BREAKING NEWS
Search

സോളാര്‍: ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളെന്നു വിഡി സതീശന്‍, നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കണം, കെപിസിസി ഉപാദ്ധ്യക്ഷന്റെ ആവശ്യം പലരെയും ഞെട്ടിക്കാന്‍ പോന്നത്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിഴുപ്പലക്കലിനു തുടക്കമിട്ടുകൊണ്ട്, കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി. സതീശന്‍ രംഗത്തെത്തി.

വളരെ ഗൗരവമേറിയ ആരോപണങ്ങളാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളതെന്നും  കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സതീശന്‍ പറഞ്ഞു.

വിഷയത്തിന്റെ ഗൗരവം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ നേതൃത്വം വിഷയം പരിഗണിക്കുമെന്നും സതീശന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറയുമെന്നും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും സതീശന്‍ വ്യക്തമാക്കി.

എന്നാല്‍, പ്രതിസ്ഥാനത്തുള്ളവര്‍ക്കു സ്വാഭാവിക നീതി ലഭ്യമാക്കാതെയാണ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്യുന്നതെന്നും സതീശന്‍ പറയുന്നു.

ഇത്ര പ്രാധാന്യമുള്ള ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചുകൂടേയെന്നും സതീശന്‍ ചോദിക്കുന്നു.

സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിന് ആറ് മാസം കാത്തിരിക്കണോ എന്നാണ് സതീശന്റെ മറ്റൊരു ചോദ്യം.

ഇതേസമയം, സോളാര്‍ കേസ് പാര്‍ട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ പറയുന്നു.

കേസ് നേരിടാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ട്. എഐസിസി വക്താവ് മനു അഭിഷേക് സിംഗ്‌വി ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും ഉറപ്പുനല്കിയിട്ടുണ്ട്.

കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിനു കൊടുക്കാന്‍ നിയമമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ദഹിക്കാത്ത കാര്യമാണെന്നും ഹസന്‍ പറയുന്നു.

സതീശന്റെ വാക്കുകള്‍ കൃത്യമയാ ലക്ഷ്യത്തോടെയാണെന്നു വ്യക്തമാണ്. ഗുരുതരം എന്നു പറയുമ്പോള്‍ തന്നെ, മാനഭംഗക്കേസില്‍ പ്രതിയാകുന്ന ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നേതാക്കളെയാണ് സതീശന്‍ ഉന്നം വയ്ക്കുന്നത്.

കിഴവന്മാരുടെ നേതൃനിര മാറി പുതിയൊരു നിര ഉയര്‍ന്നുവരുന്നതിനു സമയമായെന്നു പറയാതെ പറയുകയാണ് സതീശന്‍. റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വച്ചാല്‍ അതു പുറത്തെത്തുകയും അതുവഴി ആരോപണ വിധേയരെ ഒന്നാകെ വെളിച്ചത്തു കൊണ്ടുവന്നു അവരുടെ മുഖം മൂടി മാറ്റാനും കഴിയും.

സതീശന്റെ ഈ ആവശ്യം ഭരണപക്ഷം എത്രത്തോളം പ്രയോജനപ്പെടുത്തുമെന്നു വ്യക്തമല്ല. ഇപ്പോള്‍ റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കാന്‍ ഭരണപക്ഷം ഉദ്ദേശിക്കുന്നില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കു സംസ്ഥാനം എത്തുന്നതിനു തൊട്ടടുത്ത് റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷത്തെ കുടുക്കുകയാണ് ഭരണപക്ഷത്തിന്റെ തന്ത്രം.

Keywords: VD Satheeshan, Oommen Chandy, Congress Party, Solar Case, Saritha Nair



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സോളാര്‍: ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളെന്നു വിഡി സതീശന്‍, നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കണം, കെപിസിസി ഉപാദ്ധ്യക്ഷന്റെ ആവശ്യം പലരെയും ഞെട്ടിക്കാന്‍ പോന്നത്