BREAKING NEWS
Search

എന്‍സിപിയില്‍ ഗ്രൂപ്പ് വൈരം പുകയുന്നു, ശശീന്ദ്രന്‍ മന്ത്രിയാകുന്നത് തടയാന്‍ കരുനീക്കം, ഗണേശ് കുമാറും ചിത്രത്തില്‍


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്നു തോമസ് ചാണ്ടി പുറത്തുപോയതോടെ എന്‍സിപിയില്‍ ഗ്രൂപ്പ് വൈരം കത്തുന്നു. ആദ്യം കുറ്റവിമുക്തനായി വരുന്നയാള്‍ക്ക് മന്ത്രിക്കസേരയെന്നു തോമസ് ചാണ്ടി തന്നെ പറയുകയും സിപിഎം നേതൃത്വം അതു നിഷേധിക്കാതിരിക്കുകയും ചെയ്തതോടെ മന്ത്രിക്കസേര കൈവിട്ടു പോകാതിരിക്കാനുള്ള നീക്കം ഇരുപക്ഷവും ശക്തമാക്കിയതാണ് ഗ്രൂപ്പു വൈരം മുറുകാന്‍ കാരണം.

മംഗളം ചാനലിലെ പെണ്ണുകേസില്‍ കുടുങ്ങിയ എ.കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയായത്. ചാണ്ടി കായല്‍ കൈയേറ്റ കേസില്‍ കുടുങ്ങി കസേര ഒഴിയുമ്പോള്‍ പകരമൊരു മന്ത്രിയെ ഇരുത്താന്‍ എന്‍സിപിക്ക് ആളില്ല. ശശീന്ദ്രന്‍ തന്നെ കുടുക്കിയ യുവതിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമത്തിലാണ്. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അവിടെ കാര്യങ്ങള്‍ രമ്യമായി തീര്‍ന്നാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമത്രേ. തനിക്കു കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് യുവതി കോടതിയെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്.

ഇതേസമയത്താണ്, തന്നെ പ്രതിക്കൂട്ടിലാക്കുന്ന ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിക്കാന്‍ പോകുന്നത്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പറയുന്നുണ്ട്.

ഇതോടെയാണ് ചാണ്ടിയും ശശീന്ദ്രനും തമ്മിലുള്ള മത്സരത്തിനു കളമൊരുങ്ങിയത്. ശശീന്ദ്രന്‍ കുറ്റവിമുക്തനായെത്തിയാലും ഉടന്‍ മന്ത്രിസ്ഥാനം നല്കാതിരിക്കാനുള്ള നീക്കങ്ങള്‍ ചാണ്ടി ക്യാമ്പില്‍ നടക്കുന്നുണ്ട്. ഇരുവരും തമ്മില്‍ പ്രത്യക്ഷത്തില്‍ വൈരമൊന്നും കാണിക്കാറില്ലെങ്കിലും ഗ്രൂപ്പുപോര്  ശക്തമായിട്ടുണ്ട്.

പാര്‍ട്ടി കേന്ദ്രനേതൃത്വവും മുഖ്യമന്ത്രിയും തന്നെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചാണ്ടി. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപി ഐയെ പോലും പിണക്കിക്കൊണ്ട് തനിക്കൊപ്പം നിന്ന മുഖ്യമന്ത്രി തന്നെ ഇനിയും കാത്തുരക്ഷിക്കുമെന്ന പ്രതീക്ഷയും ചാണ്ടിക്കുണ്ട്.

ഇതിനിടെ, തനിക്കു മന്ത്രിസ്ഥാനം കിട്ടാതെ പോകുന്ന ഘട്ടം വന്നാല്‍ കെ.ബി ഗണേശ് കുമാറിനെ എന്‍സിപിയിലേക്കു കൊണ്ടുവന്ന് ശശീന്ദ്രന്‍ മന്ത്രിയാകുന്നതു തടയുന്നതിനെക്കുറിച്ചും തോമസ് ചാണ്ടി വിഭാഗം പദ്ധതിയിടുന്നു. ഇതിനോടു പക്ഷേ, ഗണേശ് കുമാര്‍ എങ്ങനെ പ്രതികരിക്കുമെന്നു വ്യക്തമല്ല.

ഇതേസമയം, രണ്ടു മന്ത്രിമാരും പേരുദോഷം കേള്‍പ്പിച്ചിരിക്കെ, ഇനി എന്‍സിപിക്കു മന്ത്രിസ്ഥാനം നല്കരുതെന്നും ആ സ്ഥാനം തിരിച്ചെടുത്ത് ഇ.പി യരാജനു കൊടുക്കണമെന്നും സിപിഎമ്മില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്.


Keywords: Thomas Chandy, NCP, Saseendran






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ എന്‍സിപിയില്‍ ഗ്രൂപ്പ് വൈരം പുകയുന്നു, ശശീന്ദ്രന്‍ മന്ത്രിയാകുന്നത് തടയാന്‍ കരുനീക്കം, ഗണേശ് കുമാറും ചിത്രത്തില്‍