Search

കുല്‍ദീപിന് ഹാട്രിക്, 50 റണ്‍സിന് ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് രണ്ടാം ഏകദിനത്തിലും ജയം


കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ കൊയ്ത എതിരില്ലാത്ത ജയത്തിന്റെ ലഹരിയില്‍ തുടരുന്ന ടീം ഇന്ത്യ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയയെ തോല്പിച്ചു. 50 റണ്‍സിനാണ് രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ ജയം.

ഇന്ത്യയുടെ ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് യാദവിന്റെ ഹാട്രിക് പ്രകടനം കളിയില്‍ നിര്‍ണായകമായി. കാല്‍നൂറ്റാണ്ടിനു ശേഷം ഒരു ഇന്ത്യന്‍ ബൗളറുടെ ആദ്യ ഹാട്രിക്കാണ് ഇന്നു കൊല്‍ക്കത്ത കണ്ടത്. ആറ് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചു. ചാഹലും താന്‍ ഇന്ത്യയുടെ ഭാവിയുടെ കരുത്താണെന്ന് ബോള്‍ കൊണ്ടു തെളിയിച്ചു.
അഞ്ചിന് 148 റണ്‍സ് എന്ന നിലയില്‍ നിന്ന ഓസ്‌ട്രേലിയയെയാണ് കുല്‍ദീപ് യാദവ് എട്ടിന് 148 റണ്‍സ് എന്ന നിലയിലേക്കു തള്ളിയിട്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് (2), ആഷ്ടന്‍ ആഗര്‍ (0), പാറ്റ് കുമ്മിന്‍സ് (0) എന്നിവരായിരുന്നു കുല്‍ദീപിന്റെ ഇരകള്‍. ചേതന്‍ ശര്‍മ (1987) കപില്‍ ദേവ് (1991) എന്നിവരാണ് ഇതിനു മുന്‍രപ് ഇന്ത്യക്കു വേണ്ടി ഹാട്രിക് നേടിയിട്ടുള്ളത്.


253 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 43.1 ഓവറില്‍ 202 റണ്‍സിന് പുറത്താവുകയായിരുന്നു. ക്യാപ്ടന്‍ സ്റ്റീവ് സ്മിത്തും (59) മാര്‍ക്കസ് സ്റ്റോണിസും (62*) മാത്രമാണ് പൊരുതിയത്.

ഓപ്പണര്‍മാരെ തുടക്കത്തിലേ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് കളി ഇന്ത്യയുടേതാക്കിയത്. ഓസ്‌ട്രേലിയയ്ക്ക് അനായാസം നേടാവുന്ന സ്‌കോറായിരുന്നു ഇന്ത്യ ഉയര്‍ത്തിയത്.  എന്നാല്‍ ഓപ്പണര്‍മാരായ വാര്‍ണറും (1) ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റും (1) തുടക്കത്തിലേ വീഴുകയായിരുന്നു. ഇതാണ് കങ്കാരുക്കളെ പ്രതിരോധത്തിലാക്കിയത്.

കുല്‍ദീപ് യാദവ്, വിരാട് കോലി


ട്രാവിസ് ഹെഡുമായി (39) ചേര്‍ന്ന് ക്യാപ്റ്റന്‍ സ്മിത്ത് കളി തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടിന് ഒമ്പത് എന്ന നിലയില്‍നിന്ന് ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സ്‌കോറിംഗിന് വേഗം കൂട്ടുന്നതിനിടെ ചാഹല്‍ ഓസീസിന് അടുത്ത പ്രഹരമേല്‍പ്പിക്കുകയായിരുന്നു.

ട്രവിസിനേയും മാക്‌സ്‌വെലിനേയും ചാഹല്‍ പുറത്താക്കി. തൊട്ടുപിന്നാലെ സ്മിത്തിനെ പാണ്ഡ്യ പുറത്താക്കുകയായിരുന്നു. ഇതോടെ, തിരിച്ചുവരാനാവാത്ത വിധം ഓസ്‌ട്രേലിയ തകര്‍ന്നടിയുകയായിരുന്നു.

അവസാനവും വിട്ടുകൊടുക്കാതെ പൊരുതിയ മാര്‍ക്കസ് സ്റ്റോണിസ് ഇന്ത്യന്‍ ചങ്കിടിപ്പ് വര്‍ധിപ്പിക്കുകയായിരുന്നു. ആറു ഫോറും മൂന്നു സിക്‌സുമായി ഓസീസിന് സ്റ്റോണിസ് നേരിയ വിജയപ്രതീക്ഷ നല്‍കിയെങ്കിലും പിന്തുണയ്ക്കാന്‍ ആരുമില്ലാതെ പോയി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്ടന്‍ വിരാട് കോലിയുടേയും (92) അജിന്‍ക്യ  രഹാനെയുടേയും (55) അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

ഒന്നിന് 120 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍, മധ്യനിരയുടെ കൂട്ടപലായനമാണ് വന്‍സ്‌കോര്‍ നിഷേധിച്ചത്. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയെ (7) നഷ്ടമായി. എന്നാല്‍, രഹാനെയും കോലിയും ഓസീസിനെ വിറപ്പിച്ച് മുന്നേറി. വന്‍സ്‌കോറിലേക്ക് കുതിച്ച ഇന്ത്യ, രഹാന റണ്‍ ഔട്ടായതിലൂടെ മേല്‌ക്കൈ നഷ്ടപ്പെടുത്തുകയായിരുന്നു.

കേദാര്‍ ജാദവ് (24), ഹര്‍ദിക് പാണ്ഡ്യ (20), ഭുവനേശ്വര്‍ കുമാര്‍ (20) എന്നിവര്‍ക്കു മാത്രമാണ് പിന്നീട് അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. മുന്‍ ക്യാപ്ടന്‍ ധോണി (5) വേഗം പുറത്തായതും ഇന്ത്യയ്ക്കു തിരിച്ചടിയായി.

Keywords: India, Australia,

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കുല്‍ദീപിന് ഹാട്രിക്, 50 റണ്‍സിന് ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് രണ്ടാം ഏകദിനത്തിലും ജയം