Search

മുല്ലപ്പെരിയാര്‍: കരാര്‍ ലംഘനം എല്ലാവരും മറക്കുന്നു, കേസ് അട്ടിമറിക്കു കേരളം തന്നെ കൂട്ട്

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന സ്വന്തം ആവശ്യം പോലും കേരളം കുഴിച്ചുമൂടുമ്പോള്‍, കേസ് കേരളത്തിന് അനുകൂലമാക്കാനാവുമായിരുന്ന കരാര്‍ ലംഘനത്തിന്റെ യഥാര്‍ത്ഥ വിഷയം എല്ലാവരും ബോധപൂര്‍വം മറക്കുകയോ മറയ്ക്കുകയോ ചെയ്യുന്നു.

തമിഴ്‌നാടിനു കേരളം ജലം നല്കുന്നത് കുടിവെള്ളമായും കൃഷി ആവശ്യത്തിനു മാത്രമാണ്.
1886 ഒക്ടോബര്‍ 29നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത്. തിരുവിതാംകൂറിനു വേണ്ടി മരാമത്ത് സെക്രട്ടറിയായിരുന്ന കെ.കെ.വി. രാമ അയ്യങ്കാരും ബ്രിട്ടീഷ് അധീന മദ്രാസിനു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണ് കരാറില്‍ ഒപ്പുവച്ചത്. 999 വര്‍ഷത്തേയ്ക്കുള്ള ഈ പാട്ടക്കരാര്‍ പ്രകാരം വെള്ളത്തിനു മാത്രമാണ് മദ്രാസ് സ്റ്റേറ്റിന് അധികാരം. ഭൂമി കേരളത്തിന്റേതു തന്നെയായിരിക്കും.

ബ്രിട്ടീഷുകാര്‍ അധികാരം വിട്ടു പോവുകയും അവര്‍ ഒപ്പുവച്ച കരാറുകളെല്ലാം ഇന്ത്യാ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിട്ടും മുല്ലപ്പെരിയാര്‍ കരാര്‍ ഇന്നും തര്‍ക്കവിഷയമായി ബാക്കികിടക്കുന്നു. മാത്രമല്ല, ഡാമിന്റെ ഉടമസ്ഥാവകാശവും തമിഴ്‌നാടിനു കൈവന്നിരിക്കുന്നു.

1979 മേയ് മാസത്തില്‍ കരാര്‍ പുതുക്കാന്‍ അന്നത്തെ മുഖ്യമന്ത്രി സി അച്ചുതമേനോന്‍ അനുമതി നല്കുകയായിരുന്നു. തമിഴ്‌നാട് തന്ത്രപൂര്‍വം അച്ചുതമേനോന്‍ സര്‍ക്കാരിനെ പാട്ടിലാക്കുകയായിരുന്നു. ഇതോടെ, കാലഹരണപ്പെട്ട പഴയ ഉടമ്പടിക്കു അംഗീകാരം കൊടുക്കുകയായിരുന്നു കേരളം. ഈ പിടിവള്ളിയിലാണ് തമിഴ്‌നാട് കേസ് ഇവിടം വരെ കൊണ്ടെത്തിച്ചത്.


പക്ഷേ, കാര്‍ഷികാവശ്യത്തിനു കൊടുത്ത വെള്ളം വൈദ്യുതി ഉത്പാദനം എന്ന വാണിജ്യ ആവശ്യത്തിനു തമിഴ്‌നാട് ഉപയോഗിച്ചതോടെ, കേരളത്തിനു കേസ് അനുകൂലമാക്കാവുന്ന സുവര്‍ണാവസരമായിരുന്നു കൈവന്നത്. ഇതോടെ, തമിഴ്‌നാട് കരാര്‍ ലംഘിക്കുകയായിരുന്നു. ഇതു പക്ഷേ, ഒരു കോടതിയിലും ബോധ്യപ്പെടുത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. ഇതു തന്നെയാണ് കേസ് കേരളത്തിനു തിരിച്ചടിയായതും.


മദ്രാസ് സ്‌റ്റേറ്റ് ഈ ജലത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആലോചനയിട്ടപ്പോള്‍ തന്നെ അന്നത്തെ ദിവാനും തമിഴനുമായിരുന്ന സര്‍ സിപി രാമസ്വാമി അയ്യര്‍ ശക്തമായി എതിര്‍ക്കുകയും പ്രശ്‌നം ആര്‍ബിട്രേറ്റര്‍ക്കു മുന്നിലെത്തിക്കുകയും കരാര്‍ ലംഘിച്ചു വൈദ്യുതി ഉത്പാദനം പാടില്ലെന്നു വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ വിധിയെയും അച്ചുതമേനോന്റെ ജനകീയ സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു.

പറമ്പിക്കുളം കരാറിലും സമാനമായി കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനും കൊടുത്ത ജലം കൊണ്ട് വൈദ്യുതി ഉത്പാദിപ്പിച്ചു തമിഴ്‌നാട് വര്‍ഷം തോറും കോടികള്‍ സമ്പാദിക്കുന്നു. ഇതു പക്ഷേ, തുറന്നുകാട്ടാന്‍ കേരളത്തിനു കഴിയുന്നില്ല.

മറിച്ച്, ശിരുവാണി ഡാമില്‍ നിന്നു കോയമ്പത്തൂരിനും പെരിയാറില്‍ നിന്നു കന്യാകുമാരി ജില്ലയ്ക്കും കേരളം നിര്‍ബാധം ജലം ഏതാണ്ട് സൗജന്യമായി നല്കുന്നുമുണ്ട്. ഇതൊന്നും കോടതിയില്‍ വേണ്ടുംവണ്ണം ഉയര്‍ത്തിക്കാട്ടാന്‍ കേരളം ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ തന്നെ കേസ് ഇതിനകം കേരളത്തിന് അനുകൂലമാകുമായിരുന്നു.


മുല്ലപ്പെരിയാറില്‍ ബലക്ഷയത്തിന്റെ പരിദേവനങ്ങളും തമിഴ്‌നാടിന്റെ ബലപ്പെടുത്തലിന്റെ വിരകഥകളും മാറ്റിവച്ച്, കരാര്‍ ലംഘനത്തിന്റെ യാതാര്‍ത്ഥ്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയാല്‍ ലോകത്തെ ഏറ്റവും പഴക്കം ചെന്ന സുര്‍ക്കി ഗ്രാവിറ്റി ഡാം ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നു മലയാളിയെ രക്ഷിക്കാനായേക്കും.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുല്ലപ്പെരിയാര്‍: കരാര്‍ ലംഘനം എല്ലാവരും മറക്കുന്നു, കേസ് അട്ടിമറിക്കു കേരളം തന്നെ കൂട്ട്