Search

അര നൂറ്റാണ്ടു മുന്‍പ് രാജലക്ഷ്മി എഴുതിയ കഥ

രാജലക്ഷ്മി ഒരു നിത്യവിസ്മയമാണ്. ഗുണികള്‍ ഊഴിയില്‍ നീണ്ടു വാഴാറില്ലല്ലോ. ആ നിയമം തെറ്റിക്കേണ്ടെന്നു കരുതി കൂടിയാവണം, മുപ്പത്തിനാലാം വയസ്‌സില്‍ ജീവിതം എറിഞ്ഞുടച്ച് അവര്‍ തിരികെ പോയത്.

പെണ്ണെഴുത്തിന്റെയും ആണെഴുത്തിന്റെയും ജാടകള്‍ പറഞ്ഞുനടക്കുന്ന ഇന്നിന്റെ എഴുത്തുപുലികള്‍ക്ക് ഇത്രമേല്‍ ലോലമായൊരു കഥാതന്തുവില്‍ നിന്ന് ഇങ്ങനെയൊരു കഥ മെനയുവാനാവുമോ?

കഥയുടെ ക്രാഫ്റ്റിന് ലോകത്ത് ഇതുപോലെ കഥകള്‍ ചുരുക്കമായിരിക്കും. എഴുതിയത് മലയാളത്തിലായിപ്പോയതിനാല്‍ മറക്കപ്പെടുകയോ കാണാതെപോവുകയോ ചെയ്യപ്പെട്ട ഒരു കഥ വായനക്കാര്‍ക്കു മുന്നിലേക്ക് നീട്ടുകയാണ്. അപ്രതീക്ഷിതമായി കൈയില്‍ തടഞ്ഞ തിലകം സാഹിത്യ മാസികയുടെ 1962 ജൂലായ് ലക്കത്തില്‍ നിന്ന് കണ്ടെടുത്ത ആ വൈഡൂര്യം ഇതാ... കാവ്യവിസ്മയം ജി. ശങ്കരക്കുറുപ്പായിരുന്നു തിലകത്തിന്റെ എഡിറ്റര്‍ എന്നുകൂടി ഓര്‍ത്താലും...

ടി.എ രാജലക്ഷ്മി

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേ്ശരിയില്‍ തേക്കത്ത് അമയങ്കോട്ട് തറവാട്ടില്‍ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകള്‍ . എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. മഹാരാജാസ് കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദത്തിനു ചേര്‍ന്നു. പക്ഷേ, പഠനം പാതിയില്‍ നിറുത്തി. പിന്നീട് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് 1953ല്‍ ഭൗതികശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജുകളില്‍ അദ്ധ്യാപികയായിരുന്നു.

1956ല്‍ മാതൃഭൂമി ആഴ്ച്പ്പതിപ്പ് പ്രസിദ്ധീകരിച്ച മകള്‍ എന്ന നീണ്ടകഥയിലൂടെയാണ് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 1958ല്‍ ഒരു വഴിയും കുറേ നിഴലുകളും എന്ന നോവല്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960ല്‍ ഉച്ചവെയിലും ഇളംനിലാവും എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങള്‍ക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവല്‍ നിര്‍ത്തിവച്ചു.

തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ് നോവല്‍ നിര്‍ത്താന്‍ കാരണമായത്. എഴുതിയ നോവല്‍ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളഞ്ഞു. 1965ല്‍ ഞാനെന്ന ഭാവം എന്ന നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മംഗളോദയം, തിലകം, ജനയുഗം, നവജീവന്‍ എന്നീ പ്രസിദ്ധീകരണങ്ങളിലാണ് രാജലക്ഷ്മി കഥകള്‍ എഴുതിയിരുന്നത്.

ജീവിതം തന്നെ രചനക്കുള്ള ഉപാധിയാക്കിക്കൊണ്ടു അവര്‍ നടത്തിയ പരിശ്രമങ്ങള്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുത്തുവാന്‍ കാരണമായി. 1965 ജനുവരി 18ന് ആത്മഹത്യചെയ്തു.

ഇനി കഥ വായിക്കുകമാപ്പ്

രാജലക്ഷ്മി

“So the most disgusting pronoun is”
അവള്‍ നിര്‍ത്തി.
'She'
പുറകിലെ ബെഞ്ചില്‍ നിന്നാണ്.
ക്‌ളാസ്‌സ് നിശ്ശബ്ദമായി.
ആ ചെറുപ്പക്കാരിയായ അദ്ധ്യാപിക വിളര്‍ത്തു.
ഭാഷയിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍വ്വനാമശബ്ദമാണ് 'അവള്‍!'
ഇരുപതു കുട്ടികള്‍ മാത്രമുള്ള ക്‌ളാസ്‌സ്. ആകെ ഒരു പെണ്‍കുട്ടിയേ ഉള്ളൂ, അത് അന്ന് വന്നിട്ടുമില്ല.
ആ ചെറിയ മുറിയില്‍ പത്തൊമ്പത് ആണ്‍കുട്ടികളെ കൂടാതെ സ്ത്രീയായി ആകെ ഉള്ളത് ചെറുപ്പക്കാരിയായ ആ അദ്ധ്യാപിക മാത്രമാണ്.
ഏറ്റവും കുത്സിതമായ ശബ്ദം -
'അവള്‍.'
അതുപറഞ്ഞ ഒച്ച സുപരിചിതമാണ്.
അയാളെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി ശാസിക്കുകയാണ് വേണ്ടതെന്ന് അവള്‍ക്ക് അറിയായ്കയല്ല.
ആ കുട്ടികളുടെ മുമ്പില്‍ കടലാസ്‌സുപോലെ വെളുത്ത മുഖവുമായി അവള്‍ ഒരു നിമിഷം നിന്നു. എന്നിട്ട്, മേശപ്പുറത്തു കിടന്ന പുസ്തകം എടുക്കുക കൂടി ചെയ്യാതെ ക്‌ളാസ്‌സില്‍നിന്നു പുറത്തേയ്ക്കു കടന്നു.
പീരിയേഡിന്റെ നടുക്ക് അവള്‍ മുറിയിലേയ്ക്ക് തിരിച്ചുകയറി ചെന്നപ്പോള്‍ അവിടെ മറ്റദ്ധ്യാപകര്‍ എല്ലാം ഉണ്ട്.
'അ്, തോന്നുമ്പോത്തോന്നുമ്പോ ക്‌ളാസ്‌സും വിട്ടോണ്ട് വരിക, അല്ലേ?
കൊള്ളാം പണികൊള്ളാം. പ്രിന്‍സിപ്പല്‍ കാണാത്തത് ഭാഗ്യം.'
കര്‍ത്താവുമാസ്റ്റര്‍ പകുതികളിയും പകുതി കാര്യവുമായി പറഞ്ഞു.
അവള്‍ക്ക് സഹിക്കാന്‍ വയ്യാതായി. മേശമേല്‍ തലവെച്ച് അവള്‍ തേങ്ങാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അടക്കാന്‍ കഴിയാത്ത തേങ്ങലുകള്‍ .
'അയ്യോ, എന്തുപറ്റി ടീച്ചര്‍?'
എല്ലാവരും എണീറ്റു.
'കര്‍ത്താവ് മാഷ് എന്താണ് അതിനോട് പറഞ്ഞത്?' ഓരോരുത്തരുടെ chivalry  ഉണരുകയാണ്.
ഇതു മഹാകുറച്ചിലാണ്. ഈ പുരുഷന്മാരുടെ മുമ്പില്‍വെച്ച് ഇങ്ങനെ കരയുന്നത് നാണക്കേടാണ്. നല്ലവരാണെങ്കിലും അവര്‍ അന്യരാണ്.
ഇതൊക്കെ ആലോചിച്ചെങ്കിലും അവള്‍ക്ക് തേങ്ങല്‍ അടക്കാന്‍ കഴിഞ്ഞില്ല.
ആരോ ഒരാള്‍ അടുത്ത ഡിപ്പാര്‍ട്ടുമെന്റില്‍ പോയി അവിടെയുള്ള ഒരു ടീച്ചറെ വിളിച്ചുകൊണ്ടുവന്നു.
പുരുഷന്മാര്‍ എല്ലാവരും ഇറങ്ങിപ്പോയി.
മൂന്നു കുട്ടികളുടെ അമ്മയായ ആ നല്ല സ്ത്രീ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. അവര്‍ ഒരു കസേര വലിച്ചിട്ട് അവളുടെ തല പതുക്കെ തടവിക്കൊണ്ട് അടുത്തിരുന്നു.
പതുക്കെപ്പതുക്കെ തേങ്ങല്‍ നിന്നു. അവള്‍ ഒരു ഗ്‌ളാസ്‌സില്‍ വെള്ളവുമായി വന്നു: 'മുഖം കഴുകൂ.'
അവള്‍ ജനാലയ്ക്കല്‍ ചെന്നിരുന്നു മുഖം കഴുകി. ടീച്ചറിന്റെ ലോലമായ കര്‍ച്ചീഫില്‍ തുടച്ചെന്നുവരുത്തി.
'ഞാനങ്ങുപൊയ്‌ക്കോട്ടെ. ടീച്ചര്‍? എനിക്കിന്ന് ഇനി ക്‌ളാസ്‌സില്‍ പോകാന്‍ വയ്യ.'
'രമ പൊയ്‌ക്കോളൂ, ഞാന്‍ പറഞ്ഞോളാം. ചെന്നുകിടന്നൊന്ന് ഉറങ്ങൂ. നാളെ വന്നാല്‍ മതി. Class ഒക്കെ ഞാന്‍ adjust ചെയ്യിച്ചോളാം.'
പടിവരെ അവര്‍ കൂടെ വന്നു.
കുടകൊണ്ട് മുഖം മറച്ച് അവള്‍ ഇറങ്ങിപ്പോകുന്നതു വരാന്തയിലും മുറ്റത്തും ഉള്ളവര്‍ ശ്രദ്ധിച്ചു.
എന്താണ് സംഭവിച്ചത്?
കോളേജ് മുഴുവന്‍ ബഹളമായി.
കര്‍ത്താവുമാസ്റ്റര്‍ തന്നെ ക്‌ളാസ്‌സിലെ കുട്ടികളില്‍ ഒരാളെ വിളിച്ചു ചോദിച്ച് കാര്യം മനസ്‌സിലാക്കി.
വര്‍ത്തമാനം കാട്ടുതീപോലെ പടര്‍ന്നു. ആ കോളേജിന്റെ ചരിത്രത്തില്‍ ഇതൊരു സംഭവമാണ്.
ഒരു ടീച്ചര്‍ ക്‌ളാസ്‌സില്‍ നിന്ന് ഇറങ്ങിവന്നു കരയുക.
അതും, ആ പാവം, രമടീച്ചര്‍ .
അവര്‍ പഠിപ്പിക്കുന്നതിനെപ്പറ്റി ആണെങ്കില്‍ ഇതുവരെ അങ്ങനെ പരാതിയൊന്നും കേട്ടിട്ടില്ല.
പറഞ്ഞുപറഞ്ഞ് സംഭവിത്തിനു നാടകീയത വര്‍ദ്ധിച്ചുവന്നു.
ടീച്ചര്‍ ക്‌ളാസ്‌സില്‍ നിന്നേ കരഞ്ഞുകൊണ്ടാണ് ഇറങ്ങിവന്നത്.
ഒരു കുട്ടി ക്‌ളാസ്‌സില്‍ എഴുന്നേറ്റുനിന്ന് സഭ്യമല്ലാത്ത എന്തോ പറഞ്ഞു. അവര്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നു.
ആര്‍ക്കും ഒരു ഉപദ്രവം ചെയ്യാത്ത ആ പാവം രമടീച്ചര്‍ .
അതും പറഞ്ഞതോ. പോള്‍ വര്‍ഗ്ഗീസ്, കോളേജ് യൂണിയന്റെ പ്രസിഡന്റ്.
പോള്‍ വര്‍ഗ്ഗീസിനെപ്പറ്റി അതുവരെ കേട്ടിട്ടില്ലാത്ത പരാതികള്‍ ഓരോന്നായി പുറത്തുവന്നു.
ആള്‍ സ്വല്പം പിഴയാണ്. പ്രസിഡന്റ് ഒക്കെ ആയതിനുശേഷം ഈയിടെ അഹങ്കാരവും കുറെ കൂടുതലാണ്.
അയാള്‍ എപ്പോഴും പെണ്‍കുട്ടികളുടെ വെയിറ്റിംഗ് റൂമിന്റെ പരിസരങ്ങളില്‍ ഉണ്ട്. ആരോ ഓരാള്‍ കണ്ടുപിടിച്ചു.
അയാള്‍ മദ്യശാലയ്ക്കിലേക്ക് പുറകിലത്തെ വാതിലില്‍ക്കൂടി കടന്നു പോകുന്നതു കണ്ടവരുണ്ട്.
ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് പോള്‍ വര്‍ഗ്ഗീസ് ഒരു തെമ്മാടിയായി.
ക്‌ളാസ്‌സില്‍വെച്ച് എന്താണുണ്ടായത് ശരിക്ക്? ഇത്രയുമേ നടന്നുള്ളോ? മറ്റു പിള്ളാര് ഇവനെ രക്ഷിക്കാന്‍ കളവുപറയുന്നതാണോ? ഇത്രയുമേ സംഭവിച്ചുള്ളൂ എങ്കില്‍ ആ ടീച്ചര്‍ക്ക് ഇത്രക്ക് ഉള്ളില്‍ തട്ടാന്‍ - ചുമ്മാ ആരെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നിരുന്ന് കരയുമോ?
എന്താണ് സംഭവിച്ചത് ഇത്രയ്ക്ക് ഉള്ളില്‍ തട്ടാന്‍ . അതാണ് രമയും ആലോചിച്ചിരുന്നത്.
താന്‍ അവിടെ ഇരുന്ന് അങ്ങനെ കരഞ്ഞുപോകാന്‍ കാരണം എന്താണം? ആ കുട്ടി പറഞ്ഞതിനാണോ? അത്രയ്ക്ക് കൊള്ളരുതാത്തവള്‍ ആണോ? ഒരു കുട്ടിയെ നിലയ്ക്കുനിര്‍ത്താന്‍ കൊള്ളില്ല എങ്കില്‍ -
കര്‍ത്താവുമസ്റ്റര്‍ കളിയാക്കിയതിന്? ഛേ - അങ്ങനത്തെ തൊട്ടാവാടിയൊന്നുമല്ല.
പോള്‍ വര്‍ഗ്ഗീസിനെ തനിക്കു കുറച്ചു കാര്യമായിരുന്നു. ശരിയാണ്.
ചൊടിയും ചുണയും ഉള്ള ഒരു മിടുക്കന്‍ കുട്ടി.
അയാളുടെ ശബ്ദത്തില്‍ അങ്ങനെ കേട്ടപ്പോള്‍
എന്നാലും ഇത്രയ്ക്ക്-
തനിക്ക് നഷ്ടപ്പെട്ടുപോയതിനെ. തിരിച്ചിനി കിട്ടാത്തവിധം കൈവിട്ടുപോയതിനെ പെട്ടെന്നങ്ങ് സ്മരിച്ചുപോയി എന്നോ. താന്‍ ജീവിതം എന്നു വിളിക്കുന്ന ഇതിന്റെ പൊള്ളത്തരം ഒരു നിര്‍ദ്ദയമായ വെളിച്ചത്തിന്റെ പ്രഭയില്‍ ആവരണമൊക്കെ നീങ്ങി ആ ഒരു നിമിഷത്തില്‍ വ്യക്തമായി കണ്ടു എന്നോ?
ഇന്നലെകളുടെ വേദന, ഇന്നിന്റെ വ്യര്‍ത്ഥത, നാളെകളുടെ അര്‍ത്ഥശൂന്യത, ഇതെല്ലാം ഒരു ഞൊടിനേരത്തേയ്ക്ക് മറയില്ലാതെ കണ്ടു എന്നോ.
അതാണോ കരഞ്ഞുപോയത്?
പിറ്റേ ദിവസം തല ഉയര്‍ത്താതെ അവള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ചെന്നു കയറി.
എല്ലാവര്‍ക്കും വളരെ കാര്യം. ഫൈനല്‍ മെയിന്റെ ആ ക്‌ളാസ്‌സ് മേലില്‍ എടുക്കേണ്ട എന്ന് പ്രൊഫസര്‍ വന്നു പറഞ്ഞു.
ഇനി ആ ക്‌ളാസ്‌സില്‍ പോകേണ്ട?
സന്തോഷിക്കുകയാണു വേണ്ടത്. താന്‍ അധിക്ഷിപ്തയായത് അവിടെവെച്ചാണ്. അവിടെ ഇനി ചെല്ലണ്ട. അവരെ ഇനി കാണണ്ട എന്നുവന്നാല്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്.
പോള്‍ വര്‍ഗ്ഗീസ്-
ഇത്രയ്ക്ക് പ്രമാദമായ കേസ്‌സാവുമെന്ന് ആ കുട്ടി വിചാരിച്ചുകാണില്ല. എന്തായിരിക്കും ഇപ്പോള്‍ അയാളുടെ മനസ്‌സില്‍ തന്നെപ്പറ്റി വിചാരം?
അവരു കേറി നിലവിളിക്കാന്‍ പോയതുകൊണ്ടല്ലേ ഈ കുഴപ്പമൊക്കെ എന്നായിരിക്കുമോ?
എന്തിനാണ് ആ കുട്ടി അതു പറഞ്ഞത്? മനഃപൂര്‍വ്വം തന്നെ ആക്ഷേപിക്കാന്‍വേണ്ടിയാണോ?
Stratchey യുടെ ഉപന്യാസത്തില്‍ ഏറ്റവും കുത്സിതമായ സര്‍വ്വനാമ ശബ്ദം എന്ന് ഉപയോഗിച്ചിരിക്കുന്നത് ഉത്തമ പുരുഷന്‍ ഏകവചനത്തിന് പകരമാണ്.
താന്‍ അത് പഠിപ്പിച്ചുകൊണ്ടിരിക്കുകയും ആയിരുന്നു.
'ഞാന്‍' എന്ന പദത്തിനോടുള്ള സ്‌നേഹം -
ഏറ്റവും മനംമടുപ്പിക്കുന്ന സര്‍വ്വനാമശബ്ദം -
ഒരു വലിയ 'ഞാന്‍' മുമ്പിലുണ്ടായതല്ലേ തന്റെ കുഴപ്പം.
'ഞാനെന്ന ഭാവമിഹതോന്നായ്ക വേണം -'
സായിപ്പിന്റെ ആ ആശയത്തിന് ഹിന്ദുവേദാന്തത്തിനോട് അടുപ്പമുണ്ട് എന്നൊക്കെ ആലോചിച്ചാണ് ക്‌ളാസ്‌സില്‍ പോയത്. എന്നിട്ട് അവിടെച്ചെന്ന് മുഖവുരയും ഒക്കെ കഴിഞ്ഞ് കാര്യമായി തുടങ്ങിയപ്പോള്‍ -
പോള്‍ വര്‍ഗ്ഗീസ്-
ചടച്ച് കൊലുന്നനെ സുമുഖനായ ആ കുട്ടി, തന്നെ ആക്ഷേപിച്ചിട്ട് അയാള്‍ക്കെന്തുകിട്ടാന്‍ ?....
കേസ്‌സ് വലുതായിവരികയാണ്.
പ്രിന്‍സിപ്പലിന്റെ അടുത്തെത്തിയെന്നു കേട്ടു.
അങ്ങേരിത് വളരെ ഗൗരവ്വമായിട്ടാണുപോലും എടുത്തിരിക്കുന്നത്.
രക്ഷാകര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞയച്ചിരിക്കുകയാണ്.
ഓ, തീര്‍ന്നല്ലോ, രമ സമാധാനിച്ചു. രക്ഷാകര്‍ത്താവുവരും. വല്ലതും കുറച്ചു വര്‍ത്തമാനം പറഞ്ഞു പോകും. കേസ്‌സു തീരും, സമാധാനം.
എങ്ങനെയെങ്കിലും ഇതൊന്നു തീര്‍ന്നിരുന്നെങ്കില്‍ -
പക്ഷെ വിചാരിച്ചതുപോലെ തീര്‍ന്നില്ല. പോള്‍ രക്ഷാകര്‍ത്താവിനെ കൊണ്ടുവന്നില്ല.
പ്രിന്‍സിപ്പലിന് ശുണ്ഠി കൂടി വരികയാണ്. ഇപ്പോള്‍ ഒരു ക്‌ളാസ്‌സിലും കേറുന്നില്ല.
പഠിക്കാന്‍ മിടുക്കനായ കുട്ടി താന്‍ കാരണം ഒരു ക്‌ളാസ്‌സിലും കേറാതെ -
അതിനങ്ങ് അച്ഛനെ വിളിച്ചുകൊണ്ടുവന്നുകൂടേ?
അവള്‍ കേള്‍ക്കേ കേസ്‌സിന്റെ കാര്യം ഡിപ്പാര്‍ട്ട്‌മെന്റില്‍ ആരും പറയാറില്ല.
ആ സ്ത്രീ മോങ്ങും എന്നായിരിക്കും അവരുടെയൊക്കെ മനസ്‌സില്‍ ഇപ്പോള്‍ - ഛേ...
പക്ഷേ മറ്റു ഡിപ്പേര്‍ട്ടുമെന്റുകളിലെല്ലാം ഇതാണ് സ്ഥിരം സാംസാര വിഷയം. അവിടെയൊക്കെ സ്ത്രീകളുമുണ്ട്. അവര്‍ കേള്‍ക്കെ സംസാരിച്ചുകൂടെന്ന് ആര്‍ക്കും നിര്‍ബ്ബന്ധവുമില്ല.
അങ്ങനെ ന്യൂസുകള്‍ എല്ലാം ചൂടോടെ രമയ്ക്കും കിട്ടിക്കൊണ്ടിരുന്നു.
അച്ഛനെ വിളിച്ചുകൊണ്ടുവരാത്തത് പോളിന്റെ കുറ്റമാത്രമല്ല.
അയാളുടെ അച്ഛനും അമ്മയും തമ്മില്‍ അത്ര രസമല്ലത്രേ. അച്ഛനാണ് പഠിപ്പിക്കുന്നത്. പണം കൊടുത്തുന്നു എന്നല്ലാതെ വേറെ ഒന്നും അങ്ങേര്‍ അന്വേഷിക്കാറില്ലത്രെ. ഇയാളുടെ കേസ്‌സു തീര്‍ക്കാനൊന്നും അങ്ങേര്‍ വരിക ഉണ്ടാവില്ല. കേസും വഴക്കും ഒക്കെ ആണെന്നറിഞ്ഞാല്‍ ഉടനെ പഠിപ്പു നിര്‍ത്തിക്കോളാന്‍ പറയും. അത്രയേ ഉള്ളൂ.
അച്ഛനല്ലാതെ വേറെ അടുത്ത ബന്ധുക്കള്‍ ആരുമില്ല അയാള്‍ക്ക്. അങ്ങനെ, അയാള്‍ രക്ഷാകര്‍ത്താവിനെ കൊണ്ടുവന്നില്ല.
പ്രിന്‍സിപ്പലിന് വൈരാഗ്യം കൂടിക്കൂടിവരികയും.
രണ്ടോ മൂന്നോ രൂപ കൊടുത്താല്‍ ഇഷ്ടം പോലെ രക്ഷാകര്‍ത്താക്കളെ കിട്ടുന്ന നാടാണെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണുപോലും അവിടെ സാധാരണ കുട്ടികളുടെ പതിവ്.
ഇയാള്‍ക്കും അങ്ങനെ വല്ലതും ചെയ്തുകൂടെ? അമ്മാവന്‍മാര്‍ ആര്‍ക്കും ഉണ്ടാകാമല്ലോ.
അയാള്‍ അതൊന്നും ചെയ്തില്ല. യൂണിയന്റെ പ്രസിഡന്റ് ഒരാഴ്ചയിലധികമായി ക്‌ളാസ്‌സില്‍നിന്ന് പുറത്താണ്.
അക്കൊല്ലം ഫൈനല്‍ ഇയര്‍ പരീക്ഷയാണ് ആ കുട്ടിക്ക്.
താന്‍ കാരണം ഒരു കുട്ടിക്ക് -
ചക്രം ഉരുട്ടിവിടാന്‍ മാത്രമേ തന്നെക്കൊണ്ട് കഴിഞ്ഞുള്ളു. ഇനി അതു പിടിച്ചുനിര്‍ത്താന്‍ താന്‍ വിചാരിച്ചാല്‍ ഒക്കില്ല എന്നോ?
എന്തോ വികൃതിത്തരം മനസ്‌സില്‍ കണ്ട് ആലോചിക്കാതെ പറഞ്ഞുപോയതായിരിക്കും ആ കുട്ടി.
അതിന് -
താന്‍ കാരണം -
പ്രിന്‍സിപ്പലിനെ ചെന്നുകണ്ട് പറഞ്ഞാലോ, ആ കുട്ടി പറഞ്ഞതിനൊന്നുമല്ല താന്‍ കരഞ്ഞതെന്ന്, പിന്നെ എന്തിനു കരഞ്ഞു എന്നു ചോദിച്ചാല്‍ -
ഒന്നും പറയാനില്ലല്ലോ.
ആലോചിച്ച് ആലോചിച്ച് അവസാനം എന്തും വരട്ടെ എന്ന് നിശ്ചയിച്ച് അവള്‍ ചെന്ന്
അവളെക്കണ്ട് അദ്ദേഹം വെളുക്കെ ചിരിച്ചു.
മദ്ധ്യവയസ്‌സു കഴിഞ്ഞ ആ മനുഷ്യനെ കുട്ടികള്‍ കടുവാ എന്നാണ് വിളിക്കാറ് എന്ന് അവള്‍ ഓര്‍ത്തു.
കുശലപ്രശ്‌നങ്ങള്‍ കഴിഞ്ഞു. ഇനി വന്ന കാര്യം പറയണ്ടേ?
'സാര്‍ , ആ പോള്‍ വര്‍ഗ്ഗീസ് -'
'എന്താണ് അയാള്‍ പിന്നെയും കുഴപ്പം വല്ലതും ഉണ്ടാക്കിയോ?'.
'ഇല്ല. അയാള്‍ ക്‌ളാസ്‌സിലൊന്നും കേറാതെ നടക്കുകയാണ്.'
'ഞാന്‍ കേറരുതെന്നു പറഞ്ഞിട്ടാണ്.'
'അയാള്‍ മിടുക്കനാണ്.'
'അതുമാത്രം പോരല്ലോ.'
'ഇത്രയും കൊണ്ടു മതിയാക്കി അയാളെ കേറാന്‍ പറഞ്ഞുകൂടേ സാര്‍ ?'
അദ്ദേഹം ചിരിച്ചു. മുറിയില്‍ കൂടെ ഉണ്ടായിരുന്ന വേറെ ഒന്നുരണ്ടു മാസ്റ്റര്‍മാരും ചിരിച്ചു.
താനൊരു പമ്പര വിഡ്ഢിയാണ് എന്നാണോ അവര്‍ കരുതുന്നത്. ഒരു കുട്ടി എന്തോ പറഞ്ഞെന്നു വെച്ച് ആദ്യം കേറിക്കരയുക. പിന്നെ അയാളെ വെറുതെ വിടണേ എന്നു പറയാന്‍ വരിക.
'രമയ്ക്ക് compunction ഒന്നും വേണ്ട ഇതില്‍ .Lack of displine ആണ് ഇവരുടെ generation ന്റെ കുഴപ്പം. അതും ഇയാള്‍ Union President. കുട്ടികളുടെ elected representative. അയാള്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടേണ്ടവനാണ്. നല്ല punishment കൊടുക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും ഒരു പാഠം ആവണം.'
'അയ്യോ, സാര്‍ , ഞാന്‍ കാരണം ഒരു കുട്ടി--'
'രമ വന്ന് ഇത്രയും പറഞ്ഞതുകൊണ്ട് ഒന്നു ചെയ്‌തേയ്ക്കാം. അയാള്‍ക്ക് ഒരു choice കൊടുക്കാം. ഒന്നീല്‍ അയാള്‍whole college  ന്റെ മുമ്പില്‍വെച്ച് apologise ചെയ്യട്ടെ; അല്ലെങ്കില്‍ TC  മേടിച്ച് പൊയ്‌ക്കോട്ടെ.'
'എല്ലാവരുടെയും മുമ്പില്‍വെച്ച് -'
'രമയ്ക്ക്embarassing ഒന്നും ആവില്ല. ഞങ്ങള്‍ എല്ലാവരും ഉണ്ടാവും രമ വന്നാല്‍ മാത്രം മതി.'
'എന്നാലും Students ന്റെ മുഴുവന്‍ മുമ്പില്‍വെച്ച് ആ കുട്ടി-.'
പ്രിന്‍സിപ്പല്‍ തന്നെ വല്ലാത്തമട്ടില്‍ നോക്കുകയാണെന്ന് അവള്‍ക്കു തോന്നി.
ദൈവമേ-
'എനിക്ക് അടുത്ത  hour ക്‌ളാസ്‌സ് ഉണ്ട്. ഞാന്‍ പോകട്ടേ.'
'ശരി.'
ഇതും കോളേജ് മുഴുവന്‍ അറിഞ്ഞു.
പോള്‍ വര്‍ഗ്ഗീസ് മാപ്പു ചോദിക്കാന്‍ സമ്മതിച്ചു എന്നു കേട്ടു.
അയാള്‍ക്ക് വോട്ടുകൊടുത്ത് അയാളെ അവരുടെ നേതാവായി തിരഞ്ഞെടുത്ത ആ രണ്ടായിരത്തിലധികം കുട്ടികളുടെ മുമ്പില്‍വെച്ച്, തിങ്കളാഴ്ചയ്ക്കാണ് നിശ്ചയിച്ചിരുന്നത്. കൃത്യം നാലിന് കോളേജ് വിട്ട ഉടന്‍ എല്ലാവരും മെയിന്‍ ഹോളില്‍ എത്തണം എന്ന് നോട്ടീസ് വന്നു.
അവള്‍ ചെല്ലാതെ പറ്റുമോ?
നാല് പത്തിന് പ്രിന്‍സിപ്പല്‍ എത്തി. പ്‌ളാറ്റ്‌ഫോമില്‍ ആ കോളേജിലെ എഴുപതില്‍ മീതെ വരുന്ന അദ്ധ്യാപകര്‍. താഴെ കുട്ടികളുടെ സമുദ്രം.
ആ രണ്ടായിരം ജോടിക്കണ്ണുകളും തന്നിലാണോ തറച്ചിരിക്കുന്നത്?
നാല് പതിനഞ്ചുവരെ പ്രിന്‍സിപ്പല്‍ അക്ഷമനായി കാത്തുനിന്നു.
പോള്‍ വര്‍ഗ്ഗീസ് വന്നില്ല.
നമ്പര്‍ 3572. തേര്‍ഡ് ഡി.സിയിലെ പോള്‍വര്‍ഗ്ഗീസിനെ അച്ചടക്കരാഹിത്യത്തിന് കോളേജില്‍ നിന്ന് പുറത്താക്കി എന്ന് നോട്ടീസ് എല്ലാ നോട്ടീസ് ബോര്‍ഡുകളിലും അന്നു തന്നെ വന്നു.
പിറ്റേ ദിവസം കൂട്ടുകാര്‍ പറഞ്ഞതൊന്നും കൂട്ടാക്കാതെ അവള്‍ ഒരാഴ്ച ലീവെടുത്ത് നാട്ടില്‍പ്പോയി.
കുറച്ചൊക്കെ തണുത്ത മനസ്‌സുമായാണ് തിരിച്ചുവന്നത്.
മുറി തുറന്ന് അകത്തു കയറിയപ്പോഴേക്കും വാച്ചര്‍ രാമന്‍ നായര്‍ ഒരു പൊതിയും കൊണ്ടുവന്നു.
'പോയേന്റെ പിറ്റേദിവസം ഒരു കുട്ടി കാണാന്‍ വന്നിരുന്നു. ഇവിടെ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ദേ ഇത് ഏല്‍പ്പിച്ചിട്ടുപോയി. കൈയില്‍ത്തന്നെ തരണം എന്നു പറഞ്ഞു. പുസ്തകമാണ്. പൊതിഞ്ഞിങ്ങട് തര്വാണ് ചെയ്തത്, ഇല്ലാന്നു പറഞ്ഞപ്പോള്‍ .'
പുഷ്‌കിന്റെ കവിതകളുടെ ഒരു സമാഹാരം. വില കുറഞ്ഞ മോസ്‌ക്കോ പബ്‌ളിക്കേഷന്‍ , ആദ്യത്തെ പേജില്‍ വടിവുള്ള അക്ഷരത്തില്‍ 'ഞാന്‍ മുട്ടുകുത്താന്‍ വന്നപ്പോള്‍ അങ്ങ് വാതില്‍ അടച്ചുകളഞ്ഞു' - പോള്‍ .TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അര നൂറ്റാണ്ടു മുന്‍പ് രാജലക്ഷ്മി എഴുതിയ കഥ