Search

മയക്കുമരുന്ന് മാഫിയയെ ഭയന്ന് ഗോവയിലെ ഫിഷറീസ് മന്ത്രി പ്രഭാത സവാരി മതിയാക്കി, അദ്ദേഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടായിരുന്നു മനോഹര്‍ പരീക്കര്‍ കേരളത്തിലേക്ക് ടിക്കറ്റെടുക്കേണ്ടിയിരുന്നത്: തോമസ് ഐസക്ക്

തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിലേക്കു വന്നപ്പോള്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചുമെന്നും തെമ്മാടികളാണ് കേരളം ഭരിക്കുന്നതെന്നുമാണ് ഗോവ മുഖ്യമന്ത്രി ജനരക്ഷായാത്രയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. ഇതിനെതിരെയാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മയക്കുമരുന്നു മാഫിയ തന്നെ വേട്ടയാടുന്നു എന്ന് ഗോവയിലെ ഫിഷറീസ് മന്ത്രി ചീഫ് സെക്രട്ടറിക്കു പരാതി നല്‍കി. മാഫിയയെ ഭയന്ന് മന്ത്രി പ്രഭാത സവാരി പോലും ഉപേക്ഷിച്ചു. സ്വന്തം മന്ത്രിസഭയിലെ മന്ത്രിക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുവേണമായിരുന്നു പരീക്കര്‍ കേരളത്തിലേക്ക് ടിക്കറ്റ് എടുക്കേണ്ടിയിരുന്നതെന്ന് തോമസ് ഐസക്ക് എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളത്തിലെ തങ്ങളുടെ അണികളെ ആവേശം കൊള്ളിക്കാന്‍ പദവിയ്ക്കും അന്തസിനും ചേരാത്ത പ്രസ്താവനകളിറക്കി മത്സരിക്കുകയാണ് ജനരക്ഷായാത്രയ്‌ക്കെത്തുന്ന ബിജെപി നേതാക്കള്‍. ഇതൊക്കെക്കൊണ്ട് എന്താണവര്‍ നേടുന്നത് എന്നറിയില്ല. ഏറ്റവുമൊടുവില്‍ ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് വില കുറഞ്ഞ പ്രസ്താവനയിറക്കി വാര്‍ത്താകേന്ദ്രമായത്.

ഏതു ഭരണമികവിനെക്കുറിച്ചാണ് മനോഹര്‍ പരീഖര്‍ ഊറ്റം കൊള്ളുന്നത് എന്നറിയില്ല. മയക്കുമരുന്നു മാഫിയ തന്നെ വേട്ടയാടുകയാണെന്ന് ഇക്കഴിഞ്ഞ മാസമാണ് ഗോവയിലെ ഫിഷറീസ് മന്ത്രി വിനോദ് പാലീയേങ്കര്‍ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കു പരാതി നല്‍കിയത്. മാഫിയയെ ഭയന്ന് പ്രഭാതസവാരി പോലും ഉപേക്ഷിച്ചുവെന്ന് പത്രസമ്മേളനം നടത്തി പരീഖര്‍ മന്ത്രിസഭയിലെ അംഗം തുറന്നടിച്ചത് സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു.

അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കൗതുകകരമായിരുന്നു. ഇക്കാര്യങ്ങള്‍ പുറത്തുപറയരുതെന്നാവശ്യപ്പെട്ട് ഭരണകക്ഷി എംഎല്‍എമാര്‍ക്ക് അദ്ദേഹം കത്തെഴുതി. ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നത് അനാവശ്യമായ സെന്‍സേഷനുണ്ടാക്കുമെന്നും അക്രമികള്‍ക്ക് നടപടികളെക്കുറിച്ചുള്ള സൂചന കിട്ടുമെന്നൊക്കെയായിരുന്നത്രേ കത്തിലെ വാദങ്ങള്‍. പരീക്കറുടെ ഈ നടപടിയും സംസ്ഥാനത്ത് രൂക്ഷമായ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.

ഗോവയിലെ മുന്‍മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന രവി നായിക്കിന്റെ മകന്‍ റോയ് നായിക്കും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ അംഗമായിരുന്ന മുന്‍ എംഎല്‍എ ലാവൂ മാംലേദാറിന്റെ വെളിപ്പെടുത്തലും ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടു സ്വീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, കമ്മിറ്റിയില്‍ അംഗങ്ങളായ ബിജെപി അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്നും കഴിഞ്ഞ മാസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ മയക്കുമരുന്നു വില്‍പനയില്‍ പ്രാവീണ്യം നേടിയ സംഘങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ രേഖാമൂലം അറിയിച്ചതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

ഗോവയിലെ ഉന്നത രാഷ്ട്രീയനേതാക്കളും മയക്കുമരുന്നു മാഫിയയുമായുള്ള കൂട്ടുകെട്ട് എന്നും വിവാദവിഷയമായിരുന്നു. അധികാരമേറ്റാല്‍ മാഫിയയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനവും നല്‍കിയിരുന്നു. പക്ഷേ, 40 അംഗ മന്ത്രിസഭയില്‍ ബിജെപിയ്ക്ക് ആകെ കിട്ടിയത് 13 സീറ്റാണ്. കോണ്‍ഗ്രസിന് പതിനേഴും. തെരഞ്ഞെടുപ്പില്‍ ജനം വോട്ടു ചെയ്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാത്തതുകൊണ്ടാവാം, മാഫിയയ്‌ക്കെതിരെ ഇതേവരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.

മയക്കുമരുന്നു മാഫിയയെ ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന മന്ത്രിസഭയിലെ സ്വന്തം സഹപ്രവര്‍ത്തകന്റെ സുരക്ഷിതത്വം പരീക്കര്‍ ആദ്യം ഉറപ്പുവരുത്തട്ടെ. മിനിമം അത്രയെങ്കിലും ചെയ്തിട്ട് കേരളത്തിലേയ്ക്കൂ ടിക്കറ്റെടുക്കൂ.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മയക്കുമരുന്ന് മാഫിയയെ ഭയന്ന് ഗോവയിലെ ഫിഷറീസ് മന്ത്രി പ്രഭാത സവാരി മതിയാക്കി, അദ്ദേഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടായിരുന്നു മനോഹര്‍ പരീക്കര്‍ കേരളത്തിലേക്ക് ടിക്കറ്റെടുക്കേണ്ടിയിരുന്നത്: തോമസ് ഐസക്ക്