിളില്‍ ജെറിയുടെ ഷോട്ട് സൈഡ് നെറ്റിലാണ് പതിച്ചത്. അടുത്ത മിനിറ്റില്‍ ജെറിക്കു വീണ്ടും അവസരം . ഇത്തവണ പെനാല്‍ട്ടി ബോക്‌സില്‍ വെച്ചു കീഗന്‍ പെരേര തടുത്തു. 32 ാം മിനിറ്റില്‍ എ.ടി.കെയ്ക്കും കിട്ടി ഗോള്‍ നേടാനുള്ള അവസരം ഒരുങ്ങി. പക്ഷേ ഹിതേഷ് ശര്‍മ്മ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി.

എ.ടി.കെയുടെ അടുത്ത അവസരം ബിന്‍ സിംഗിനെ ഫൗള്‍ ചെയ്തതിനു ലഭിച്ചതിനു 38 ാംമിനിറ്റില്‍ ജംഷഡ്പുരിന്റെ പെനാല്‍ട്ടി ഏരിയ്ക്കു 30 വാര അകലെ ലഭിച്ച ഫ്രീ കി്ക്കില്‍ നിന്നായിരുന്നു. കിക്കെടുത്ത സെക്യൂഞ്ഞയ്ക്കു നേട്ടം ആക്കി മാറ്റാനായില്ല. 41 ാം മിനിറ്റില്‍ സമീഗ് ദൗതി വീണ്ടും ഒരുക്കിക്കൊടുത്ത അവസരം ജെറിയ്ക്ക് ഗോള്‍മുഖത്ത് എത്തിക്കാനായില്ല.

44 ാം മിനിറ്റില്‍ എ.ടി.കെ യൂജിന്‍സണ്‍ ലിങ്‌ദോയ്ക്കു പകരം റൂപ്പര്‍ട്ട് നോനന്‍ഗമിനെ ഇറക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് എ.ടി.കെയ്ക്ക് അനൂകൂലമായി കിട്ടിയ ആദ്യ കോര്ണര്‍ കിക്ക് സെക്യൂഞ്ഞയ്ക്കു ഫലപ്രദമാക്കാന്‍ കഴിയാതെ വന്നതോടെ ആദ്യപകുതി ഗോള്‍ രഹിതമായി കലാശിച്ചു.

47 ാം മിനിറ്റില്‍ എ.ടി.കെയുടെ മിന്നല്‍ ആക്രമണത്തോടെ രണ്ടാം പകുതിക്കു തുടക്കം. ജംഷഡ്പുരിന്റെ പ്രതിരോധ നിരയില്‍ വിള്ളല്‍ വീഴത്തി പ്രബീര്‍ നല്‍കിയ പാസ് സ്വീകരിച്ച റോബിന്‍ സിംഗിന്റെ ചുവട് വെയ്പ് പിഴച്ചു.

താളം തെറ്റിയ റോബിന്‍ സിംഗിന്റെ ദുര്‍ബലമായ ലോബ് ഗോളി സുബ്രതോ പോള്‍ കരങ്ങളിലൊതുക്കി അപകടം ഒഴിവാക്കി. ഇന്നലെ നിറം മങ്ങിയ കെവന്‍സ് ബെല്‍ഫോര്‍ട്ടിനെ മാറ്റി കോപ്പല്‍ ഇസു അസുക്കയെയും,ജെറിയ്ക്കു പകരം ജെയ്‌റുവിനെയും എ.ടി.കെ സെക്യൂഞ്ഞയ്ക്കു പകരം എന്‍ജാസി കുഗ്വിയെയും സമീഗ് ദൗത്തിക്കു പകരം ട്രിന്‍ഡാഡെയും ഇറക്കി.

70 ാം മിനിറ്റില്‍ കോണര്‍ തോമസിന്റെ ലോങ് റേഞ്ചര#് സുബ്രതോ പോള്‍ കുത്തിയകറ്റി. . അടുത്ത മിനിറ്റില്‍ കുഗ്വിയുടെ മറ്റൊരു ആക്രമണവും ജംഷഡ്പുര്‍ അതിജീവിച്ചു.

83 ാം മിനിറ്റില്‍ എ.ടി.കെയക്കു കനകാവസരം കോര്‍ണര്‍ ഫഌഗിനു മുന്നില്‍ വെച്ചു ബിപിന്‍ സിംഗ് നീട്ടിക്കൊടുത്ത പന്ത് ഗോള്‍ മുഖത്തുവെച്ച് എന്‍ജാസി കുഗ്വി പുറത്തേക്ക് അടിച്ചു കളഞ്ഞു. 90 ാം മിനിറ്റില്‍ ട്രിന്‍ഡാഡയുടെ ഗോള്‍ മുഖത്തേക്കു എത്തിച്ച പന്ത് ഇസു അസൂക്കയ്ക്കു കണക്ട് ചെയ്യാന്‍ കഴിയാതെ വന്നതോടെ മത്സരം ഗോള്‍ രഹിത സമനിലയിലേക്കു നീങ്ങി.

ജംഷഡ്പുര്‍ ഇനി ഡിസംബര് ആറിനു ഡല്‍ഹിയേയും എ.ടി.കെ ഡിസംബര്‍ ഏഴിനു ചെന്നൈയിനെയും നേരിടും.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ജംഷഡ്പുരിനു മൂന്നാം ഗോള്‍ രഹിത സമനില