തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി. ജയരാജനെ ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനാക്കി വിജിലന്‍സ് അന്വേഷണ സംഘം, വിജിലന്‍സ് ഡയറക്ടര്‍ക്ക...
തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി. ജയരാജനെ ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനാക്കി വിജിലന്‍സ് അന്വേഷണ സംഘം, വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഈ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനുള്ള അനുമതി തേടിയാണ് കേസന്വേഷിച്ച വിജിലന്‍സ് എസ്പി കെ. ജയകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്കുശേഷം കോടതിയില്‍ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിയമോപദേശം വിജിലന്‍സിന് ലഭിച്ചിരുന്നു. അപ്പോള്‍ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇപ്പോഴത്തേത് ഔദ്യോഗിക നടപടിക്രമം മാത്രമാണെന്നും അധികൃതര്‍ പറഞ്ഞു.
ബന്ധുവായ പി. കെ ശ്രീമതി എം.പിയുടെ മകന് സുധീര്‍ നമ്പ്യാരെ 2016 ഒക്ടോബര്‍ ഒന്നിന് വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഇയുടെ എംഡിയായി നിയമിച്ച് ഉത്തരവിറക്കിയതാണ് വിവാദമായത്.
നിയമന ഉത്തരവ് ഒക്ടോബര്‍ 10 ന് പിന്‍വലിച്ച് സുധീര്‍ നമ്പ്യാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, നിയമം വിവദമായതിനെ തുടര്‍ന്ന് ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
കഌന്‍ ചിറ്റ് കിട്ടിയതോടെ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നതിന് അദ്ദേഹത്തിനു വഴി തുറന്നു കിട്ടിയെങ്കിലും പാര്‍ട്ടി എന്തു നിലപാടെടുക്കുമെന്നു വ്യക്തമല്ല. നിയമസഭയിലെ അംഗബലം വച്ച് ഇപ്പോഴും ഒരു മന്ത്രിയെ കൂടി നിയമിക്കാന്‍ ഇടമുണ്ട്. പക്ഷേ, മുഖ്യമന്ത്രിയും പാര്‍ട്ടിയും എടുക്കുന്ന നിലപാട് ഇക്കാര്യത്തില്‍ സുപ്രധാനമാണ്.
Keywords: E.P Jayarajan, CPM, P.K Sreemathi, Sudheer Nambiar, Cleanchit, Vigilance
COMMENTS