Search

കറുത്ത ഹാസ്യത്തില്‍ ഉരിയുന്ന അമേരിക്കന്‍ മൂടുപടം

ആംഗലേയ സാഹിത്യത്തിലെ ഇന്നുള്ള ഏറ്റവും വലിയ പുരസ്‌കാരം ഏതെന്നു ചചോദിച്ചാല്‍ മാന്‍ ബുക്കര്‍ എന്നു തന്നെ പറയാം. ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ ഒരു എഴുത്തുകാരനെ ലോകത്തിന്റെ നെറുകയിലേക്ക് എടുത്തുയര്‍ത്താന്‍ ഇതുപോലെ മറ്റൊരു പുരസ്‌കാരത്തിനും കഴിയില്ല.

കഴിഞ്ഞ തവണ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടിയ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങും ഇതുപോലെ ഒരു നാള്‍ കൊണ്ട് കിരീടം ചൂടുകയായിരുന്നു. നേരത്തേ അരുന്ധതി റോയിയേയും അരവിന്ദ് അഡിഗയേയുമെല്ലാം ഇതുപോലെ ബുക്കര്‍ ലോകത്തിനു മുന്നിലേക്ക് അപ്രതീക്ഷിതമായി പിടിച്ചുയര്‍ത്തുകയായിരുന്നുവല്ലോ. ഇക്കുറി മാന്‍ ബുക്കര്‍ അമേരിക്കയിലേക്കാണ് ചെന്നെത്തിയത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ എഴുത്തുകാരെ മാത്രം പരിഗണിക്കുന്ന പതിവ് 2013ല്‍ നിറുത്തിയതില്‍ പിന്നെയാണ് അമേരിക്കയിലേക്കും മറ്റും ബുക്കര്‍ സഞ്ചാരം തുടങ്ങിയത്.

ഇത്തവണത്തെ ബുക്കര്‍ സമ്മാനത്തിനു പ്രത്യേകതയേറെയുണ്ട്. കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്കാണ് ബുക്കര്‍ കിട്ടിയത്. മിക്കവാറും എല്ലാ രംഗത്തും ലോകത്തെ ഒന്നാംകിട രാജ്യമെന്ന് അഭിമാനിക്കുന്ന അമേരിക്കയിലെ അതിരൂക്ഷമായ വംശീയതയെ തുറന്നുകാട്ടുകയാണ് ബീറ്റി തന്റെ ദ് സെല്‍ ഔട്ട് എന്ന നോവലിലൂടെ. അധികമാരും ശ്രദ്ധിക്കുകയോ, ശ്രദ്ധിച്ചാല്‍ തന്നെ പുറത്തുപറയാത്തതോ ആയ അമേരിക്കയുടെ കറുത്ത മുഖം ഹാസ്യത്തിന്റെ മുഖാവരണത്തിലൂടെ വരഞ്ഞിടുകയാണ് ബീറ്റി.

155 നോവലുകളാണ് ഇത്തവണ പുരസ്‌കാര സമിതി വിലയിരുത്തിയത്. അന്തിമ പട്ടികയില്‍ ഇടം തേടിയ ആറ് പുസ്തകങ്ങളില്‍ നിന്നു പുരസ്‌കാര സമിതി ഐകകണ്‌ഠ്യേനയാണ് ദ് സെല്ലൗട്ടിനെ തിരഞ്ഞെടുത്തതെന്നു പറയുമ്പോള്‍ തന്നെ ബീറ്റിയുടെ കൃതിയുടെ മഹത്വം വ്യക്തമാകുന്നുണ്ട്.

ആദ്യമായാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം അമേരിക്കന്‍ എഴുത്തുകാരനെ തേടിയെത്തുന്നത്. സ്വദേശമായ ലോസ് ആഞ്ചലസിലെ ജീവിതമാണ് ദ് സെല്‍ ഔട്ടിലൂടെ ബീറ്റി പറയുന്നത്. അതിശയകരമായും ചിന്തിക്കാനാവുന്നതിലുമപ്പുറം രസകരവുമാണ് ബീറ്റിയുടെ ശൈലിയെന്നാണ് പുരസ്‌കാര നിര്‍ണയ സമിതി വിലിയിരുത്തിയത്. മാര്‍ക് ട്വയ്‌നിന്റെയും ജൊനാഥന്‍ സ്വിഫ്റ്റിന്റെയും രചനകളോടാണു വിധിനിര്‍ണയ സമിതി ബീറ്റിയുടെ ശൈലിയെ താരതമ്യപ്പെടുത്തിയത്. ബുക്കര്‍ പ്രൈസ് നിര്‍ണയ കമ്മിറ്റിയിലുണ്ടായിരുന്ന ചരിത്രകാരനായ അമാന്‍ഡ ഫോര്‍മാന്‍ നമ്മുടെ കാലത്തെ പുസ്തകമെന്നാണ് നോവലിനെ വിശേഷിപ്പിച്ചത്.

വമ്പന്‍ നഗരമായ ലോസ് ആഞ്ചലസിനെ ഒരേസമയം വാല്‍സല്യത്തോടെയും വ്യംഗാത്മകമായും ചിത്രീകരിക്കുന്ന എഴുത്തുകാരന്‍ അവിടുത്തെ വംശീയതയുടെ ആഴത്തെയും അവയ്ക്കുള്ള പ്രതിവിധികളെയും എഴുത്തിലൂടെ തുറന്നുകാട്ടുന്നുണ്ടെന്ന് ജൂറി വിലയിരുത്തി. നോവലിലെ നായകകഥാപാത്രം അഴിമതി നിറഞ്ഞ ലോകത്തെ ഒരു നിഷ്‌കളങ്കന്റെ കണ്ണിലൂടെ കാണുകയാണ്. അതു തന്നെയാണ് നോവലിനെ മനോഹരമാക്കുന്നതും.

അമേരിക്കയിലെ കറുത്തവന്റെ ജീവിതം പോലെ തന്നെ സങ്കടകരമാണ് നോവലിസ്റ്റിനു നോവല്‍ ലോകത്തിനു മുന്നിലെത്തിക്കാനും നേരിടേണ്ടിവന്നത്. ഇതിലേക്കുള്ള എന്റെ വഴി എത്ര ദൈര്‍ഘ്യമേറിയതായിരുന്നു. പറഞ്ഞറിയിക്കാനാകില്ല സുഹൃത്തുക്കളേ എന്നായിരുന്നു കാമില രാജകുമാരിയില്‍നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടു പോള്‍ ബീറ്റി പറഞ്ഞത്.

ആഫ്രിക്കന്‍ അമേരിക്കന്‍ വ്യക്തിത്വം സ്ഥാപിച്ചുകിട്ടാനായി പെടാപ്പാടു പെടുകയാണ് നോവലിലെ നായകന്‍ ബൊണ്‍ബൊണ്‍. അയാളുടെ സാങ്കല്പിക ജീവിതമാണ് നോവലില്‍ വരഞ്ഞിടുന്നത്. അയാള്‍ പോകുന്നത് അന്യായത്തിന്റെ വഴിയിലൂടെയാണ്. അടിമത്തം തിരിച്ചുവരണമെന്നാണ് അയാളുടെ ആഗ്രഹം. ഈ ചുറ്റുപാടില്‍ നിന്നു പറയുന്ന കഥ പിന്നെ ആക്ഷേപഹാസ്യത്തിലേക്കു വഴിമാറുകയാണ്.

അതുകൊണ്ടായിരിക്കും വായനയ്ക്കു വിഷമകരമായ പുസ്തകമാണെന്നാണ് എഴുത്തുകാരന്‍ തന്നെ തന്റെ കൃതിയെ വിശേഷിപ്പിക്കുന്നത്. ഞാന്‍ എഴുത്തിനെ വെറുക്കുന്നു. അത്രയും കഠിനമായ പ്രവൃത്തിയാണത്. ഇതെഴുതുന്നതു കഠിനയത്‌നമായിരുന്നു. വായിക്കാനും അങ്ങനെ തന്നെയെന്നാണ് മറുപടി പ്രസംഗത്തില്‍ ബീറ്റി പറഞ്ഞത്.

ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും തീവ്രാനുഭവങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന തന്റെ രചനകള്‍ ആക്ഷേപഹാസ്യമെന്ന തരത്തില്‍ മാത്രം വായനക്കാര്‍ കാണുന്നതില്‍ ബീറ്റിക്കു ദുഃഖവുമുണ്ട്. യു.കെയിലെ പ്രസാധകര്‍ പതിനെട്ടു തവണയാണ് ബീറ്റിയുടെ പുസ്തകം തള്ളിക്കളഞ്ഞത്. കുപ്പയില്‍ കിടന്നാലും മാണിക്യം തിളങ്ങുമെന്നു തെളിയിക്കുന്നതാണ് ഇപ്പോള്‍ പുസ്തകത്തിനു കിട്ടിയ അംഗീകാരം.

പുസ്തകം നല്ലതാണ് പക്ഷെ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു പ്രസാധകരുടെ നിലപാട്. ഒടുവില്‍ വണ്‍ വേള്‍ഡ് എന്ന സ്വതന്ത്ര പ്രസാധകരാണ് യൂറോപ്പില്‍ സെല്‍ഔട്ട് പ്രസിദ്ധീകരിച്ചത്. ഇന്ന് ലോകം ആവേശപൂര്‍വം വായിക്കുന്ന പല പുസ്തകങ്ങളും വായനക്കാര്‍ക്കു മുന്നിലെത്തിച്ചത് വണ്‍ വേള്‍ഡ് ആണെന്നതു മറ്റൊരു സത്യം.

ലോസ്ഏഞ്ചല്‍സില്‍ ജനിച്ച പോള്‍ ബീറ്റി തെക്കന്‍ കലിഫോര്‍ണിയയിലാണ് വളര്‍ന്നത്. നഴ്‌സും ചിത്രകാരിയുമായ അമ്മയാണ് ബീറ്റിയെ വായനയുടെ ലോകത്തേയ്ക്കു കൈപിടിച്ചുകൊണ്ടുവന്നത്. സര്‍ഗാത്മക രചനയില്‍ ബ്രൂക്ലിന്‍ കോളജില്‍ നിന്ന് എം.എഫ്.എ ബിരുദവും ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ എം.എ. ബിരുദവും നേടിയിട്ടുള്ള ബീറ്റി, 1990ല്‍ ന്യൂയോറിക്കന്‍ പോയറ്റസ് കഫേയുടെ ഗ്രാന്‍ഡ് പോയട്രി സ്‌ളാം ചാമ്പ്യനായതോടെയാണ് എഴുത്താണ് തന്റെ വഴിയെന്നു തിരിച്ചറിഞ്ഞത്.

ബിഗ് ബാങ്ക് ടേക്ക് ലിറ്റില്‍ ബാങ്ക് എന്ന കവിതാസമാഹാരത്തിനാണ് അന്നു പുരസ്‌കാരം ലഭിച്ചത്. പിന്നീട് ജോക്കര്‍, ജോക്കര്‍, ഡ്യൂസ് എന്ന കാവ്യ സമാഹാരവും പ്രസിദ്ധീകരിച്ചു. 1993ല്‍ ഫൗണ്ടേഷന്‍ ഒഫ് കണ്ടംപററി ആര്‍ട്‌സിന്റെ ആര്‍ട്ടിസ്റ്റ് അവാര്‍ഡും നേടി.

കവിതയില്‍ നിന്നാണ് ബീറ്റി നോവലിന്റെ വഴിയിലേക്കു തിരിഞ്ഞത്. 1996ല്‍ പ്രസിദ്ധപ്പെടുത്തിയ ദ വൈറ്റ് ബോയ് ഷഫിള്‍ എന്ന ആദ്യ നോവല്‍ തന്നെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. രണ്ടായിരത്തില്‍ അടുത്ത നോവലായ ടഫ് പുറത്തുവന്നു. ജന്മനാടായ ലോസ് ഏഞ്ചലസിന്റെ പശ്ചാത്തലത്തിലെഴുതിയ നാലാമത്തെ നോവലാണ് ദ് സെല്‍ ഔട്ട്.
-കടപ്പാട് എക്‌സ്‌ക് ളൂസീവ്

On a cold February night in Manhattan, an invite-only, mostly white crowd gathered to listen to writers talk. The event was curated by the literary magazine BookForum. First up was Paul Beatty, reading from his new book, The Sellout.

A lanky 52-year-old with a relaxed, slightly surfer air that belies his Los Angeles roots, Beatty approached the platform and launched into the end of the first chapter, where the narrator – a black man nicknamed Bonbon and Sellout – observes his psychologist father acting as a “nigger whisperer”, talking down a young black man waving his gun in front of a Swat team.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കറുത്ത ഹാസ്യത്തില്‍ ഉരിയുന്ന അമേരിക്കന്‍ മൂടുപടം