അബു സലിം മുംബയ് : 1993ലെ മുംബയ് സ്ഫോടന കേസിലെ താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് ഖാന് എന്നിവര്‍ക്കു പ്രത്യേക ടാഡ കോടതി വധശിക്ഷ വിധിച്ചു. കൂ...
അബു സലിം
മുംബയ് : 1993ലെ മുംബയ് സ്ഫോടന കേസിലെ താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് ഖാന് എന്നിവര്‍ക്കു പ്രത്യേക ടാഡ കോടതി വധശിക്ഷ വിധിച്ചു. കൂട്ടുപ്രതികളായ അധോലോക തലവന്‍ അബു സലിം, കരിമുള്ള ഖാന് എന്നിവര്‍ക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
മറ്റൊരു പ്രതി റിയാസ് സിദ്ദിഖിക്ക് പത്തു വര്‍ഷം തടവ് വിധിച്ചു. അബുസലിം അടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി നേരത്തേ വിധിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നിവയാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
1993 മാര്‍ച്ച് 12ന് 257 പേരുടെ മരണത്തിനും 713 പേര്‍ക്ക് പരിക്കിനും ഇടയാക്കിയതായിരുന്നു സ്ഫോടന പരന്പര. 24 വര്‍ഷത്തിനു ശേഷമാണ് വിധി.
1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തിന് പ്രതികാരമായിട്ടായിരുന്നു സ്ഫോടന പരമ്പര നടത്തിയത്.
പ്രതി ചേര്‍ക്കപ്പെട്ട അബ്ദുല്‍ ഖയൂമിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാക്കി. കേസിന്റെ വിചാരണയുടെ ആദ്യഘട്ടത്തില്‍ 100 പേരെ ശിക്ഷിച്ചിരുന്നു. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുന്‍പു തൂക്കിലേറ്റിയിരുന്നു.
കേസില്‍ കുറ്റാരോപിതരായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം, സഹോദരന് അനീസ് ഇബ്രാഹിം, മുസ്തഫ ദോസയുടെ സഹോദരന് മുഹമ്മദ്, ടൈഗര്‍ മേമന് തുടങ്ങി 33 പേരെ അറസ്റ്റ് ചെയ്യാനായില്ല.
പ്രതികള്‍ക്ക് ഗുജറാത്തില്‍നിന്നു മുംബയിലേക്ക് ആയുധം എത്തിച്ചുകൊടുത്തതാണ് അബു സലിം അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. 2005ല്‍ പോര്‍ച്ചുഗലാണ് അബു സലിമിനെ ഇന്ത്യക്ക് കൈമാറിയത്. 2003ല്‍ ദുബായിയില്‍നിന്ന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മുസ്തഫ ദോസ അറസ്റ്റിലായത്.
COMMENTS