Search

സ്വയം മരിച്ച എഴുത്തുകാരന്‍ പെരുമാള്‍ മുരുകനു പിന്തുണയുമായി റുഷ്ദി വരെ, കലിയടങ്ങാതെ മതമൗലിക വാദികള്‍

ദീപക് നമ്പ്യാര്‍

മതമൗലിക വാദികളുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കി എഴുത്തു നിര്‍ത്തുന്നതായി പ്രഖ്യാപിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന് ലോകമെമ്പാടും നിന്നു പിന്തുണയേറുന്നു. ഇതിനൊപ്പം ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനും മുരുകനെ പിന്തുണച്ചു രംഗത്തു വന്നു.

പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' (അര്‍ധനാരീശ്വരന്‍) എന്ന നോവലിനെതിരെ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. തിങ്കളാഴ്ച നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു.

മാപ്പ്, നിരുപാധികം

നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പില്‍ മുരുകന്‍ അത്യധികം ദുഃഖിതനായിരുന്നെന്ന് ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സാഹിത്യലോകത്തെ ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് മുരുകന്‍ പ്രഖ്യാപിച്ചത്.
പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പെരുമാള്‍ മുരുകന്‍ വ്യക്തമാക്കി.

പ്രസാധകര്‍ക്കു മുരുകന്റെ നഷ്ടപരിഹാരം

തന്റെ പുസ്തകങ്ങളുടെ പ്രസാധകരായ കാലച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിറ്റുപോയിട്ടില്ലാത്ത പുസ്തകങ്ങളുടെ തുക ഞാന്‍ കൊടുക്കും. പ്രസാധകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തയ്യാറാണ്. എന്റെ പുസ്തകങ്ങള്‍ വാങ്ങിയവര്‍ക്ക് അവ കത്തിച്ചു കളയാം. അവര്‍ക്കും ഞാന്‍ നഷ്ടപരിഹാരം നല്‍കും മുരുകന്‍ പറഞ്ഞു.

തന്നെ ഇനി സാഹിത്യ സംബന്ധിയായ ഒരു ചടങ്ങിനും ആരും വിളിക്കരുതെന്നും എല്ലാ പുസ്തകങ്ങളും പിന്‍വലിക്കുകയാണെന്നും മുരുകന്‍ പറഞ്ഞു. ജാതിമത സംഘടനകള്‍ തനിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുരുകന്‍ അഭ്യര്‍ഥിച്ചു.

തമിഴകത്ത് കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. നൂറു കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്.

വിവാദമയാത് ആചാരപരമായ സഹശയനം

കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ സാമി കൊടുത്ത പിള്ളൈ എന്ന പേരിലാണറിയപ്പെടുക. മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവില്‍ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.
വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നുപറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്‌ളീഷ് പരിഭാഷ പുറത്തിറക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് നോവലിനെതിരെ നാമക്കല്‍ ജില്ലയില്‍ ഹിന്ദുസംഘടനകള്‍ രംഗത്തിറങ്ങിയത്. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികള്‍ പെരുമാള്‍ മുരുകന്റേതായുണ്ട്.

നാമക്കലിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ തമിഴ് പ്രൊഫസറാണ് പെരുമാള്‍ മുരുകന്‍.


നാടുവിടാന്‍ ഉപദേശിച്ചത് പൊലീസ്, പിന്തുണയുമായി റുഷ്ദി

പുസ്തകം ക്ഷേത്രത്തെയും വിശ്വാസികളെയും അപമാനിക്കുന്നതാണെന്നും പുസ്തകം നിരോധിച്ച് പെരുമാള്‍ മുരുകനെ അറസ്റ്റ് ചെയ്യണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. പ്രതിഷേധം നേരിടാനാവാതെ പെരുമാള്‍ മുരുകന്‍ കുടുംബസമേതം നാടുവിട്ടിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹം നാടുവിട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതേസമയം, പെരുമാള്‍ മുരുകന് സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണ ഏറുകയാണ്. എഴുത്തു നിര്‍ത്താനുള്ള തീരുമാനം പെരുമാള്‍ മുരുകന്‍ പിന്‍വലിക്കണമെന്ന് തമിഴ് സാഹിത്യലോകം ഒന്നടങ്കം ആവശ്യപ്പെട്ടു.

ബിബിസി ഉള്‍പ്പെടെ രാജ്യാന്തര മാധ്യമങ്ങളും പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തിയതിനെക്കുറിച്ചു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതോടെ, സല്‍മാന്‍ റുഷ്ദി ഉള്‍പ്പെടെയുള്ള എഴുത്തുകാരും മുരുകനു പിന്തുണയുമായി എത്തിയിട്ടുണ്ട്.

എഴുത്തുനിര്‍ത്തി സ്വയം ഹത്യ ചെയ്യാനുള്ള മുരുകന്റെ തീരുമാനം തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നും മതമൗലിക വാദികളെ ഭയന്ന് പതിറ്റാണ്ടുകളായി ഒളിവില്‍ കഴിയുന്ന മുരുകന്‍ പറഞ്ഞു.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സ്വയം മരിച്ച എഴുത്തുകാരന്‍ പെരുമാള്‍ മുരുകനു പിന്തുണയുമായി റുഷ്ദി വരെ, കലിയടങ്ങാതെ മതമൗലിക വാദികള്‍