Search

മനുഷ്യഭാവങ്ങള്‍ ജലച്ചായത്തില്‍ വരഞ്ഞ് ജലജയുടെ കലാജീവിതം

ഓരോ മുഖങ്ങളിലും കാണുന്നത് ഓരോരോ വികാരങ്ങളാണ്. അവയാകട്ടെ പല സാഹചര്യങ്ങള്‍ സംഭാവനചെയ്യുന്നതും. വിലക്കയറ്റവും തൊഴിലില്ലായ്മയും പീഡനവും വര്‍ഗീയ അസഹിഷ്ണുതയുമെല്ലാം ചേരുമ്പോള്‍ മുഖങ്ങളില്‍ പടരുന്ന സ്ഥായിയായ ഭാവം ദുഃഖത്തിന്റേതായിരിക്കും. തനിക്കു ചുറ്റുമുള്ള മുഖങ്ങളില്‍ നിന്ന് അത്തരത്തില്‍ സമൂഹത്തിന്റെ പരിച്ഛേദം സൃഷ്ടിക്കുകയാണ് പി.എസ്.ജലജ എന്ന കലാകാരി.

ജന്മം കൊണ്ടും പഠനം കൊണ്ടും ജീവിതം കൊണ്ടും കൊച്ചിക്കാരിയാണെങ്കിലും ജലജയുടെ കലാസൃഷ്ടികള്‍ ദേശാതിവര്‍ത്തിയാകുന്നത് നിന്ദിതരുടെയും പീഡിതരുടെയും വികാരങ്ങള്‍ എല്ലായിടത്തും ഒരുപോലെയായതിനാലാണ്. ഫോര്‍ട്ട് കൊച്ചി കാശി ആര്‍ട് ഗ്യാലറിയില്‍ ജനുവരി 25ന് ആരംഭിച്ച ജലജയുടെ ആദ്യത്തെ ഏകാംഗ ചിത്രപ്രദര്‍ശനം തന്നെ ഇതിനു തെളിവ്.

കഴിഞ്ഞ വര്‍ഷം അവസാനം ഇറ്റലിയില്‍ നടന്ന വലിയൊരു കലാ പദ്ധതിയുടെ ഭാഗമായതിനുശേഷം തിരികെ കൊച്ചിയിലെത്തിയശേഷം കിട്ടിയ ഏതാനും ആഴ്ചകള്‍കൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയിലെ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ജലജ നടത്തിയത്. മനുഷ്യമുഖങ്ങളുപയോഗിച്ച് കലാചാരുത സൃഷ്ടിക്കുന്ന ജലജയ്ക്ക് പ്രദര്‍ശനത്തിലേക്കുള്ള മുഖഭാവങ്ങളെ ഒന്നുകൂടി സമ്പന്നമാക്കാന്‍ ഇറ്റലിയില്‍ നടന്ന 'ആര്‍ട് റസിഡന്‍സീസ് ഇന്‍ കണ്ടംപററി റെനയ്‌സന്‍സ്' എന്ന പരിപാടി കുറച്ചൊന്നുമല്ല സഹായിച്ചത്.


പി.എസ്.ജലജ
കാശി ആര്‍ട് ഗ്യാലറിയിലെ പ്രദര്‍ശനം ലോകത്തെപ്പറ്റിയുള്ള ജലജയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. അവയുടെ ആഗോളമുഖച്ഛായ പ്രദര്‍ശനത്തെ വ്യതിരിക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആറേഴു വര്‍ഷമായി താന്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന ഒന്നാണ് മനുഷ്യമുഖങ്ങളെന്ന് ജലജ പറയുന്നു. അവ കാണപ്പെടുന്നതെങ്ങനെയെന്നും അവയില്‍ ഭാവങ്ങളുണ്ടാകുന്നതെങ്ങനെയെന്നുമെല്ലാം നിരന്തരം നിരീക്ഷിക്കാറുണ്ടെന്ന് 30 കാരിയായ ജലജ പറയുന്നു.

200607 കാലഘട്ടത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ മുതല്‍ ജലജ ആളുകളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. അസമയങ്ങളില്‍ സാധാരണ സ്ഥലങ്ങളില്‍ ചെലവഴിക്കുമ്പോള്‍, ഉദാഹരണത്തിന് റയില്‍വേ സ്‌റ്റേഷനിലെ അര്‍ദ്ധരാത്രിയില്‍, ഇത്തരം മുഖങ്ങള്‍ നിരീക്ഷിക്കുന്നത് തനിക്കൊരു ഹരമാണെന്ന് ജലജ പറഞ്ഞു.

പിന്നീട് ജിഗ്‌സോ പസിലില്‍ എന്നവണ്ണം ആ മുഖങ്ങളെ ജലജ ക്യാന്‍വാസില്‍ പകര്‍ത്തിത്തുടങ്ങി. അവ ഒരിക്കലും ഒരു കൊളാഷോ മൊണ്ടാഷോ ആയിരുന്നില്ല. തികച്ചും വ്യത്യസ്ത സ്വഭാവങ്ങളുടെ ഒരു ബൃഹദ് സമാഹാരമായിരുന്നു. ഓരോന്നും സ്വതന്ത്രമായി രചിക്കപ്പെട്ടവ. ഓരോ മുഖത്തില്‍ നിന്നും വ്യത്യസ്തമായി മുഖങ്ങളുടെ ഒരു കൂട്ടം സൃഷ്ടിക്കുന്ന അടയാളപ്പെടുത്തല്‍ എപ്പോഴും വല്ലാത്തൊരനുഭവമാണ് സൃഷ്ടിക്കുന്നതെന്ന് ജലജ സാക്ഷ്യപ്പെടുത്തുന്നു. ഏതെങ്കിലുമൊന്നിന് താനൊരിക്കലും മുന്‍ഗണന നല്‍കിയിട്ടില്ലെന്നും ജലജ പറഞ്ഞു.

ഇക്കഴിഞ്ഞ കൊച്ചിമുസ്സിരിസ് ബിനാലെയില്‍ ജലജ പ്രദര്‍ശനത്തിനുവച്ച ചിത്രംതന്നെ ഇതിന്റെ സാക്ഷ്യമാണ്. നീണ്ടൊരു ക്യാന്‍വാസില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന 50 മുഖങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ആ മുഖങ്ങള്‍ ഏര്‍പ്പെട്ടിരുന്ന വലിയൊരു വടംവലി 'ടഗ് ഓഫ് വാര്‍' എന്നു പേരിട്ട ആ ചിത്രത്തിന്റെ അര്‍ഥതലങ്ങള്‍ ഏറെ വിശാലമായിരുന്നു.

2009ല്‍ ഫൈന്‍ ആര്‍ട്‌സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ജലജ, രചനയ്ക്കായി താന്‍ സ്വീകരിക്കുന്ന മുഖങ്ങള്‍ ഏതു രാജ്യങ്ങളില്‍ നിന്നു തെരഞ്ഞെടുക്കുന്നതായാലും ആ രാജ്യങ്ങളുടെ ചരിത്രവും മറ്റും മനസ്സിലാക്കിയാണ് ചിത്രരചനയിലേക്കു കടക്കുക. ഇക്കാലത്ത് ആ മുഖങ്ങളിലേറെയും പങ്കുവയ്ക്കുന്നത് സമാനസ്വഭാവമുള്ള ദുരനുഭവങ്ങളായിരിക്കുമെന്ന് ജലജ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള പഠനങ്ങളാണ് ജലജയിലെ കലാപ്രവര്‍ത്തനത്തെ മുന്നോട്ടു നയിക്കുന്നത്. രാഷ്ട്രമെന്നത് ഒരു ഭീകരഘടകമായിട്ടാണ് അവരുടെ ചിത്രങ്ങളില്‍ നമുക്കു കാണാന്‍ കഴിയുക. പ്രത്യേകിച്ച് മാര്‍ച്ച് 30 വരെ നീളുന്ന കാശി ആര്‍ട് ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍.

പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ കടലാസില്‍ ജലച്ചായം ഉപയോഗിച്ചു വരച്ചവയാണ്. ജലജയുടെ ചിത്രങ്ങള്‍ എന്തുകൊണ്ട് ജലച്ചായത്തിലും പേപ്പറിലും കിടന്നു കറങ്ങുന്നുവെന്നു സംശയിച്ചാല്‍ അത്തരത്തില്‍ സ്ഥിരപ്പെടലൊന്നുമില്ലെന്നും തെരഞ്ഞെടുക്കുന്ന സൃഷ്ടിക്ക് അനുയോജ്യമായ മാധ്യമം സ്വീകരിക്കുന്നുവെന്നേയുള്ളുവെന്നും ജലജ പറയും.തന്റെ കലാപഠനകാലത്ത് ഒരുപകരണം മാത്രം ലഭ്യമാകാതെ പോയത് ജലജയെ ഇപ്പോഴും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അത് നഗ്‌നശരീരമായിരുന്നു. തന്റെ കലാസൃഷ്ടികളില്‍ മനുഷ്യശരീരത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ജലജ പറയുന്നു. പക്ഷേ, കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കലാപഠനത്തിനായി നഗ്‌നരായ മോഡലുകളെ കിട്ടില്ല. അതുകൊണ്ടുതന്നെ ഇല്ലാത്ത മാംസത്തില്‍ ശസ്ത്രക്രിയ ചെയ്തു പഠിക്കാന്‍ വിധിക്കപ്പെടുന്ന വൈദ്യവിദ്യാര്‍ഥികളുടെ അവസ്ഥയാണ് മനുഷ്യശരീരം വരയ്ക്കുന്ന കാര്യത്തിലും സംഭവിക്കുന്നതെന്ന് ജലജ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ചിലപ്പോഴെങ്കിലും തന്റെ തന്നെ ശരീരത്തെ ഒരു മാതൃകയാക്കി ജലജയ്ക്കു വരയ്‌ക്കേണ്ടിവരുന്നു. കേരളത്തിന്റെ സങ്കോചമനോഭാവം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് ജലജ ഇതിലൂടെ ആവശ്യപ്പെടുന്നത്.

ദക്ഷിണ കൊറിയയിലെ ഗ്വാങ്ജു ബിനാലെ ഫൗണ്ടേഷന്‍ തയ്യാറാക്കിയ 35 യുവ ഏഷ്യന്‍ ആര്‍ട്ടിസ്റ്റുമാരുടെ പട്ടികയില്‍ ഇടംനേടിയ ജലജയ്ക്ക് 2009ല്‍ കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. 2008ല്‍ അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷനും ലഭിച്ചിരുന്നു. 2005ല്‍ ആര്‍ട്ടിസ്റ്റ് ബാലന്‍ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പിനും ജലജ അര്‍ഹയായിട്ടുണ്ട്.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മനുഷ്യഭാവങ്ങള്‍ ജലച്ചായത്തില്‍ വരഞ്ഞ് ജലജയുടെ കലാജീവിതം