Search

വാദ്യകലയുടെ ഊര്

ഡോ. എന്‍ പി വിജയകൃഷ്ണന്‍

തലയെടുപ്പുള്ള മുഖങ്ങള്‍ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞുവെങ്കിലും പല്ലാവൂരിലെ മേളമഴ തോരാതെ കാക്കാന്‍ ഇളമുറയുടെ കനത്തതല്ലെങ്കിലും ഒരു നിരയുണ്ട്‌

പല്ലാവൂര്‍ ഗ്രാമത്തെക്കുറിച്ചു പറയുമ്പോള്‍ സഫലമായ മാതൃത്വത്തിലൂടെ, സുകൃതവതിയായ ഒരമ്മയെക്കുറിച്ചാണ് ആദ്യം ഓര്‍മ്മവരുന്നത്. പുറത്തുവീട്ടില്‍ നാരായണി മാരാസ്യരെ. പല്ലാവൂര്‍ അപ്പുമാരാരുടെയും മണിയന്‍മാരാരുടെയും കുഞ്ഞുക്കുട്ടമാരാരുടെയും അമ്മ. അഗ്രഹാരസമൃദ്ധിയാര്‍ന്ന പല്ലാവൂരില്‍ ജീവിക്കുന്നവര്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന സംഗീതവാസനയ്ക്കപ്പുറം ജന്മനാ സംഗീതവുമായി ജനിച്ച സ്ത്രീയായിരുന്നു നാരായണിമാരാസ്യാര്‍ . ആ പാരമ്പര്യമാണ് തോളിലിട്ട തോല്‍വാദ്യങ്ങളിലെല്ലാം സംഗീതം വരുത്താന്‍ മക്കളെ പ്രാപ്തമാക്കിയത്. ഇവര്‍ സംഗീതജ്ഞരുമായിരുന്നു. പല്ലാവൂര്‍ മണി ഭാഗവതരായിരുന്നു അന്ന് പല്ലാവൂരിലെ അറിയപ്പെടുന്ന പാട്ടുകാരനും ഗുരുനാഥനും.

തമിഴ് ബ്രാഹ്മണരുടെ സഹജ സംഗീതത്തിനപ്പുറം പാട്ടിനെപ്പറ്റി ഗൗരവമായി ആലോചിച്ചയാളായിരുന്നു
മണിഭാഗവതര്‍ . കൊട്ടുപഠിക്കുന്നവര്‍ പാട്ടുകൂടി പഠിച്ചാലേ കൊട്ടുകാരനാവൂ എന്ന് മണിഭാഗവതര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഇതേ അറിവ് പുറത്തുവീട്ടില്‍ നാരായണിമാരാസ്യര്‍ക്കും ഉണ്ടായിരുന്നു. പൂജക്കൊട്ടിനു പകരം ഇടയ്ക്കയില്‍ സ്വരസ്ഥാനങ്ങള്‍ പരീക്ഷിച്ചിരുന്ന മകന്‍ അപ്പുവിനെ അവര്‍ മണിഭാഗവതരുടെ കീഴില്‍ പാട്ടുപഠിക്കാന്‍ അയച്ചു. അപ്പു വളര്‍ന്ന് അനുജന്മാരുടെ രക്ഷാകര്‍ത്താവായപ്പോള്‍ അദ്ദേഹം അവരെയും മണി ഭാഗവതര്‍ക്കു വിട്ടുകൊടുത്തു. കൊട്ടില്‍ പാട്ടിണക്കം എങ്ങനെ സാധിക്കാമെന്നതിന്റെ പൊരുളാണ് വാസ്തവത്തില്‍ മണിഭാഗവതര്‍ പല്ലാവൂര്‍ സഹോദരന്മാര്‍ക്ക് പറഞ്ഞുകൊടുത്തിരിക്കുക. ഒപ്പം അഷ്ടപദി പാടുന്നതിലേക്കായുള്ള സംഗീതസംസ്‌ക്കാരം ഉറപ്പിക്കുകയും ചെയ്തു.

പല്ലാവൂരിന്റെ പെരുമയും ഗരിമയും: അപ്പുമാരാര്‍ , മണിയന്‍ മാരാര്‍ , കുഞ്ഞുകുട്ടന്‍ മാരാര്‍

ഫോട്ടോ: പവിത്രന്‍ അങ്ങാടിപ്പുറം


ഈ അപൂര്‍വ്വ ജന്മങ്ങള്‍ക്ക് അതു ധാരാളമായിരുന്നു. ഇവര്‍ ഗുരുമുഖത്തുനിന്ന് അല്പമാത്രമായേ അഭ്യസിച്ചിട്ടുള്ളു. തൃപ്പല്ലാവൂരപ്പനെ സാക്ഷിയാക്കി ഇടയ്ക്ക, പതിനഞ്ചുദിവസം കൊണ്ട് തിമില, മൂന്നുമാസം കൊണ്ട് അടന്തക്കുറ് അടക്കം തായമ്പക - അപ്പുമാരാരുടെ പഠനകാലമാണിത്. ഈയൊരു അനുഭവത്തില്‍ അനുജന്മാരെ ജ്യേഷ്ഠന്‍ വിസ്തരിച്ച് പഠിപ്പിച്ചതുമില്ല. അസ്തിവാരമിടുകമാത്രമേ ചെയ്തുള്ളൂ.

തുടര്‍ന്ന് സ്വന്തമായ അന്വേഷണ വഴിയിലൂടെ കൊട്ടിക്കയറിപ്പടരുകയാണ് അവര്‍ ചെയ്തത്. പതുക്കെ വാദ്യമേഖലയാകെ തങ്ങളുടെ നിയമനിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഇവര്‍ക്കുസാധിച്ചു. അങ്ങനെ പല്ലാവൂര്‍ക്കാര്‍ എന്നാല്‍ അപ്പുമാരാരും മണിയന്‍മാരും കുഞ്ഞുക്കുട്ട മാരാരുമായി.

മൂന്നുപേരും തായമ്പകയില്‍ തുടങ്ങി. മണിയന്‍മാരാര്‍ തിമിലയില്‍ മാത്രം ശ്രദ്ധിച്ചു. തിമിലയില്‍ നിന്ന്
വിധി, പഞ്ചവാദ്യത്തിന്റെ മേളമഴ തോര്‍ന്നതിനുശേഷം പല്ലാവൂരിന്റെ ഇടയ്ക്ക തൃപുടവട്ടത്തില്‍ മിശ്രചായ്പില്‍ പാട്ടുകള്‍ പൊഴിച്ചു. അത് പഞ്ചവാദ്യശ്രോതാക്കളോടൊപ്പം അതിലെ കലാകാരന്മാരും ആസ്വദിച്ചു. അങ്ങനെ പഞ്ചവാദ്യത്തിന്റെ കൊട്ടനുഭവത്തെ ഇടവേളകളിലെങ്കിലും സംഗീതാനുഭവമാക്കാന്‍ പല്ലാവൂരിനു കഴിഞ്ഞു. അപ്പുമാരാര്‍ തിമില പ്രമാണിയാവുമ്പോഴോ, വശ്യതയുടെ പൂര്‍ണ്ണതയായി ആ പഞ്ചവാദ്യം മാറുന്നു.

പല്ലാവൂര്‍ അപ്പുമാരാരുടെ ഈ അതുല്യതയും ആരെയും കൂസാത്ത ഒറ്റയാന്‍ നടപ്പും അദ്ദേഹത്തിന് ആരാധകരെക്കാളധികം എതിര്‍പ്പുകാരെയാണ് നേടിക്കൊടുത്തത്. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ജീവക്കോലും പൊടുപ്പും അഴിച്ചുവച്ച് അപ്പുമാരാര്‍ ഇടയ്ക്കകൊട്ടി. ഇവിടെയും സങ്കല്പവിശ്വാസങ്ങള്‍ക്കുനേരെയുള്ള കലഹമാണ് അപ്പുമാരാര്‍ക്ക് സാധിച്ചത്.


പല്ലാവൂര്‍ അപ്പു മാരാര്‍
പല്ലാവൂര്‍ എന്നാല്‍ പല്ലാവൂര്‍ അപ്പുമാരാര്‍ ആവുന്ന സ്ഥിതിയിലേക്ക് ദേശപ്പെരുമയുടെ പ്രകാശം പരത്താന്‍ അപ്പുമാരാര്‍ക്ക് സാധിച്ചു. തന്നിലെ ആന്തരസംഗീതത്തെ മേളപ്രധാനമാക്കി എന്നതായിരുന്നു മാരാരുടെ കൊട്ടിന്റെ ജീവന്‍ . പഞ്ചവാദ്യത്തിന്റെ നിയന്ത്രണകലയിലും അദ്ദേഹം അദ്വീതിയനായിരുന്നു. പഞ്ചവാദ്യത്തില്‍ പല്ലാവൂര്‍ക്കാര്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ പല്ലാവൂര്‍ശൈലിയായി ഉറയ്ക്കുകയായിരുന്നു.

മണിയന്‍മാരാരുടെയും കുഞ്ഞുക്കുട്ടന്‍മാരാരുടെയും പാഠവും പ്രയോഗവും ഈ വിഷയത്തിലൂണ്ട്. അതിലെ പ്രയോഗതലത്തില്‍ അധികമായ പങ്കാളിത്തം കുഞ്ഞുകുട്ടമാരാരുടേതായിരുന്നു. തിമിലയുടെ രക്ഷാധികാരിയായിരുന്ന സമയത്തുതന്നെയാണ് കുഞ്ഞുക്കുട്ടമാരാര്‍ പഴയ കാലശേഷിപ്പിന്റെ ഊര്‍ജ്ജവുമായി തയമ്പകവേദിയില്‍ എത്തുന്നത്. മൗനകാലം ആ ചെണ്ടകൊട്ടിന് കരുത്തേകുകയായിരുന്നു. കുഞ്ഞുകുട്ടമാരാരുടെ ചെണ്ടകൊട്ടിലെ അനായാസതയും അദ്ദേഹത്തിനു ലഭിച്ച വരവേല്പും പല്ലാവൂര്‍കാരുടെ അജയ്യതയ്ക്ക് ദൃഷ്ടാന്തമാവുന്നു.

വാദ്യകലാചരിത്രത്തിലെ അപൂര്‍വ്വതകളിലൊന്നാകുന്നു പല്ലാവൂര്‍ സഹോദരന്മാരുടെ പ്രാമാണ്യകാലം. വ്യത്യസ്ത കലാദര്‍ശനങ്ങള്‍ പുലര്‍ത്തിയിരുന്നുവെങ്കില്‍പ്പോലും എതിരാളികളെ ആരോഗ്യപരമായി ഉപരോധിക്കുന്നതില്‍ അവര്‍ ഒരുമിക്കുമായിരുന്നു. കേരളീയതയുടെ സുകൃതങ്ങളിലൊന്നായി ഈ സര്‍ഗ്ഗാത്മക സഹോദര്യത്തെ ആഘോഷിക്കുന്നതിനു പകരം അവരുടെ ഇണക്കപിണക്കങ്ങളുടെ കഥകളുടെ ഉദ്‌ഘോഷണത്തിനാണ് വാദ്യക്കാര്‍ സമയം കണ്ടെത്തിയത്. വാദ്യകലയിലെ പല്ലാവൂര്‍ പ്രഭാവവും യുഗവും വിശദപഠനമര്‍ഹിക്കുന്ന വിഷയമാകുന്നു.

പല്ലാവൂര്‍ സഹോദരന്മാര്‍ക്കും മുമ്പ് അധികം വാദ്യക്കാര്‍ ഇവിടെ ഉണ്ടായിട്ടില്ല. സംഗീതഗ്രാമമായതിനാലും ബ്രാഹ്മണാധിനിവേശപ്രദേശമായതിനാലും പാട്ടിനും പാട്ടുകാര്‍ക്കുമാണ് ഇവിടെ പ്രാബല്യം സിദ്ധിച്ചത്. മേളത്തില്‍ ശക്തനായിരുന്നു പല്ലാവൂര്‍ രാമമാരാര്‍ . ശംഖുവിളിയെ ഗൗരവകലയായിക്കണ്ട അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു രാമമാരാര്‍ . ശംഖിന്റെ ആകൃതിയിലാണ് ശംഖു വിളിക്കേണ്ടത് എന്നു പറയപ്പെടുന്നു. ഈ ആരോഹണാവരോഹണ ക്രമം ദീക്ഷിച്ച് അതിനെ ശ്രവണ സുഖദമായി ആവിഷ്‌ക്കരിക്കുന്നതില്‍ മാരാര്‍ ശ്രദ്ധിച്ചിരുന്നു. രാമമാരാരുടെ മേളത്തില്‍ വലത്തേക്കൂട്ടായിരുന്നു മാഞ്ചുനായര്‍ . അദ്ദേഹത്തിന്റെ ഇടംകൈ തെളിയൊച്ച പ്രഖ്യാതമായിരുന്നു. കുഞ്ഞുക്കുട്ടമാരാരുടെ ഇടം കൈ പ്രയോഗങ്ങള്‍ മാഞ്ചുനായരെ ഓര്‍മ്മിപ്പിച്ചിരുന്നുവെന്ന് പല്ലാവൂരിലെ ഒരാസ്വാദകന്‍ പറയുകയുണ്ടായി. ക്ഷേത്രാടിയന്തിര പ്രവൃത്തികളില്‍ അവഗാഹമുണ്ടായിരുന്ന പല്ലാവൂര്‍ ശങ്കുണ്ണിമാരാരെയും ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.

കണ്യാര്‍ക്കളിയുടെ സജീവസ്ഥലം കൂടിയാണ് പല്ലാവൂര്‍ . കണ്യാര്‍ക്കളി മേളക്കാരില്‍ പ്രബലനായിരുന്ന പൊന്നയ്യര്‍നായര്‍ , പല്ലാവൂര്‍ പത്മനാഭന്‍നായര്‍ എന്നീ കലാകാരന്മാരും ശ്രദ്ധേയരായിരുന്നു. ഇലത്താളത്തില്‍ പ്രഗല്‍ഭനായിരുന്ന ഉണിക്കാട്ട് ഗോവിന്ദന്‍ നായര്‍ , ചെണ്ടമേളത്തില്‍ വിദഗ്ധനായിരുന്ന പല്ലാവൂര്‍ ശങ്കരമാരാര്‍ , പല്ലാവൂര്‍പ്പെരുമ പട്ടികയിലേക്ക് ഇവരും.....


പല്ലാവൂര്‍ ഗ്രാമം
പല്ലാവൂര്‍ മണി ഭാഗവതര്‍ക്കൊപ്പം പാടിയിട്ടുള്ള സംഗീതജ്ഞനാണ് പല്ലാവൂര്‍ ശങ്കരയ്യര്‍ . ചെമ്പൈ കോളേജില്‍ വീണ അദ്ധ്യാപകനായിരുന്ന പല്ലാവൂര്‍ എസ്. കൃഷ്ണനും പല്ലാവൂരിന്റെ സംഗീതപാരമ്പര്യത്തിന്റെ പ്രൗഢമായ കണ്ണികളാവുന്നു. വീണയിലും വായ്പാട്ടിലും പുല്ലാങ്കുഴലിലും തിളങ്ങുന്ന കലാകാരനാണ് പല്ലാവൂര്‍ എസ്. കൃഷ്ണന്‍ . കുറുംകുഴലിന്റെ ലയമാണ് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയെ ശ്രദ്ധേയനാക്കിയത്. നാഗസ്വരത്തില്‍ കൃഷ്ണന്‍കുട്ടിക്ക് തനതുമാര്‍ഗ്ഗങ്ങളുണ്ട്. മുഖ്യമേളങ്ങള്‍ക്ക് കൃഷ്ണന്‍കുട്ടിയുടെ കുഴല്‍ പതിവില്ല എങ്കിലും അദ്ദേഹത്തിന്റെ കുറുംകുഴല്‍പറ്റിന് വശീകരണ ശക്തിയുണ്ട്.

ഷെഹനായിയും നമ്മുടെ കുറുംകുഴലും തമ്മിലുള്ള അന്തരം എന്താണ്? അതിന്റെ സാജാത്യവൈജാത്യങ്ങള്‍ അന്വേഷണ വിഷയമാക്കേണ്ടതാണ്. മുഖ്യധാരാവാദ്യമായി സ്ഥാപിക്കപ്പെട്ടില്ല എന്നൊരു ശാപം കേരളീയ വാദ്യങ്ങള്‍ക്കുണ്ട്. ബിസ്മില്ലാഖാന്റെ ഷെഹനായ്, അള്ളാ രഖയുടെ തബല, ഉമയാള്‍ പുറത്തിന്റെ മൃദംഗം.... എന്തുകൊണ്ട് ദേശീയ ധാരയിലേക്ക് പല്ലാവൂര്‍ അപ്പുമാരാരുടെ ഇടയ്ക്ക എത്തിപ്പെട്ടില്ല?

ഇലത്താള കലാകാരന്മാരില്‍ താളപ്പിടിപ്പും നിയന്ത്രണശേഷിയുമുള്ള കലാകാരനാണ് പല്ലാവൂര്‍ രാഘവ പിഷാരൊടി. തൃശൂര്‍പ്പുരം അടക്കമുള്ള ഉന്നത ഉത്സവങ്ങള്‍ക്ക് രാഘവ പിഷാരൊടി അനിവാര്യനാണ്. അദ്ദേഹം നാലു പതിറ്റാണ്ടായി ഈ രംഗത്തുണ്ട്. ചെണ്ടകൂടി അഭ്യസിച്ചിട്ടുള്ള രാഘവ പിഷാരൊടി പല്ലാവൂര്‍ക്കാരുടെ സ്ഥിരം ഇലത്താളക്കാരനായിരുന്നു. സ്വതന്ത്രവ്യക്തിത്വമുള്ള കലയാണ് ഇലത്താളം പിടിക്കലെന്നും, ഇലത്താളക്കാരന്‍ കലാകാരസമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവനാണെന്നും ആത്മകലകൊണ്ട് തെളിയിച്ചവരില്‍ പല്ലാവൂര്‍ രാഘവപിഷാരൊടിയുമുണ്ട്. അമരത്തില്‍ താളം പിടിക്കുന്നവനോ ചേഷ്ടാവിശേഷങ്ങള്‍കൊണ്ട് ശ്രദ്ധ ആകര്‍ഷിപ്പിക്കുന്നവനോ അല്ല നല്ല ഇലത്താളക്കാരന്‍ . രാഘവ പിഷാരൊടിയുടെ സൗമൃത ആ ഇലത്താളകലയിലുമുണ്ട്. ഗര്‍ജ്ജിക്കുന്ന താളമല്ല പിഷാരൊടിയുടെത്.

പല്ലാവൂരിന്റെ പിന്‍കാലം എങ്ങനെയാണ് വിലയിരുത്തപ്പെടുക? കേരളീയ വാദ്യരംഗത്ത് പൈതൃകത്തുടര്‍ച്ചയുടെ അതിസമ്പന്നത കാണുന്നില്ല. അച്ഛനെ പൂരിപ്പിക്കാന്‍ ശ്രമിയ്ക്കുന്ന മക്കള്‍ , പിതാവിന്റെ സല്‍പ്പേര് മേല്‍വിലാസമാക്കുന്നവര്‍ , അവരുടെ പരിഗണനയില്‍ നിലനില്‍ക്കുന്നവര്‍... ഇങ്ങനെ മഹാന്മാരുടെ പില്‍ക്കാലക്കാഴ്ച്ച പലവിധത്തിലാകുന്നു. പല്ലാവൂര്‍കാരുടെ ശേഷിപ്പായി ഉയര്‍ത്തിക്കാണിക്കാന്‍ അവരുടെ മക്കളുണ്ട്. പല്ലാവൂര്‍ സഹോദരന്മാര്‍ സാധിച്ച വാദ്യാധിപത്യത്തിന് ഭാവിയില്‍ ഇവര്‍ക്കു സാധിക്കുമോ എന്നത് ചര്‍ച്ചചെയ്യാറായിട്ടില്ല.


ഡോ. എന്‍ പി വിജയകൃഷ്ണന്‍
നന്നേ ചെറുപ്പത്തിലേ ഒന്നാം കിടപൂരങ്ങളുടെ പഞ്ചവാദ്യം പ്രമാണിക്കാനുള്ള ഭാഗ്യമുണ്ടായത് പല്ലാവൂര്‍ ശ്രീധരന്റെ തിമിലകലയെ രണ്ടുവിധത്തില്‍ ബാധിക്കാം. ഒന്ന് ഇളം പ്രായത്തിലേ ഭരണപരിചയം സിദ്ധിച്ചതിന്റെ തഴക്കവഴക്കം ആ കൊട്ടിനെ ഭദ്രമാക്കാം. അഥവാ അത് വിപുലപ്പെടാതെയിരിക്കാം. ഏതായാലും മണിയന്‍മാരാരെത്തുടര്‍ന്ന് ആ തിമിലകലയുടെ സൗന്ദര്യത്തിന്റെ പാതയിലേക്കുള്ള പ്രയാണത്തിന് പല്ലാവൂര്‍ ശ്രീധരന്‍ പുറപ്പെട്ടുകഴിഞ്ഞു. വിനയശാലികൂടിയായ ഈ യുവാവ് വാദ്യപരിപാടികളുടെ സംഘാടനത്തിലും ശ്രദ്ധേയനാവുന്നു. തിമിലകലയുടെ മര്‍മ്മങ്ങളിലേക്ക് ശ്രീധരന്‍ ഇനിയും നടന്നടുക്കേണ്ടതുണ്ട്.

മണിയന്‍മാരാരുടെ ഇളയമകന്‍ പല്ലാവൂര്‍ ശ്രീകുമാറാണ് പല്ലാവൂര്‍പ്പാരമ്പര്യത്തിന്റെ ഇടയ്ക്കയുടെ കാവലാള്‍ . വലിയച്ഛനെ ധ്യാനിച്ച കൊട്ടാ

ണു

കുമാറിന്റേത്. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ഇപ്പോഴേ സ്ഥാനം കിട്ടിയിട്ടുള്ള ശ്രീകുമാറിനും അദ്ധ്വാനിക്കാന്‍ ഏറെയുണ്ട്. പ്രത്യേകിച്ചും ഇടയ്ക്കയുടെ അനന്ത സാദ്ധ്യതകളില്‍ ഗവേഷണാത്മകമനസേ്‌സാടെ അലയണം. ഈ കലാബോധത്തോടെ പ്രവര്‍ത്തിക്കുന്ന പക്ഷം ശ്രീകുമാറിന്റേതായി ഇടയ്ക്കയില്‍ ഒരു കാലം വരും.

കുഞ്ഞുക്കുട്ടന്‍മാരാരുടെ മകന്‍ പല്ലാവൂര്‍ സന്തോഷിന് വാദ്യകലയിലേക്ക് വൈകിവന്നതിന്റെ വിഭ്രമം വിട്ടുമാറിയിട്ടില്ല. കൊട്ടിന്റെ മുഖ്യധാരയിലേയ്ക്ക് മകനെ കൊണ്ടുവരാന്‍ മാരാര്‍ ഉത്സാഹിച്ചിരുന്നില്ല. അച്ഛന്റെ കാലത്തുതന്നെ കൊട്ടിത്തുടങ്ങിയതിന്റെ ശീലബലം ശ്രീധരനും ശ്രീകുമാറിനുമുണ്ട്. ഇടയ്ക്കയും ചെണ്ടയും കൊട്ടിപ്പോരുന്ന സന്തോഷില്‍ കുഞ്ഞിത്തുട്ടമാരാരുടെ കൊട്ടുകനം അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ആരോഗ്യമുള്ള കൊട്ടായി അതുമാറേണ്ടിയിരിക്കുന്നു. പല്ലാവൂര്‍ യുഗത്തിനുശേഷം ശൂന്യത എന്ന് നമുക്ക് ആധിപ്പെടേണ്ടതില്ല. തരിവെളിച്ചമായി ശ്രീധരനും ശ്രീകുമാറും സന്തോഷുമുണ്ട്. പല്ലാവൂര്‍ ഹരിനാരായണന്‍ , ദീപക്, കുമാരന്‍ (ഇലത്താളം), പല്ലാവൂര്‍ മധു, സന്തോഷ്, രാമചന്ദ്രന്‍ (കൊമ്പ്) എന്നീ യുവകലാകാരന്മാരും പല്ലാവൂര്‍ ദേശത്തിന്റെ വാദ്യസംസ്‌കൃതിയില്‍ പങ്കാളികളാണ്. വാദ്യകല വിളഞ്ഞ ഭൂമികളില്‍ പല്ലാവൂരിന്റെ സ്ഥാനത്തെപ്പറ്റി തര്‍ക്കമില്ല.

ഡോ. എന്‍ പി വിജയകൃഷ്ണന്‍/ Phone: 94469 41432
TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വാദ്യകലയുടെ ഊര്