Search

യെച്ചൂരിയെ ഹിന്ദു സേന പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് ആക്രമിച്ചു, രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പാര്‍ട്ടി ആസ്ഥാനത്ത് കടന്നു കയറി ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ വ്യാപകപ്രതിഷേധം.

സിപിഎമ്മിന്റെ ഡല്‍ഹിയിലെ ഓഫീസായ എകെജി ഭവനിലാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്.

സിപിഐ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് അക്രമികളെ പിടികൂടി. ആക്രമണം നടത്തിയ ഹിന്ദുസേന പ്രവര്‍ത്തകരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍, എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൈയേറ്റ ശ്രമത്തിനിടെ യെച്ചൂരി നിലത്തുവീണെങ്കിലും പരിക്കൊന്നുമില്ല. വൈകിട്ട് നാല് മണിയോടെ പിബി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന് മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോഴാണ് മൂന്നു പേര്‍ യച്ചൂരിയെ പിന്നില്‍ നിന്ന് ആക്രമിച്ചത്.

ആര്‍എസ്എസ് മുദ്രാവാക്യങ്ങളും സിപിഎം മൂര്‍ദാബാദ് എന്ന ആക്രോശവുമായി അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിത കയ്യേറ്റത്തില്‍ യെച്ചൂരി താഴെ വീണു. ഉടന്‍ തന്നെ എകെജി ഭവനിലെ ജീവനക്കും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അക്രമികളെ പിടിച്ചുമാറ്റി യെച്ചൂരിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അക്രമികളെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് പിടിയിലും സിപിഎമ്മിന് എതിരായ മുദ്രാവാക്യങ്ങളും ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങളും ഇവര്‍ വിളിക്കുന്നുണ്ടായിരുന്നു.

കന്നുകാലി കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം ആസ്ഥാനത്തിന് നേരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു എ കെ ജി ഭവനിനില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഇത് മറികടന്നാണ് അക്രമികള്‍ അകത്തു കടന്നത്.

മോഡി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമാണ് തനിക്കെതിരായ ആക്രമണമെന്ന് അക്രമസംഭവത്തെ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പരിഹസിച്ചു.

ആര്‍എസ്എസ് ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് പാര്‍ട്ടി നടത്തുന്നത്. അക്രമങ്ങള്‍ക്ക് ആ ലക്ഷ്യത്തെ തകര്‍ക്കാന്‍ കഴിയില്ല.

യെച്ചൂരിക്കെതിരായ ആക്രമണം പ്രാകൃതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പ്രതികരിച്ചു. സംഘപരിവാറിനെ എതിര്‍ക്കുന്നവരെ ആക്രമിച്ച് കീഴടക്കുമെന്ന് ഭീഷണിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

യെച്ചൂരിക്കെതിരായ കൈയേറ്റത്തെ ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചു. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു നേരിടാന്‍ കഴിവില്ലാത്ത ഭീരുക്കളാണ് ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സംഘപരിവാര്‍ തീക്കൊള്ളികൊണ്ടു തലചൊറിയുകയാണെന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടെന്ന പ്രഖ്യാപനമാണ് ഈ ആക്രമണമെന്നും മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍, മന്ത്രി തോമസ് ഐസക് തുടങ്ങിയവരെല്ലാം അക്രമത്തെ അപലപിച്ചു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “യെച്ചൂരിയെ ഹിന്ദു സേന പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് ആക്രമിച്ചു, രാജ്യവ്യാപക പ്രതിഷേധം