Search

നഗ്‌നത വിളിച്ച മുദ്രാവാക്യം

വിനോദ് മങ്കര

കലയുടെ വലിയ രണ്ടു വാതിലുകള്‍ ഈ സെപ്തംബറില്‍ തുറന്നുവെന്നുള്ളത് വലിയ സംഭവമാകുന്നത്, അതിന്റെ ചരിത്രവും രാഷ്ട്രീയവും കൈതമുള്ളുപോലെ നില്‍ക്കുന്നതുകൊണ്ടാണ്. കല ചരിത്രത്തില്‍ നിന്ന് തികട്ടിത്തികട്ടി വന്ന് അമ്പരപ്പുകളുണ്ടാക്കുകയും തിരിഞ്ഞുനിന്നു കയര്‍ക്കുകയും ചെയ്യുമെന്ന് ഈ സെപ്തംബറില്‍ ലോകം കണ്ടു.

വാന്‍ഗോഗ് മരിച്ചപ്പോഴാണ് നിറങ്ങളില്‍ മഞ്ഞ വിധവയായത്. മഞ്ഞയെ നൃത്തം ചെയ്യിപ്പിക്കുകയും ചിറകുകള്‍ നല്കി ആകാശത്തേയ്ക്കു പറത്തുകയും ചെയ്തത് വാന്‍ഗോഗ് ആയിരുന്നു. ഭ്രാന്തുപിടിച്ച മനസ്‌സില്‍ ബ്രഷ് കുത്തി അവസാനവര്‍ഷം വരച്ച ചിത്രങ്ങള്‍ ഇരുന്നൂറിലധികമാണ്. ആ വാന്‍ഗോഗിന്റെ ഇതുവരെ കാണാത്ത ഒരു ചിത്രം ഇക്കഴിഞ്ഞ സെപ്തംബര്‍ 24 മുതല്‍ ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഈ ഗാലറിയില്‍ വാന്‍ഗോഗിന്റെ 140 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 141 ാമത്തേതായി 36.7 ഇഞ്ച് നീളവും 28.9 ഇഞ്ച് വീതിയുമുള്ള ഈ പുതിയ കാന്‍വാസ് ഇടം നേടിക്കഴിഞ്ഞു.

'മോണ്ട് മേജറിലെ സൂര്യാസ്തമയം' എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ രസകരമാണ്. 100 വര്‍ഷം മുന്‍പ് ഇത് വാന്‍ഗോഗിന്റെ ചിത്രമല്ല എന്നു പറഞ്ഞു തള്ളിക്കളഞ്ഞതാണ്. അതും ഇതേ വാന്‍ഗോഗ് മ്യൂസിയം . ഇപ്പോള്‍ കൂടുതല്‍ തെളിവോടെ ആ ഡച്ച് മാസ്റ്ററുടെ ഓര്‍മയും കൊണ്ട് ഈ ചിത്രം ചരിത്രത്തെ മുറിച്ചു കടന്നിരിക്കുന്നു. വാന്‍ഗോഗിന്റെ മികച്ച ചിത്രങ്ങളായ 'സൂര്യകാന്തി'യും 'മഞ്ഞഭവന'വും 'കിടപ്പുമുറി'യുമൊക്കെ വരച്ച 1888ലെ ഏതോ സന്ധ്യയില്‍ തന്നെയാണ് 'മോണ്ട് മേജറിലെ സൂര്യാസ്തമയ'വും വരഞ്ഞതെന്നു കണ്ടെത്തിയിരിക്കുന്നു. ഓക്കുമരങ്ങള്‍ക്കു മുകളില്‍ നിഴലിച്ച ദക്ഷിണ ഫ്രാന്‍സിന്റെ ആകാശത്തെ വാന്‍ഗോഗിന്റെ തടിയന്‍ ബ്രഷുകള്‍ എങ്ങനെ സംഗീതപ്പെടുത്തിയെന്ന് ലോകം കണ്ടുതുടങ്ങിയിരിക്കുന്നു. വാന്‍ഗോഗ് മ്യൂസിയത്തിനു മുന്നില്‍ നീണ്ട ക്യൂ തുടങ്ങിയിരിക്കുന്നു.

1908ല്‍ ഒരു നോര്‍വീജിയന്‍ കലാസ്വാദകനു ലഭിച്ച ഈ ചിത്രം വാന്‍ഗോഗിന്റെ കള്ള ഒപ്പിട്ട ചിത്രമാണെന്ന് ഉറപ്പിച്ചതിനാല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കള്ള ഒപ്പിട്ട ചിത്രത്തിനു പുല്ലുവിലയെന്നു നോര്‍വീജിയക്കാരനെന്നതുപോലെ മറ്റുള്ളവരും കരുതി. ആ ചിത്രം വാന്‍ഗോഗിന്റേതല്ലെന്നു വാന്‍ഗോഗ് മ്യൂസിയം അന്നു വിധിയെഴുതി. മറവിയുടെയും മനപ്രയാസത്തിന്റെയും നിലവറയിലേക്ക് വലിച്ചെറിയപ്പെട്ട ആ ചിത്രമാണ് ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. വാന്‍ഗോഗ് ഉപയോഗിച്ച നിറങ്ങളുടെ പ്രത്യേകത, ചായങ്ങളുടെ ഘടന, രാസപരിശോധന, കാന്‍വാസിന്റെ എസ്‌ക്‌റേ പരിശോധന തുടങ്ങിയവയ്ക്കു പുറമേ 1888 ജൂലായ് നാലിനു വാന്‍ഗോഗ് സഹോദരനായ തിയോയ്ക്ക് എഴുതിയ കത്തിലെ സൂചനകളും ഇതിന്റെ നിര്‍ണായക ഘടകമായി. തനിക്കു വേണ്ടവിധത്തില്‍ പകര്‍ത്താന്‍ കഴിയാതെ പോയ ഒരു പരീക്ഷണ ചിത്രമാണിതെന്നാണ് വാന്‍ഗോഗ് കത്തില്‍ പറയുന്നത്. 1928 നു ശേഷം ലഭിക്കുന്ന ആദ്യ മുഴു കാന്‍വാസ് ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


മൂന്നു ഗവേഷകരാണ് ഈ വാന്‍ഗോഗ് ചിത്രത്തിനു മുന്നില്‍ തല പുകച്ചത്. തിയോയുടെ ശേഖരത്തില്‍ 180 എന്ന് നമ്പറിട്ട 'ആര്‍ലസിലെ സൂര്യാസ്തമയം' എന്ന ചിത്രം തന്നെയാണിത് എന്നായിരുന്നു കണ്ടുപിടിത്തം. 1901ല്‍ ഫ്രഞ്ചുകാരനായ മോറിസ് ഫേബറിനു വിറ്റ ഈ ചിത്രത്തിന്റെ വില ഫേബര്‍ മനസ്‌സിലാക്കിയില്ല.

പിന്നീട് 1970 വരെ ഈ ചിത്രത്തിന് എന്തു സംഭവിച്ചു എന്നറിയുന്നില്ല. പിന്നീട്, നോര്‍വീജിയന്‍ വ്യവസായി ക്രിസ്റ്റിയന്‍ നിക്കോളോ മസ്റ്റാഡിന്റെ ചുമരില്‍ തൂങ്ങുമ്പോഴാണ് ഈ ചിത്രത്തിന്റെ യാത്ര വീണ്ടും തുടങ്ങുന്നത്. 1908ലാണ് യുവാവായ മസ്റ്റാഡ് ഇതു വാങ്ങുന്നതെങ്കിലും അത് യഥാര്‍ത്ഥ വാന്‍ഗോഗ് ചിത്രമല്ല എന്നു സങ്കടപ്പെട്ട് അദ്ദേഹമതു ചവറ്റുകുട്ടയില്‍ എറിഞ്ഞു. മസ്റ്റാഡിന്റെ മരണശേഷം അതു മറ്റൊരാള്‍ക്കു വിറ്റു. അയാള്‍ വാന്‍ഗോഗ് മ്യൂസിയത്തില്‍ ഈ ചിത്രം തിരിച്ചറിയാന്‍ എത്തിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. ആ ചിത്രമാണ് മ്യൂസിയം കുറ്റബോധത്തോടെ തങ്ങളുടെ മാസ്റ്ററുടേതു തന്നെയെന്നു കണ്ടെത്തിയിരിക്കുന്നത്. അങ്ങനെ വാന്‍ഗോഗിന്റെ ഒരു പുതിയ ചിത്രം നമ്മള്‍ ഈ സെപ്തംബറില്‍ കണ്ടെത്തി.


സെപ്തംബര്‍ 18 ബുധനാഴ്ച പാരീസില്‍ ആരംഭിച്ച അയനാ വി ജാക്‌സന്റെ ഫോട്ടോ എക്‌സിബിഷനിലേക്കാണ് നാം ഇനി പോകുന്നത്.

അയാനാ വെല്ലിസിയാ ജാക്‌സന്‍ എന്ന കറുകറുത്ത അമേരിക്കന്‍ പെണ്‍കുട്ടി ജനിക്കുന്നത് 1977 മേയ് 14ന്. ലോകം അറിയപ്പെടുന്ന ഛായാഗ്രാഹകയും ചലച്ചിത്ര സംവിധായികയുമാണ് അയന. അയനയുടെ ഫോട്ടോകളില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. വെളുത്തവന്റെ മൃഗയാവിനോദങ്ങള്‍ക്കു നേരേ കറുത്തവന്റെ പ്രതിഷേധമായാണ് അയനയുടെ ഫോട്ടോകള്‍ എക്‌സിബിഷന്‍ ഹാളില്‍ തൂങ്ങുന്നത്. ഈ പ്രദര്‍ശനം പാരീസില്‍ വയ്ക്കാന്‍ കാരണമുണ്ട്. അവിടെയായിരുന്നു ഒരിക്കല്‍ വേട്ടയാടപ്പെട്ട മൃഗത്തപ്പോലെ ശാസ്ത്രാത്ഭുതം എന്ന പേരില്‍ 33-ാം നമ്പര്‍ ഗവേഷണ വസ്തുവായി സാറാ ബാര്‍ത്ത്മാന്‍ എന്ന ആഫ്രിക്കക്കാരിയുടെ ശവശരീര ഭാഗങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഹോട്ടെന്‍ടോട്ട് വീനസ് എന്ന ഓമനപ്പേരിട്ട ബാര്‍ത്ത്മാന്‍ എന്ന ആഫ്രിക്കന്‍ പെണ്ണ് മനുഷ്യര്‍ക്കിടയില്‍ മൃഗമായി നായാടപ്പെട്ടു.


സാറാ ബാര്‍ത്ത്മാന്‍- പെയിന്റിംഗ്‌
ബാര്‍ത്തമാനെ ഓര്‍മയില്ലേ? പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വെള്ളക്കാര്‍ നായാടിയ ആ പാവം സ്ത്രീയുടെ കഥ കേട്ടാലേ അയനാ ജാക്‌സന്റെ ഫോട്ടോ പ്രദര്‍ശനത്തിന്റെ കരുത്തിലേക്ക് വരാനാവൂ.


വിനോദ് മങ്കര
ആഫ്രിക്കയിലെ ഒരു സാധാരണക്കാരിയായിരുന്ന സാറാ ബാര്‍ത്ത്മാന്‍ തന്റെ ആജാനുബാഹുത്വം കൊണ്ടും ശരീരത്തിന്റെ വളവുതിരിവുകളില്‍ വന്ന കലഹം കൊണ്ടും പരിണാമ ദശയിലെ പ്രാചീന മൃഗമായി മാറി. 1810 മുതല്‍ 1815 വരെ യൂറോപ്യന്‍ സ്‌റ്റേജുകളില്‍ അവള്‍ പ്രദര്‍ശന വസ്തുവായത് എന്നും വാര്‍ത്തയായിരുന്നു. മനുഷ്യപരിണാമത്തിന്റെ ഏതോ പ്രാചീന ഗുഹാന്തരിയില്‍ പിറന്നവെളെന്നെണ്ണി വെള്ളക്കാരന്‍ അവളില്‍ എന്നും കൗതുകം നിറച്ചു. അസാധാരണ വലുപ്പമുള്ള അവളുടെ ചന്തിയും ഗുഹ്യപ്രദേശവും കാഴ്ചവസ്തുവാക്കി കാശുണ്ടാക്കാന്‍ സായിപ്പ് തീരുമാനിച്ചത് അങ്ങനെയാണ്. അവളുടെ ശവശരീരം പോലും പ്രദര്‍ശിപ്പിച്ചു കാഴ്ചവസ്തുവാക്കി. രാജ്യത്തെ ഏറ്റവും അത്ഭുതകരമായ പ്രദര്‍ശനം എന്ന പേരില്‍ ലണ്ടനില്‍ ബാര്‍ത്തയുടെ ശവശീരം കാണാന്‍ നീണ്ട ക്യൂ ആയിരുന്നു അന്ന്. ശരീരത്തോട് ഒട്ടിയ വസ്ത്രം ധരിപ്പിച്ച് ഗുഹ്യാവയവങ്ങള്‍ കാണത്തക്ക വിധത്തില്‍ പ്രദര്‍ശനത്തിനു വച്ച മൃതദേഹം കാണാന്‍ രണ്ടു ഷില്ലോങ് കൊടുത്ത് നിരന്ന വെള്ളക്കാര്‍ നിരവധിയായിരുന്നു. വേട്ടയാടി പിടിക്കപ്പെട്ട മൃഗത്തെയാണ് അന്നു കൊളോണിയല്‍ സംസ്‌കാരം കണ്ടത്. പരിണാമ വഴിയില്‍ കണ്ടുമുട്ടിയവള്‍ എന്നതിനുപരിയായി വെളുത്തവന്‍ കറുത്തവനോടു കാണിച്ച അവഹേളനമായിരുന്നു അതെന്നു പെട്ടെന്നു വായിച്ചെടുക്കാന്‍ കഴിയും. പിന്നീടും ഉണ്ടായി അവഹേളനം. ശവശരീരം തുണ്ടംതുണ്ടമാക്കി വീണ്ടുമതില്‍ സൂക്ഷ്മദര്‍ശിനകള്‍ ചൂണ്ടി. 1974 വരെ ആ അവശിഷ്ട ശരീര ഭാഗങ്ങള്‍ പാരീസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ശ്വസിക്കുന്ന, ഓര്‍മകളും ആശകളും ഉള്ള ഒരു സ്ത്രീയയായി സാറാ ബാര്‍ത്ത്മാന്‍ ഒരിക്കലും പരിഗണിക്കപ്പെട്ടില്ല. വെറുമൊരു പരീക്ഷണ 'സ്‌പെസിമെനാ'യി ആ കറുത്ത വര്‍ഗക്കാരി മാറി.

ഈ പശ്ചാത്തലത്തില്‍ നിന്നാണ് അയനാ ജാക്‌സന്റെ ഫോട്ടോ പ്രദര്‍ശനം ഉണ്ടാവുന്നത്. ബാര്‍ത്തയുടെ ഓര്‍മകളിലാണ് അയന തന്റെ ഫോട്ടോകള്‍ തൂക്കിയിട്ടത്. ഇംപീരിയലിസത്തിന്റെ ബാര്‍ത്തയെ പോലുള്ള 'രാത്രിയുടെ നിറമുള്ളവര്‍' അനുഭവിക്കേണ്ടിവന്ന കൊത്തി മുറിവേല്‍പ്പിക്കലുകളിലേക്ക് അയനയുടെ സമീപനം വളരുന്നു എന്നുള്ളതാണ് ഈ പ്രദര്‍ശനത്തിന്റെ പ്രത്യേകത. അദൃശ്യസാന്നിദ്ധ്യമായി ബാര്‍ത്തയും തോല്‍പ്പിക്കപ്പെട്ട ഇരുണ്ടവന്റെ പ്രതിനിധിയായി അയനയും ഈ ചിത്രങ്ങളിലൂടെ വെള്ളക്കാരനോടു ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. ചരിത്രത്തിന്റെ മരുപ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പേരില്ലാത്തവരെ അയനാ ജാക്‌സന്‍ ഈ പുതിയ കാലഘട്ടത്തിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നു.


ലോകത്താകമാനം യാത്രചെയ്തു ശേഖരിച്ച പഴയ ചില ഫോട്ടോകളെ പുതിയ കാലത്തേയ്ക്കു വിവര്‍ത്തനം ചെയ്യുകയാണ് അയന ചെയ്തത്. വെളുത്തവന്‍ കറുത്തവനു നേരേ പ്രയോഗിച്ച ക്രൂരത എന്ന ഒറ്റ ലേബലില്‍ ഉണ്ടായ ആ ഫോട്ടോകളെ നഗ്‌നതകൊണ്ടും ശരീരത്തിന്റെ ഇരുളിച്ച കൊണ്ടും പ്രതിഷേധിക്കുകയാണ് ഇവിടെ. തന്റെ തന്നെ ശരീരമാണ് അയന ഇതിനായി ഉപയോഗിക്കുന്നത്. ഇരുട്ടിന്റെ നിറമുള്ള തന്റെ ശീരീരവും അതിന്റെ വന്യമായ നഗ്‌നതയും കൊണ്ട് പഴയ കാലഘട്ടം പുനഃസൃഷ്ടിക്കുമ്പോള്‍ സാമ്രാജ്യത്വത്തിന്റെ കാടന്‍ കാലത്തെ ലോകം കാര്‍ക്കിച്ചുതുപ്പണം എന്നു തന്നെയാണ് ഈ കലാകാരി ആഗ്രഹിക്കുന്നത്. അതിനായി, അവഗണിക്കപ്പെട്ട ഓരോ കറുത്ത വര്‍ഗക്കാരനും തന്റെ മുഖവും ശരീരവും നല്കുകയാണ് അയന.

'പുരാരേഖകളില്‍ മാറാല പിടിച്ച ഫോട്ടോഗ്രാഫുകളെ മാറ്റിയെഴുതുകയല്ല തന്റെ ഉദ്ദേശ്യം. മറിച്ച് അവിടെ തളം കെട്ടി നില്‍ക്കുന്ന ഓര്‍മകളെ ഗഹനമാക്കി ലോകത്തെക്കൊണ്ട് അതു തലങ്ങും വിലങ്ങും ചിന്തിപ്പിക്കുക എന്നതാണ്. ' അയനാ വി ജാക്‌സന്റെ ഈ നിലപാട് നഗ്‌നതയ്ക്കു മുദ്രാവാക്യമാവാനും കഴിയുമെന്നു തന്നെയാണ് കാണിക്കുന്നത്.വെള്ളക്കാന്റെ നടുവില്‍ കറുത്തവന്‍ എങ്ങനെ ജീവിച്ചു എന്ന ചരിത്രം മാറ്റിയെഴുതുകയാണ് ഇവിടെ. ഒപ്പം വികസ്വര രാഷ്ട്രങ്ങളിലെ യാതന, ദാരിദ്ര്യം, മരണം, ദുരന്തം, രോഗം എന്നിവയും ഈ ചിത്രങ്ങളില്‍ പുനര്‍ജനിക്കുന്നു. ടെലിവിഷനില്‍, ' ഓ ഇതാണല്ലേ ആഫ്രിക്കക്കാര്‍! ' എന്ന് അത്ഭുതപ്പെടുന്നതിനു പകരം 'ഓ ഇങ്ങനെയാണല്ലേ വെളുത്തവന്‍ കറുത്തവനെ ദുരന്തത്തില്‍ പെടുത്തിയിരുന്ന'തെന്നു പുനര്‍വായിക്കാന്‍ തന്റെ പ്രദര്‍ശനം ഉപകരിക്കുമെന്ന് അയന ഉറച്ചു വിശ്വസിക്കുന്നുണ്ട്.

'ആര്‍ക്കെവല്‍ ഇംപള്‍സ് ആന്‍ഡ് പോവര്‍ട്ടി പോര്‍ണോഗ്രാഫി' എന്നു പേരിട്ട ഈ ചിത്രപ്രദര്‍ശനത്തില്‍ നഗ്‌നത, ഓര്‍മകളെ പ്രതിരോധമാക്കിമാറ്റുന്നത് എങ്ങനെയെന്നു കാണാം. പുതിയ കാലഘട്ടത്തിന്റെ ഈ ആയുധത്തില്‍ കല കൊണ്ട് എങ്ങനെ കലഹിക്കാമെന്ന് അയനാ ജാക്‌സന്‍ പറഞ്ഞുതരുന്നു.

അനേകം നൂറ്റാണ്ടുകളിലെ കറുത്തവന്റെ പ്രതിനിധിയായി അയന എന്ന കറുത്ത പെണ്‍കുട്ടി തന്റെ നഗ്‌നതകൊണ്ടു പ്രതിഷേധിക്കുമ്പോള്‍ അതിനു പിന്നില്‍ എവിടെ നിന്നോ നമ്മള്‍ നെറികേടില്‍ വേട്ടയാടിയ സാറാ ബാര്‍ത്ത്മാന്‍ എന്ന സ്ത്രീയുടെ പൊട്ടിച്ചിരി കേള്‍ക്കുന്നു. കാഞ്ഞിരവും കടുക്കയും നാല്പാമരവും പൂവിടുന്ന കാടുകള്‍ ഇപ്പോള്‍ കയ്പ്പുകലര്‍ന്ന ചെറുതേനിന്റെ ശ്രുതിയില്‍ ഇരുളിന് ഇരുള്‍ക്കച്ച ചുറ്റുന്നുണ്ടാവാം.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നഗ്‌നത വിളിച്ച മുദ്രാവാക്യം