കവിത ആശാലത നീ എവടെയാണെന്ന് പഴയ ഒരുപാട് പഴയ ചങ്ങാതിച്ചി ചോദിക്കുന്നു ഞാന്‍ ഇവിടെയാണെന്ന് നാലുചുറ്റും വെള്ളം കൊണ്ടുമൂടിയ ദ്വ...
കവിത
ആശാലത
നീ എവടെയാണെന്ന്
പഴയ ഒരുപാട് പഴയ
ചങ്ങാതിച്ചി
ചോദിക്കുന്നു
ഞാന്‍ ഇവിടെയാണെന്ന്
നാലുചുറ്റും
വെള്ളം കൊണ്ടുമൂടിയ ദ്വീപില്‍ നിന്ന്
ഞാന്‍ ഉറക്കെ വിളിച്ചുപറയുന്നു
പാമ്പിന്റെ പുറത്ത്
കിടക്കുന്ന തമ്പുരാന്റെ പോലെ
വെള്ളത്തിന് നടുവില്‍ പൊന്തിക്കിടപ്പാണ്
അക്കരെ നിന്ന്
കൂക്കി വിളിച്ചാലേ കേള്‍ക്കൂ
സന്ദേശമയക്കാന്‍
ഇല്ല ഫോണ്‍, കണക്റ്റിവിറ്റി
കൂക്കിത്തന്നെ വിളിക്കണം
ഒറക്കെയൊറക്കനേ കൂക്കണം
വെള്ളം കടന്ന്
ഇങ്ങോട്ടൊന്നും എത്താനും പറ്റില്ല
ഓണം വിഷു റംസാന് ക്രിസ്തുമസ്സ്
ജാഥകള്‍
വിശേഷാല്‍പതിപ്പുകള്‍
രക്ഷായാത്രകള്‍
ഒന്നുമില്ലാത്തതിനാല്‍
വെറുതെ വെള്ളത്തിലേക്കുനോക്കി
ഇരിപ്പാണ്
മീനുകള്‍
പായുന്നുണ്ടാവാം
ചെറുചെറു മത്സ്യകന്യകകള്‍
ചിറകിളക്കി
മുകളിലേക്ക് തലനീട്ടുന്നുണ്ടാവാം
ചങ്ങാതിച്ചീ
എന്റെ പേര്
ഇപ്പോള്‍
ഒറ്റക്കിരിപ്പെന്നാ
മറന്നു,
നിന്റെ പേരെന്താ?
നിന്റെ പേര് ഇപ്പോഴെന്താ?
ashalathaa@gmail.com
COMMENTS