Search

കുലം കുത്തികളെ കരുതിയിരിക്കണം, മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്തണമെന്ന് ജന്മഭൂമിതിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തി ബിജെപിയെ നാണം കെടുത്തിയവരെ കണ്ടെത്തണമെന്ന് ജന്മഭൂമി ദിനപത്രം.

ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നിഷ്പക്ഷമാകില്ലെന്നും അതുകൊണ്ട് . നേതാക്കള്‍ക്കെതിരായ ആരോപണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ജന്മഭൂമി റസിഡന്റ് എഡിററ്റുടെ മറുപുറം പംക്തിയില്‍ പറയുന്നു.

പംക്തിയുടെ പൂര്‍ണരൂപം:


കുലംകുത്തികളെ കരുതിയിരിക്കണം
കെ. കുഞ്ഞിക്കണ്ണന്‍


ജൂലായ് 20, ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ട ദിവസം. സാധാരണ വിജയമല്ല കോവിന്ദിന്റേത്. 65.65 ശതമാനം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ മീരാകുമാറിന് ലഭിച്ചതിനെക്കാള്‍ ഇരട്ടി വോട്ടാണ് കോവിന്ദന് കിട്ടിയത്. ആരാണ് കോവിന്ദ്? കുടിലിലായിരുന്നു ജനനം. അത് അഗ്നിക്കിരയായി. ആ അഗ്നി അമ്മയുടെ ജീവനെടുത്തു. പിന്നീടുള്ള ജീവിതം സംഘഷര്‍ഷനിര്‍ഭരം. അതോടൊപ്പം അനുകരണീയവും. അധഃസ്ഥിതവിഭാഗത്തില്‍ പിറന്ന കോവിന്ദ് പടിപടിയായി ഉയര്‍ന്നാണ് ഇന്ന് രാഷ്ട്രത്തിന്റെ അധിപനായത്. നമ്മുടെ ഭരണഘടനയുടെ കാവല്‍ക്കാരന്‍.

ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ ആ സന്തോഷം ആഘോഷിച്ചുതീര്‍ന്നില്ല. സവര്‍ണന്റെ പാര്‍ട്ടിയെന്ന് പ്രതിയോഗികള്‍ അവസരം കിട്ടുമ്പോഴൊക്കെ ആക്ഷേപിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഈ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തെത്തിച്ചത്.

ലോക്‌സഭയില്‍ മുപ്പതുവര്‍ഷത്തിനുശേഷം ഒരു കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയതായിരുന്നു 2014ലെ തെരഞ്ഞെടുപ്പ്. ഭൂരിപക്ഷം ലഭിച്ചാല്‍ നരേന്ദ്ര മോദിയാകും പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപി വാക്കു പാലിച്ചു. ചില പാര്‍ട്ടികള്‍ അങ്ങനെയല്ല. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ മണിയറയിലെത്തിക്കുന്ന പണിയല്ല ബിജെപി നടത്തിയത്. അത്തരം പണിയിലൂടെയായിരുന്നല്ലൊ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയിലെത്തിയത്.
ഒരു ചായക്കടക്കാരന്റെ മകന്‍, കുട്ടിക്കാലത്ത് അച്ഛന്റെ ചായക്കടയില്‍ കച്ചവടത്തിന് കൂട്ടാളിയായ നരേന്ദ്രമോദി ഇന്ന് ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ അഭിമാനമാണ്. അത് അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരനും പട്ടിണിപ്പാവങ്ങളുമെന്നല്ല കര്‍ഷകരും കരകൗശലക്കാരും ഖാദി തൊഴിലാളികളും കൈത്തറിക്കാരുമെല്ലാം നരേന്ദ്രമോദിയുടെ ഭരണത്തില്‍ സന്തുഷ്ടരാണ്.

ആരോടുമില്ല പ്രീണനം. എല്ലാവര്‍ക്കും തുല്യനീതി എന്ന പ്രഖ്യാപിത മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണപരിശ്രമത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. പത്തുവര്‍ഷം കോണ്‍ഗ്രസ് നയിച്ച യുപിഎ ഭരണം രാജ്യത്തെ നാണം കെടുത്തുകയായിരുന്നല്ലോ. അഴിമതിയായിരുന്നു ആ സര്‍ക്കാരിന്റെ മുഖമുദ്ര. എട്ടുലക്ഷം കോടി രൂപയുടെ കുംഭകോണമാണ് 10 വര്‍ഷംകൊണ്ട് നടത്തിയത്. ഭൂമിയിലും ആകാശത്തും പാതാളത്തിലും വരെ നീണ്ടതായിരുന്നു അഴിമതി. ടുജി, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്‌ളാറ്റ്, കല്‍ക്കരിപ്പാടം എന്നിവയെല്ലാം അത് ശരിവയ്ക്കുന്നു. അത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ വിവിധ ഘട്ടത്തിലാണ്. ആ കുംഭകോണം ജനങ്ങള്‍ വെറുത്തു. ജനങ്ങളുടെ അസംതൃപ്തിയേയും രോഷത്തേയും ഏകോപിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. അഴിമതി, അത് രാഷ്ട്രശരീരത്തിന് സംഭവിക്കുന്ന അര്‍ബുദമാണ്. അത് തുടച്ചുനീക്കുന്നതിന് ഉറച്ച തീരുമാനമെടുത്തു.
അഴിമതി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു.

അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി. എന്നെ പ്രധാനമന്ത്രി എന്ന നിലയില്‍ കണേണ്ട. പ്രധാന സേവനകനായി കണ്ടാല്‍ മതി. ഞാനായിട്ട് ഒരു പൈസപോലും പൊതുഖജനാവിന് നഷ്ടപ്പെടുത്തില്ല. ഒരു പൈസ പോലും കട്ടുകൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ല. നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിട്ടു. ഒരു ചില്ലിക്കാശിന്റെ പോലും അഴിമതി ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതിയില്ല. സ്വജനപക്ഷപാതമില്ല. അങ്ങനെ ഒരു സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലായിരുന്നു രാഷ്ട്രപതിസ്ഥാനത്തേക്കുള്ള രാംനാഥ് കോവിന്ദിന്റെ തിളക്കമാര്‍ന്ന വിജയം. അതിന്റെ ആഘോഷത്തിനാണ് മങ്ങലേല്‍പ്പിക്കാന്‍ ഇടയായത്. അതും കേന്ദ്രഭരണത്തില്‍ ബിജെപിയെ ആനയിക്കാന്‍ കഴിയാത്ത സംസ്ഥാനത്താകുമ്പോള്‍ അതിന്റെ വേദന ബിജെപിയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും കഠിനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ കോഴ വാങ്ങി എന്നാണ് ആരോപണം. സംസ്ഥാനത്തെ ഒരു നേതാവിനും പങ്കില്ലാത്ത ആരോപണമായിട്ടും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. വിശദമായ പരിശോധന നടത്തി. പാര്‍ട്ടിയിലെ ഒരംഗത്തിന് ഇതില്‍ പങ്കുണ്ടെന്ന് ബോധ്യമായപ്പോള്‍ നടപടി സ്വീകരിക്കാനൊരുങ്ങുമ്പോഴാണ് പൊതു ചര്‍ച്ചയായത്. അതാകട്ടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന്. ഇപ്പോള്‍ പുറത്താക്കപ്പെട്ട വ്യക്തിയുടെ ബാഹ്യബന്ധവും കോഴയും തമ്മില്‍ ബന്ധമില്ലെന്ന് വിശ്വസിക്കണോ. ശതകോടിയോളം വിലപറഞ്ഞ് ഒരു ആശുപത്രിയുടെ കച്ചവടം ഉറപ്പിച്ച മുന്‍ ആരോഗ്യമന്ത്രിയുമായി ഇയാള്‍ക്കുള്ള ഇടപാടുകളെന്താണ്? മന്ത്രിയുടെ പഴയ ദല്‍ഹി ഉദേ്യാഗസ്ഥ ബന്ധം ഉപയോഗിച്ച് കാര്യം കരുവാക്കുകയാണോ? അനേ്വഷണം ആ വഴിക്കും നീങ്ങേണ്ടതല്ലെ?

അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഏത് കൊലകൊമ്പനായാലും ശിക്ഷ അനുഭവിക്കണമെന്ന നിലപാട് അടി മുതല്‍ മുടിവരെ ഉള്ളതാണ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് അത് നടക്കും. പക്ഷേ ആ അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. ബന്ധുനിയമന അഴിമതി ആവിയായത് വിജിലന്‍സിന്റെ ഫയലില്‍ നിന്നാണല്ലോ. സ്വന്തക്കാരെ രക്ഷിക്കാനും പ്രതിയോഗികളെ വിരട്ടാനുമാണ് സംസ്ഥാനത്ത് വിജിലന്‍സ് എന്ന് എക്കാലവും എല്ലാവര്‍ക്കുമറിയാം. അത് നടന്നോട്ടെ. അതുമാത്രം പോരാ. കേരളത്തിന് പുറത്തും ഇതിന്റെ കണ്ണികളുണ്ടെന്ന് ആക്ഷേപിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ഏജന്‍സിയുടെ അന്വേഷണം നിഷ്ഫലമാകും. ഹവാലാ ഇടപാടുകൂടി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ എന്‍ഐഎ അനേ്വഷണം തന്നെ നടക്കുകയാണ് അഭികാമ്യം. അത് നീതിന്യായ സംവിധാനത്തിന്റെ കടമ. അത് നിര്‍വഹിക്കുമാറാകട്ടെ.

ബിജെപി എന്ന പാര്‍ട്ടിയെ സംബന്ധിച്ച് മറ്റ് ചില കാര്യങ്ങളില്‍ക്കൂടി പരിശോധന അനിവാര്യമായിരിക്കുന്നു. കേരളത്തില്‍ ബിജെപി അനുദിനം ശക്തി പ്രാപിക്കുന്നത് നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ല. ആദര്‍ശം പറയുന്ന പാര്‍ട്ടികളെല്ലാം ആമാശയങ്ങളെക്കുറിച്ചുള്ള ചിന്തയിലമര്‍ന്നപ്പോള്‍ ബലികൊടുക്കാത്ത ഒരു തത്വസംഹിതയെ മുറുകെ പിടിക്കുന്നത് ബിജെപി മാത്രമാണ് എന്നറിയുന്നതുകൊണ്ടാണ്. പ്രതിയോഗികളുടെ അടിയും അവഹേളനം സഹിച്ചും, വിയര്‍പ്പും ചോരയും ജീവന്‍തന്നെ സമര്‍പ്പിച്ചും പ്രവര്‍ത്തിക്കുന്നവരാണ് അണികള്‍. ജനങ്ങള്‍ക്ക് അവരില്‍ വലിയ പ്രതീക്ഷയുണ്ട്. അതനുസരിച്ച് പാര്‍ട്ടിയിലേക്കൊഴുകി എത്തുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആരോപണം വന്നയുടന്‍ അനേ്വഷണക്കമ്മിഷനെ നിശ്ചയിച്ചത്. ആ കമ്മിഷന്റെ റിപ്പോര്‍ട്ടാണ് പ്രതിയോഗികള്‍ക്ക് ചോര്‍ന്നുകിട്ടിയത്. അതാണ് രാഷ്ട്രപതിയുടെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചത്. രാജ്യത്തെയും കേന്ദ്രഭരണത്തെയും പ്രധാനമന്ത്രിയെത്തന്നെയും അവഹേളിക്കാന്‍ അത് അവസരമുണ്ടാക്കി.

കോഴ സ്വീകരിക്കുന്ന ഭരണമല്ല ഇന്ന് കേന്ദ്രത്തിലുള്ളത്. കോഴ കൊടുത്ത് മെഡിക്കല്‍കോളജ് എന്നല്ല ഒരു കോഴിക്കുഞ്ഞിനെപ്പോലും കിട്ടിയെന്ന് പറയാനാര്‍ക്കും കഴിയില്ല. കോഴ വാങ്ങി കാര്യം സാധിച്ചുകൊടുക്കുന്ന കാലം കഴിഞ്ഞു. കേരളത്തില്‍നിന്ന് പോയ കോഴ എങ്ങോട്ട് പോയി എന്നറിയണം. ദല്‍ഹിയില്‍ പറഞ്ഞുകേള്‍ക്കുന്ന നായരും നമ്പൂതിരിയും നായാടിയൊന്നും ബിജെപിയുമായി പുലകുടി ബന്ധംപോലുമില്ലാത്തവരാണ്. എന്നിട്ടും സമൂഹത്തിനിടയില്‍ അപഖ്യാതി വരുത്തിവച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയതാരെന്ന് കണ്ടെത്തണം. കമ്മീഷനംഗത്തിന്റെ വ്യക്തിഗത ഇ-മെയിലില്‍നിന്നും ഒരു ഹോട്ടലിന്റെ ഇമെയിലിലേക്ക് റിപ്പോര്‍ട്ട് എന്തിനയച്ചു? അതാരാണ് കച്ചവടം നടത്തിയത്? ആരായാലും ആ കുലംകുത്തി കുലദ്രോഹിയാണ്. കുലംകുത്തിയെ കുരുതികൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ കരുതിയിരുന്നേ പറ്റൂ.

Keywords:  medical, anniversary , NIA , Resident Editor, Janmabhoomi, BJP vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കുലം കുത്തികളെ കരുതിയിരിക്കണം, മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്തണമെന്ന് ജന്മഭൂമി