സ്വന്തം ലേഖകന്‍ കൊച്ചി: ഓട്ടോ റിക്ഷയെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ വൃദ്ധനെ ജീപ്പില്‍ വലിച്ചുകയറ്റി പൊതിരെ തല്ലുകയും കൈയിലുണ്ടാ...
സ്വന്തം ലേഖകന്‍
കൊച്ചി: ഓട്ടോ റിക്ഷയെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാട്ടിയ വൃദ്ധനെ ജീപ്പില്‍ വലിച്ചുകയറ്റി പൊതിരെ തല്ലുകയും കൈയിലുണ്ടായിരുന്ന 4500 രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരേ നടപടിയുണ്ടാവും.വകുപ്പു തല അന്വേഷണം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. സംഭവം വലിയ വാര്‍ത്തയായതോടെ ആഭ്യന്തര വകുപ്പും ഇടപെട്ടിട്ടുണ്ട്. ഇതേസമയം, വയോധികനെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
മണക്കാട് മാടശേരില്‍ മാധവന് (64) ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഇടതു കണ്ണിന് ഇടിയില്‍ സാരമായ പരുക്കുണ്ട്.
രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ തൊടുപുഴ സഹകരണ ആശുപത്രിയില്‍ എത്തി മരുന്നു വാങ്ങിയ ശേഷം വീട്ടിലേക്കു പോകാന്‍ വണ്ടി കാത്തുനില്‍ക്കുമ്പോഴാണ് മാധവന് അറിയാതെ പൊലീസ് ജീപ്പിനു കൈകാണിച്ചുപോയത്. ഓട്ടാറിക്ഷയായിരിക്കും വരുന്നതെന്നു കരുതിയാണ് കൈകാണിച്ചത്.
വാഹനം നിര്‍ത്തിയ പൊലീസുകാര്‍ മാധവനെ അസഭ്യം പറഞ്ഞു. മാധവന് പ്രതികരിച്ചപ്പോള്‍ രണ്ടു പൊലീസുകാര്‍ ചാടിയിറങ്ങി ജീപ്പിലേക്കു വലിച്ചിട്ടു. ജീപ്പിലിട്ടു തല്ലിയ ശേഷം സ്റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മാധവന് പറയുന്നു.
അടിച്ച് അവശനാക്കിയ മാധവന്റെ പക്കലുണ്ടായിരുന്ന 4500 രൂപയും പൊലീസുകാര്‍ തട്ടിയെടുത്തു. ഇതിനു ശേഷം വെളുപ്പിന് ഒന്നര മണിയോടെ വിട്ടയച്ചു.
തിരിച്ചുപോകാന്‍ പണം പോലുമില്ലാതെ വിഷമിച്ച തനിക്ക് സ്റ്റേഷനിലെ ഒരു പൊലീസുകാരിയാണ് 50 രൂപ നല്‍കിയതെന്ന് മാധവന് ഉന്നത പൊലീസ് അധികൃതര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ വിഷയത്തില്‍ പൊലീസ് അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
COMMENTS