Search

വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു, നദിര്‍ഷാക്കു നെഞ്ചുവേദന, ആശുപത്രിയില്‍, മുന്‍കൂര്‍ ജാമ്യത്തിനും ശ്രമംനേരത്തേ നടന്ന ചോദ്യംചെയ്യലുകളില്‍ നാദിര്‍ഷാ കൊടുത്ത മൊഴികള്‍ പലതും കളവാണെന്നു സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തുന്നതെന്നാണ് അറിയുന്നത്


സ്വന്തം ലേഖകന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചു. എന്നാല്‍, നെഞ്ചുവേദനയെന്ന കാരണത്താല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളതിനാല്‍ അദ്ദേഹം അന്വേഷക സംഘത്തിനു മുന്നില്‍ എത്തുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് വിവരം.

നേരത്തേ നടന്ന ചോദ്യംചെയ്യലുകളില്‍ നാദിര്‍ഷാ കൊടുത്ത മൊഴികള്‍ പലതും കളവാണെന്നു സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തുന്നതെന്നാണ് അറിയുന്നത്.

കേസില്‍ കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലെത്തി നില്ക്കുന്നതിനാലാണ് നാദിര്‍ഷായെ തിരക്കിട്ട് ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നത്. ഇതേസമയം, നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ തീരുമാനമാവുംവരെ ആശുപത്രിയില്‍ തുടരാനാണ് സാദ്ധ്യതയെന്നും അറിയുന്നു.

നേരത്തേ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് നാദിര്‍ഷായും ദിലീപും ഒന്നിച്ചു വിധേയരായിരുന്നു. അന്നു മൊഴിയെടുക്കലിനു രണ്ടു ദിവസം മുന്‍പ്  നാദിര്‍ഷായ്ക്ക് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിനെക്കുറിച്ചു പരിശീലനം നല്കിയിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ പരിശീലനത്തിന്റെ പിന്‍ബലത്തിലാണ് നാദിര്‍ഷാ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും പിടിച്ചുനിന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പൊലീസിന്റെ രീതികളും വരാവുന്ന ചോദ്യങ്ങലും അതിനു നല്‌കേണ്ട മറുപടികളുമെല്ലാം ഈ ഉദ്യോഗസ്ഥന്‍ നാദിര്‍ഷായെ പഠിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ജൂണ്‍ 26നാണ് നാദിര്‍ഷായ്ക്കു വൈറ്റിലയില്‍ വച്ചു പരിശീലനം കൊടുത്തത്. ഇതോടെ തന്നെ തങ്ങളെ ഏതു നിമിഷവും പൊലീസ് വിളിപ്പിച്ചേക്കുമെന്ന് നാദിര്‍ഷായും ദിലീപും ഉറപ്പിച്ചിരുന്നുവെന്നാണ് അറിയുന്നത്.

അതുകൊണ്ടു തന്നെ ചോദ്യം ചെയ്യലിനെ നേരിടാന്‍ ഇരുവരും മാനസികമായി സജ്ജരായിരുന്നു.

ഉദ്യോഗസ്ഥനും നാദിര്‍ഷായും ഒരു മൊബൈല്‍ ടവറിനു കീഴില്‍ വരുന്നതിന്റെ റെക്കോഡ് മുതല്‍ നാദിര്‍ഷാ കാണാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ വരെ പൊലീസിന്റെ പക്കലുണ്ട്.

ഈ വിവരം രാത്രി തന്നെ അന്നത്തെ ഡിജിപി ടിപി സെന്‍കുമാറിനു റിപ്പോര്‍ട്ടായി കിട്ടി. പക്ഷേ, താന്‍ വിരമിക്കാന്‍ ഇരിക്കുന്നതിനു തൊട്ടു മുന്‍പ് ഉദ്യോഗസ്ഥന്റെ പണി തെറിപ്പിച്ചെന്ന പേരുദോഷമുണ്ടാക്കേണ്ടെന്നു കരുതി സെന്‍കുമാര്‍ മൗനം പാലിക്കുകയായിരുന്നത്രേ.

ഈ ഉദ്യോഗസ്ഥനും സെന്‍ കുമാറും തമ്മില്‍ കടുത്ത പോരിലുമായിരുന്നു. ഉദ്യോഗസ്ഥനാവട്ടെ സര്‍ക്കാരിനു വളരെ വേണ്ടപ്പെട്ടയാളും. താന്‍ നടപടിയെടുത്താലും സര്‍ക്കാര്‍ ഇയാളെ രക്ഷിക്കുമെന്ന സംശയവും സെന്‍ കുമാറിനുണ്ടായിരുന്നു. അതിനാല്‍ തന്നെ റിപ്പോര്‍ട്ട് പിന്‍ഗാമിക്കായി മാറ്റിവച്ചു സെന്‍കുമാര്‍ പടിയിറങ്ങുകയായിരുന്നു.

ഇതിന്റെ രണ്ടാമത്തെ ദിവസം നാദിര്‍ഷായെയും ദിലീപിനെയും ചോദ്യം ചെയ്യലിന് എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം വിളിച്ചുവരുത്തിയത്. എന്നാല്‍ പരിശീലനം കൊടുത്തിരുത് മറ്റൊരു എഡിജിപി ആയിരുന്നതിനാല്‍ നാദിര്‍ഷായ്ക്കു തുടക്കത്തില്‍ സംസാരിച്ചുനില്‍ക്കാനായി എന്നാണ് പൊലീസ് പറയുന്നത്.

പക്ഷേ, തെളിവു സഹിതം ചോദ്യങ്ങള്‍ വന്നപ്പോള്‍ നാദിര്‍ഷാ പതറിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്.

എന്നല്‍, ഉദ്യോഗസ്ഥനുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ടെന്നും പെരുന്നാളിനു വീട്ടില്‍ പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ അദ്ദേഹത്തിനു കൊടുക്കാനാണ് പോയതെന്നും എന്തൊക്കെയാണ് കേള്‍ക്കുന്നത്, സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്ന് ഉദ്യോഗസ്ഥന്‍ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും നാദിര്‍ഷാ പറഞ്ഞിരുന്നു.

നാദിര്‍ഷാ വീണ്ടും ചോദ്യം ചെയ്യലിനു വിധേയനാകുന്നതോടെ, കേസ് പുതിയ വഴിത്തിരിവിലേക്കു പോയേക്കും. നാദിര്‍ഷായെ മാപ്പുസാക്ഷിയാക്കാന്‍ നേരത്തേ അന്വേഷക സംഘം ആലോചിച്ചിരുന്നുവെങ്കിലും പിന്നീടു കൂറുമാറുമോ എന്നു ഭയന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു, നദിര്‍ഷാക്കു നെഞ്ചുവേദന, ആശുപത്രിയില്‍, മുന്‍കൂര്‍ ജാമ്യത്തിനും ശ്രമം