സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചൊഴിയുന്നതായിരിക്കും അദ്ദേഹത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിന...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചൊഴിയുന്നതായിരിക്കും അദ്ദേഹത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ലതെന്നു സിപിഎം നേതൃത്വം അറിയിച്ചെങ്കിലും ഉടന്‍ രാജിക്കില്ലെന്ന നിലപാടാണ് മന്ത്രി കൈക്കൊണ്ടിരിക്കുന്നതെന്നറിയുന്നു.മന്ത്രിയുടെ രാജിക്കാര്യത്തില്‍ എന്‍സിപി തന്നെ നിലപാടെടുത്ത് അറിയിക്കണമെന്ന് സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജിക്കില്ലെന്നു തോമസ് ചാണ്ടിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി എന്‍സിപിയും പറഞ്ഞത്. ഇതേസമയം, എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട് കേരള ഘടകം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എജിയുടെ നിലപാടു കൂടി വന്നിട്ടു രാജിക്കാര്യം തീരുമാനിച്ചാല്‍ മതിയെന്നും എന്‍സിപിയില്‍ ഒരു വിഭാഗം പറയുന്നുണ്ട്.
ഇതോടെ, കടുത്ത നിലപാടിലേക്കു പോകാന്‍ സിപിഎം നേതൃത്വം നിര്‍ബന്ധിതമാവുകയാണ്. മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാല്‍ മന്ത്രിയോട് ഒഴിഞ്ഞു പോകാന്‍ തന്നെ സിപിഎം നേതൃത്വം ആവശ്യപ്പെട്ടേക്കും. മറ്റൊരു കക്ഷിയിലെ മന്ത്രിയോടു രാജിവയ്ക്കാന്‍ സിപിഎം പറയുന്നത് മുന്നണി മര്യാദയല്ലെന്നതിനാലാണ് എന്‍സിപിയോട് നിലപാട് അറിയിക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടത്. ഇതിനു സിപി ഐയുടെ പിന്തുണയുമുണ്ട്.
സോളാര്‍ കേസില്‍ പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ കുടുങ്ങി നില്‍ക്കെ, ഭരണപക്ഷത്തിനുണ്ടാക്കാമായിരുന്ന രാഷ്ട്രീയ നേട്ടങ്ങളെല്ലാം ചാണ്ടിയെ ചുമക്കുന്നതിലൂടെ നഷ്ടമാവുകയാണെന്നാണ് സിപിഎം നേതൃത്വത്തിലെ വലിയൊരു വിഭാഗം കരുതുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ചാണ്ടിയെ വിളിച്ചുവരുത്തി കാര്യങ്ങളുടെ ഗൗരവം മുഖ്യമന്ത്രി തന്നെ അദ്ദേഹത്തോടു വിശദീകരിച്ചത്.
ഇതോടെ, ചാണ്ടി സ്വയം രാജിവച്ചു പോകുമെന്ന ധാരണ പരന്നിരുന്നു. മാധ്യമങ്ങളെല്ലാം ഇതു റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. എന്നാല്‍, ഇന്നു ചാണ്ടിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ നേതൃത്വം രംഗത്തുവന്നതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയുകയാണ്.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സര്‍ക്കാരും എല്‍ഡിഎഫും ആണെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് കോഴിക്കോട്ടു പറയുകയുണ്ടായി. തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞതോടെ, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്തത്.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണെന്നും രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും എന്‍
സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്ററും പറഞ്ഞു. കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി തോമസ് ചാണ്ടിയല്ലെന്നും അതു തടയാത്ത ഉദ്യോഗസ്ഥരാണെന്നുമാണ് പീതാംബരന് മാസ്റ്റര്‍ പറയുന്നത്.
ഇതേസമയം, അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നതെന്ന ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് എന്‍സിപി നേതൃത്വം മിണ്ടുന്നുമില്ല. ഇതോടെയാണ് സിപിഎം നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന നിലപാടിലേക്കു വന്നത്. സിപി ഐ ആകട്ടെ മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി തുടരുന്നത് അനുചിതമല്ലെന്ന് ഇതിനകം തന്നെ മുന്നണി തലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
COMMENTS