Search

ഏറ്റവും മികച്ച ആഭ്യന്തര മന്ത്രി കോടിയേരി: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്

താന്‍ പൊലീസ് സേനയില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവരില്‍ ഏറ്റവും നല്ല ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. എക്‌സ്‌ക് ളൂസീവ്‌ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജേക്കബ് പുന്നൂസ് ഇക്കാര്യം പറഞ്ഞത്.

ജേക്കബ് പുന്നൂസ് പറയുന്നു: ഞാന്‍ സര്‍വീസില്‍ വരുമ്പോള്‍ കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. കെ.എം. മാണി, പി.ജെ. ജോസഫ്, ടി.കെ. രാമകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, ഇ.കെ. നായനാര്‍. എ.കെ. ആന്റണി, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ ആഭ്യന്തരമന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചു. കോടിയേരി ബാലകൃഷ്ണനാണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച ആഭ്യന്തരമന്ത്രി.

അദ്ദേഹത്തിന്റെ കാലത്ത് ഞാന്‍ എഡിജിപി ഇന്റലിജന്‍സും ഡിജിപിയുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഹൈ ലെവല്‍ ഇന്ററാക്ഷനാണ് ഉണ്ടായിരുന്നത്. കേരളത്തിലെ പൊലീസിന്റെ ചരിത്രമെടുത്താല്‍ വളരെയധികം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കാലത്ത് ഡിപ്പാര്‍ട്ട്‌മെന്റിനു വേണ്ടി ചെയ്തു. ഇതെല്ലാം ചെയ്തത് വലിയ ബഹളമൊന്നും കാണിക്കാതെ വളരെ നിശ്ശബ്ദമായാണ്.

2006-2011 കാലഘട്ടത്തില്‍ സിബിഐക്കു കൊടുത്ത കേസുകളില്‍ പോലും അന്നത്തെ കേരള പൊലീസിന്റെ അന്വേഷണത്തെപ്പറ്റി സിബിഐ എതിരഭിപ്രായം പറഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം പൊളിറ്റിക്കലി ന്യൂട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതാണ്.

കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍
പൊലീസിനു സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം അദ്ദേഹം നല്‍കി. അതേസമയം എല്ലാക്കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, കോസ്റ്റല്‍ പൊലീസ്, ടൂറിസം പൊലീസ്, ട്രാഫിക് കാമറകള്‍, പൊലീസ് എസ്റ്റാബഌഷ്‌മെന്റ് കോഡ്, പൊലീസ് കംപഌയിന്റ് അതോറിറ്റി, പുതിയ പൊലീസ് നിയമം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ നടപ്പിലാക്കിയതാണ്.

അന്നുവരെ കേരള പൊലീസിനും ഇന്ത്യയിലെ മറ്റു സംസ്ഥാനത്തിലെ പൊലീസിനും ഇല്ലാതിരുന്നതുമായ ഇരുന്നൂറോളം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കാലത്താണ് നടപ്പിലാക്കിയത്. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനവും സന്നിധാനത്തിലെ കാമറയുടെ നിരീക്ഷണത്തിലുള്ള സെക്യൂരിറ്റി സംവിധാനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ കാലത്തു നടപ്പിലാക്കിയ മറ്റു ചില കാര്യങ്ങളാണ്.

പത്തു കൊല്ലം കേരള പൊലീസിന്റെ നിര്‍ണ്ണായക സ്ഥാനങ്ങളായ ഇന്റലിജന്‍സ് വകുപ്പിന്റെയും ക്രമസമാധാനത്തിന്റെയും ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞിട്ടും ഇന്നും കേരളീയരുടെ മനസില്‍ സമര്‍ത്ഥനായ ഡി.ജി.പി തന്നെയാണ്. അതിനുശേഷം മൂന്ന് ഡി.ജി.പിമാര്‍ അധികാരത്തില്‍ എത്തിയെങ്കിലും കേരള പൊലീസ് ചീഫിന്റെ വലുപ്പം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പൊലീസിന് ജനകീയമുഖം നല്‍കിയ ജേക്കബ് പുന്നൂസുമായി എക്‌സ്‌ക്ലൂസീവ് നടത്തിയ അഭിമുഖം ഈ ഘട്ടത്തില്‍ പ്രസക്തമാണ്...

.ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളെക്കുറിച്ച് എന്തുപറയുന്നു?

ബൈബിളില്‍ ഒരു വാചകമുണ്ട്, സഹോദരന്മാര്‍ ഒരുമിച്ച് വസിക്കുന്നത് എത്ര ഭാഗ്യവും സന്തോഷകരവുമാണ്. സഹോദരന്മാര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയണം, അതാണ് അനുഗ്രഹത്തിന്റെ പ്രഥമ ലക്ഷണം. എന്റെ അഭിപ്രായത്തില്‍ പൊലീസ് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് പൊലീസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഐക്യത്തോടെയും സ്വാതന്ത്ര്യത്തോടെയും ഇടപെടാന്‍ കഴിയുമ്പോഴാണ്.

ഇത് ഏതെങ്കിലും മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇടപെട്ട് ഉണ്ടാക്കേണ്ടതല്ല. പൊലീസിന്റെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ക്ക് സ്വയം തോന്നണം, തങ്ങള്‍ എന്തായാലും ഉന്നത സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നു. ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങളുടെ സ്ഥിതിയേക്കാള്‍ വലുത് ഇവിടെ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റിന്റെ മഹത്വം ഉയര്‍ത്തുന്നതാണ്.

തങ്ങള്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിലും ആ വിഷമം സഹിച്ച് ഒരുമയുടെ അന്തരീക്ഷത്തില്‍ സഹവസിക്കുന്നതാണ് നല്ലതെന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നണം. എല്ലാ കാര്യങ്ങളും സ്വമേധയാ പരസ്പരം വിലയിരുത്താനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണ്. പൊലീസിന്റെ തലപ്പത്തിരിക്കുന്ന നാലു പേര്‍ക്ക് ഒരുമയുണ്ടാവണം. കുറഞ്ഞത് അങ്ങനെയൊരു തോന്നലെങ്കിലും ഉണ്ടാക്കാന്‍ സാധിക്കണം. ഇല്ലെങ്കില്‍ ദോഷമുണ്ടാക്കും.madhu police Medel

.ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിബദ്ധത കുറഞ്ഞതാണോ ഇതിന് കാരണം?

പ്രതിബദ്ധത എന്നു പറയുന്നത് ഞാന്‍ വിശ്വസിക്കുന്നതിനു വേണ്ടി സ്വയം നഷ്ടം സഹിക്കാനുള്ള കഴിവിനെയാണ്. ഇപ്പോള്‍ എന്റെ വിശ്വാസത്തിനു വേണ്ടി മറ്റുള്ളവര്‍ നഷ്ടം സഹിക്കണം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അങ്ങനെയൊരു മനോഭാവം കൂടിവരുന്നു. കാരണം വിശ്വാസത്തിലുള്ള തീക്ഷ്ണത വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, വിശ്വാസത്തിനായി ത്യാഗം സഹിക്കാന്‍ തയ്യാറല്ല. എനിക്കു മുമ്പുള്ള തലമുറ വിശ്വസിച്ചതിനു വേണ്ടി ത്യാഗം ചെയ്തിട്ടുള്ളവരാണ്.

സത്യസന്ധതയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലും മാറ്റം വന്നിട്ടുണ്ട്. പണ്ട് ഞാന്‍ മനസ്സിലാക്കിയ സത്യസന്ധത സ്വയം കുറ്റം ഏറ്റെടുക്കലാണ്. ഇതാണ് സത്യസന്ധതയുടെ അടയാളം. സത്യസന്ധത എന്നുപറയുന്നത് സ്വന്തം പാളിച്ചകളും കഴിവുകളും മനസ്സിലാക്കി അത് അംഗീകരിച്ച് വേറൊരാള്‍ പറയുന്ന സത്യം അംഗീകരിക്കുകയാണ്. അത് എന്റെ താത്പര്യത്തിനു വിരുദ്ധമാണെങ്കില്‍പ്പോലും. ഇപ്പോള്‍ സത്യസന്ധത എന്നുപറഞ്ഞാല്‍ മറ്റൊരാള്‍ കള്ളനാണെന്നു സ്ഥാപിക്കലാണ്. ഇതല്ല സത്യസന്ധത. ഉദ്ദേശിക്കുന്ന കാര്യത്തിനു വേണ്ടി എന്തും ചെയ്യാം എന്നതാണ് സത്യസന്ധതയുടെ ആധുനിക ലക്ഷണം.

.ഡിജിപിയായിരുന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്താണ് പറയുന്നത്?

ഡിജിപി ആയിരിക്കുമ്പോള്‍ പബഌസിറ്റി പൂര്‍ണ്ണമായും ഒഴിവാക്കി. അതിനു കാരണം, വീ മസ്റ്റ് അണ്ടര്‍സ്റ്റാന്‍ഡ്, വെന്‍ വീ ആര്‍ ഓക്യുപയിങ് ഹൈ ഓഫീസ്. ഐ ആം ലീഡിങ് ആന്‍ എന്റയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ഞാന്‍ ഒരാളല്ല. ഞാന്‍ എന്തു ചെയ്യുന്നു, എന്തുചെയ്യുന്നില്ല എന്നതല്ല കാര്യം. എനിക്ക് സ്വയം വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ.

60000 ഉദ്യോഗസ്ഥരടങ്ങുന്ന ഒരു വലിയ ഫോഴ്‌സ് ആണ് പൊലീസ്. ഒരു ദിവസം ശരാശരി ഇരുപത് ലക്ഷം പേരുമായി പൊലീസ് ഇന്ററാക്ട് ചെയ്യുന്നു. അങ്ങനെയുള്ള ഒരു വകുപ്പിന്റെ മേധാവിയായിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെ പെരുമാറുന്നു, എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നതിനെപ്പറ്റിയല്ല ഞാന്‍ ചിന്തിക്കേണ്ടത്. മറിച്ച് എന്റെ കീഴിലുള്ള 60000 പേര്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ദാറ്റ് ഈസ് ദ ഫസ്റ്റ് പെഴ്‌സെപ്ഷന്‍. ആ ഒരു അവബോധമാണ് ആദ്യം ഉണ്ടാവേണ്ടത്. മറ്റൊരാള്‍ ചെയ്യേണ്ട ജോലി ഞാന്‍ ചെയ്യുക എന്നതല്ല, ഓരോരുത്തരെയും ജോലി ചെയ്യുന്നതിന് എങ്ങനെ ശക്തിപ്പെടുത്താം എന്നാണ് പ്രധാനം.

രണ്ടാമത്തേത്, എനിക്ക് എന്നിലേക്ക് വേണമെങ്കില്‍ പൊതുജന ശ്രദ്ധ കൊണ്ടുവരാം. അതിനെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. എന്നാല്‍ ആത്യന്തികമായി ഇത് ഞാന്‍ തലപ്പത്തിരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റിന് വളരെയധികം ദോഷം ചെയ്യും. ഇതു പൊതുവായൊരു തത്വമാണ്. ബ്യൂറോക്രസിയുടെ ഒരു വലിയ പ്രിന്‍സിപ്പിള്‍ ആണിതെന്നു പറയാം. ഞങ്ങളെ അക്കാദമിയില്‍ പഠിപ്പിക്കുന്ന പ്രിന്‍സിപ്പിള്‍ അനോനിമിറ്റിയാണ്. ആരു ചെയ്തു എന്നു പറയുമ്പോള്‍ പൊലീസ് ഡിപ്പോര്‍ട്ട്‌മെന്റ് ചെയ്തു എന്നുപറയണം. അല്ലാതെ പുന്നൂസ് ചെയ്തു എന്നുവരരുത്.

പുന്നൂസ് പൊലീസിലാണ്. പൊലീസ് പുന്നൂസിലല്ല. ഇതാണ് വ്യത്യാസം. ഞാന്‍ എന്റെയുള്ളില്‍ പൊലീസിനെ മുഴുവന്‍ ആവാഹിക്കുകയല്ല. മറിച്ച് ഞാനും പൊലീസിന്റെ ഭാഗമാണ്. പൊലീസിന്റെ ഭാഗമായി നിന്ന് അതിനെ നയിക്കുക എന്ന ദൗത്യമാണ് എന്റേത്. ഞാന്‍ ചെയ്യേണ്ടത് സംസ്ഥാനത്തെ മൊത്തം പൊലീസ് ഫോഴ്‌സിന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ്. അതാണ് എന്റെ ഉത്തരവാദിത്തം. ആ ഒരു കാഴ്ചപ്പാടിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. എനിക്കത് വളരെ കോണ്‍ഫിഡന്റായി പറയാന്‍ പറ്റും. പൊലീസിന്റെ മൊത്തം പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്തത്.

അതിന്റെ ഫലമായി ഞാന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസ് എടുത്തിരുന്നത് കേരള പൊലീസാണ്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റവാളികളെ കണ്ടുപിടിച്ച് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതും കേരള പൊലീസാണ്. കേസുകളില്‍ ഏറ്റവും കൂടുതല്‍ പേരെ കോടതികള്‍ ശിക്ഷിക്കുന്നതു കേരളത്തിലാണ്. ഇത്തരത്തില്‍ പൊലീസിന്റെ മൊത്തത്തിലുള്ള പ്രകടനമാണ് നന്നാക്കിയെടുത്തത്.
ഡിജിപിയെ കാണാന്‍ പൊതുജനങ്ങള്‍ വരുന്നു. ചായ കൊടുക്കുന്നു. മിഠായി കൊടുക്കുന്നു. ചിരിക്കുന്നു.

എന്തു നല്ല ഡിജിപി എന്നു പറഞ്ഞ് ജനങ്ങള്‍ പോകും. ഞാന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടുള്ളയാളല്ല. എന്നെ കാണാന്‍ വരുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഞാന്‍ സ്വീകരിച്ചത്. കാരണം എന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐമാരും ജില്ലാ പൊലീസ് മേധാവികളും ജോലി ചെയ്താല്‍ പൊതുജനങ്ങള്‍ ഡിജിപിയെ കാണാന്‍ വരേണ്ട ആവശ്യമുണ്ടാവില്ല. എന്നെ കാണാന്‍ ആളുകള്‍ വരുമ്പോള്‍ ഞാന്‍ വിചാരിക്കേണ്ടത് എന്റെ ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്നതില്‍ എനിക്കു വീഴ്ചയുണ്ടായി എന്നാണ്.

ഇതു മന്ത്രിമാരുടെ കാര്യത്തില്‍ ശരിയല്ല. ബിക്കോസ് ദേ ആര്‍ റെപ്രസന്റിങ് ദ പീപ്പിള്‍. പൊലീസ് സ്‌റ്റേഷനിലും അതിനുശേഷം ജില്ലാ പൊലീസ് മേധാവിയെ കണ്ടിട്ടും നീതി കിട്ടാത്തതു കൊണ്ടാണ് ജനങ്ങള്‍ ഡിജിപിയെ കാണാന്‍ എത്തുന്നത്. അത്തരമൊരു കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. എന്റെ സര്‍വ്വീസിന്റെ അവസാന കാലത്ത് എന്നെ കാണാന്‍ പൊതുജനങ്ങള്‍ വളരെ വിരളമായിട്ടേ വരുമായിരുന്നുളളൂ.

.പിന്‍ഗാമികള്‍ ഇക്കാര്യം മനസ്സിലാക്കുന്നില്ലേ?

ശരിയാണ്. നമുക്കൊരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കാഴ്ചപ്പാട് വേണം. പലപ്പോഴും നമ്മുടെ കാഴ്ചപ്പാട് ഇന്‍ഡിവിജ്യുവലൈസ്ഡ് ആകുന്നു. പലരും കരുതുന്നതിങ്ങനെയാണ്, മറ്റുള്ളവരെല്ലാം മോശം കാര്യങ്ങള്‍ ചെയ്യുന്നു, ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നു. പലപ്പോഴും പറയുന്ന കാര്യങ്ങള്‍ സത്യമായിരിക്കും. പക്ഷേ, മറ്റുള്ളവരെല്ലാം ചീത്തയാണെന്ന കാര്യം അവശേഷിക്കുകയാണ്.

ഇക്കൂട്ടര്‍ ബാക്കിയാക്കിയിട്ടു പോകുന്നതെന്താ? ചീത്തയായ കുറേ ആളുകളുടെ കൂട്ടത്തെയാണ്. ഇതു വലിയ ഡാമേജ് ഉണ്ടാക്കും. ദിസ് ഈസ് കോള്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡാമേജ്. അതുകൊണ്ട് എന്തുജോലി ചെയ്താലും വീ മസ്റ്റ് ട്രൈ ടു ബില്‍ഡ് അപ് ദാറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍.

.ഉദ്യോഗസ്ഥ താത്പര്യവും ജനതാത്പര്യവും വ്യത്യസ്തമാകുമ്പോള്‍ എന്തായിരുന്നു ചെയ്തിരുന്നത്?

സംശയം വേണ്ട, ജനങ്ങളുടെ താത്പര്യത്തിനൊപ്പം നില്‍ക്കും. പണ്ടൊരു ഡിജിപി പറഞ്ഞത് ജനങ്ങള്‍ക്കു പരിക്കുപറ്റിയാല്‍ എനിക്കെന്താണ് എന്നാണ്. പരിക്കേറ്റ എന്റെ പൊലീസുകാരനെയല്ലേ ഞാന്‍ കാണുന്നത്. അതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത് എന്നാണദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വികാരവും ആത്മാര്‍ത്ഥതയും എനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

പക്ഷേ, ഒരു ജനാധിപത്യ സംവിധാനത്തില്‍ പൊലീസിനെ നിയന്ത്രിക്കുന്ന ഒരു സ്ട്രക്ചര്‍ ഉണ്ട്. ജനത്തിന്റെ പരിക്കും പൊലീസുകാരന്റെ പരിക്കും പ്രധാനമാണ്. എന്റെ കാലത്തും ബലപ്രയോഗങ്ങള്‍ നടന്നിട്ടുണ്ട്. ബലം പ്രയോഗിക്കാത്ത പൊലീസിങ്ങില്‍ എനിക്കു വിശ്വാസവുമില്ല. എന്നാല്‍, ബലപ്രയോഗം നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നത് ഒരര്‍ത്ഥത്തില്‍ പൊലീസിന്റെ പരാജയമാണ്. ബലം പ്രയോഗിക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ് പൊലീസിന്റെ മിടുക്ക്. അടിച്ചൊതുക്കുന്നതിലല്ല, പറഞ്ഞിരുത്തുന്നതിലാണ് കഴിവ്.

അതായിരിക്കണം ലക്ഷ്യം. അടിച്ചൊതുക്കേണ്ടിവരുന്നത് പറഞ്ഞിരുത്താനുളള കഴിവിന്റെ അപൂര്‍ണ്ണതയാണെന്നു പറയേണ്ടിവരും. ബലപ്രയോഗത്തിലൂടെ ജനത്തിനു പരിക്കേല്‍ക്കുന്നത് ദുഃഖത്തോടെ മാത്രമേ കാണാന്‍ കഴിയൂ. കൈകാര്യം ചെയ്തതിന്റെ പോരായ്മകൊണ്ട് ആളുകള്‍ക്കു പരിക്കേല്‍ക്കേണ്ടി വരുന്നത് ദുഃഖകരമാണ്. നമുക്കിതിനെ ന്യായീകരിക്കാം. എന്നാല്‍ ന്യായീകരണം ന്യായീകരണം മാത്രമാണ്. ന്യായീകരണം ആവശ്യമില്ലാത്ത സന്ദര്‍ഭം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. ജോലിയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ജഡ്ജ് ചെയ്യേണ്ടത് ന്യായീകരണം ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നതിലാണ്.

സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒടുവില്‍ ന്യായീകരിക്കേണ്ട അവസ്ഥയിലേക്കു വരാതിരിക്കുന്നതാണ് കാര്യക്ഷമതയുടെ അളവുകോലായി കാണേണ്ടത്. വളരെ കുറച്ച് സന്ദര്‍ഭങ്ങളില്‍ മാത്രമേ എനിക്കു ന്യായീകരണത്തിലേക്കു പോകേണ്ടിവന്നിട്ടുള്ളൂ.

സംഘര്‍ഷം രാജ്യത്തിന്റെ താത്പര്യവും ഡിപ്പാര്‍ട്ടുമെന്റിന്റെ താത്പര്യവും തമ്മിലാണെങ്കില്‍ രാജ്യത്തിന്റെ താത്പര്യത്തിനാണ് ആദ്യ പരിഗണന. ഡിപ്പാര്‍ട്ട്‌മെന്റിന്റെ താത്പര്യവും പൊലീസുകാരന്റെ താത്പര്യവും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ താത്പര്യത്തിന് പ്രഥമ പരിഗണന നല്‍കണം. ഇനി സംഘര്‍ഷം ഞാനും പൊലീസുകാരും തമ്മിലാണെങ്കില്‍ പൊലീസുകാരന്റെ താത്പര്യത്തിനു പ്രാധാന്യം നല്‍കണം. അതായത്, രാജ്യം, ഡിപ്പാര്‍ട്ട്‌മെന്റ്, പൊലീസുകാര്‍, ഞാന്‍ ഇതായിരിക്കണം ശരിയായ ഹൈറാര്‍ക്കി. അല്ലാതെ തിരിച്ചാവാന്‍ പാടില്ല.

.പൊലീസിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചാണല്ലോ ഭരണം വിലയിരുത്തപ്പെടുന്നത്?

പൊലീസ് സംവിധാനത്തിനു മേല്‍ ജനങ്ങള്‍ക്കു നിയന്ത്രണമുള്ള ഒരു ഭരണസംവിധാനമാണ് ജനാധിപത്യം. ഓട്ടോക്രസിയാണെങ്കില്‍ ജനങ്ങള്‍ക്കു നിയന്ത്രണമില്ല. കൊളോണിയലിസമാണെങ്കിലും മിലിട്ടറി ഡിക്ടേറ്റര്‍ഷിപ്പാണെങ്കിലും ജനങ്ങള്‍ക്കു നിയന്ത്രണമില്ല. ജനാധിപത്യമല്ലാതുള്ള ഒരു ഭരണസംവിധാനത്തിലും ജനങ്ങള്‍ക്കു പൊലീസിനു മേല്‍ നിയന്ത്രണമില്ല.

ജനാധിപത്യത്തെ ജനങ്ങള്‍, ജനങ്ങളാല്‍, ജനങ്ങള്‍ക്കു വേണ്ടി എന്നൊക്കെ പറയുമെങ്കിലും, അതിന്റെ പ്രായോഗികവും അനുഭവവേദ്യവുമായ അര്‍ത്ഥത്തില്‍ പൊലീസിനു മേല്‍ ജനങ്ങള്‍ക്കുള്ള നിയന്ത്രണമാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യം. അത് ഏതു രീതിയില്‍ നിര്‍വ്വഹിക്കപ്പെടുന്നു എന്നുള്ളതാണ് ജനാധിപത്യ ഭരണകൂടത്തിന്റെ കാര്യക്ഷമതയുടെ അളവുകോല്‍.

പൊലീസ് ആക്ട് മാറ്റിയപ്പോള്‍ വലിയൊരു തര്‍ക്കമുണ്ടായി. പൊലീസ് ആക്ടില്‍ ഏറ്റവും തര്‍ക്കമുണ്ടാക്കിയത് പൊലീസിന്റെ ഡ്യൂട്ടി എന്താണ് എന്നതായിരുന്നു. അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതാണോ പൊലീസിന്റെ ചുമതല? പൊലീസ് വളരെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. പൗരന് ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യങ്ങള്‍ അനുഭവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് പൊലീസിന്റെ ഡ്യൂട്ടി. പൊലീസിന്റേത് ഒരു പോസിറ്റീവ് റോളാണ്. പലപ്പോഴും നെഗറ്റീവ് റോളായാണ് ജനങ്ങള്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ പൊലീസിന്റെ റോള്‍ ആദ്യം പറഞ്ഞതാണ്. സ്വാതന്ത്ര്യങ്ങള്‍ അനുഭവിക്കാനുള്ള പൊതുസാഹചര്യങ്ങള്‍, വ്യക്തിപരമായ സാഹചര്യങ്ങളല്ല, സൃഷ്ടിക്കുക. ആ ഒരു കാഴ്ചപ്പാടാണ് യഥാര്‍ത്ഥത്തില്‍ താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം.

ഈയൊരു ഡെഫനിഷന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത് കേരള പൊലീസാണ്. ചില സംസ്ഥാനങ്ങളില്‍ ഇതു കുറച്ചുകുറവാണ്. ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഇല്ല എന്നുതന്നെ പറയാം. ഇതിന്റെ ഏറ്റവും വലിയ തെളിവ്, ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും പൊലീസ് സഹായം തേടുന്ന പതിവ് കേരളത്തിലുണ്ട് എന്നുള്ളതാണ്.

.ഈ കാഴ്ചപ്പാട് സഹപ്രവര്‍ത്തകരും മുന്‍ഗാമികളും പിന്‍ഗാമികളും പിന്തുടരുന്നതായി തോന്നുന്നുണ്ടോ?

പല ഉദ്യോഗസ്ഥരും പല ലെവലില്‍, അര്‍ത്ഥതലങ്ങളിലാണ് ഇതു മനസ്സിലാക്കുന്നത്. നിരവധിയാളുകള്‍ പൊലീസിനെ കാണുന്നത് ചില ടാസ്‌കുകളായിട്ടാണ്. എന്നുപറഞ്ഞാല്‍, ചില നടപടികളെടുക്കുന്ന വിഭാഗമെന്ന നിലയിലാണ്. അങ്ങനെ വരുമ്പോള്‍ ഇതിന്റെ ആത്യന്തികമായ അര്‍ത്ഥത്തെക്കുറിച്ചൊന്നും പലരും ബോദര്‍ ചെയ്യാറില്ല. ഇന്നത്തെക്കാര്യം എങ്ങനെയാണ് എന്നുള്ളതാണ് പലരുടെയും ചിന്ത. അങ്ങനെ വരുമ്പോള്‍ പലര്‍ക്കും ഈ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അത് അവരുടെ കുറ്റംകൊണ്ടുമാത്രമാണെന്നു പറയാനും കഴിയില്ല. അങ്ങനെ വരുമ്പോള്‍ അതിന്റേതായ കുഴപ്പങ്ങളുണ്ടാവും.

മുന്‍ഗാമികളില്‍ എന്നേക്കാള്‍ വിഷന്‍ ഉള്ളവര്‍ ഉണ്ട്. ഉദാഹരണത്തിന് എം. ഗോപാലന്‍. അദ്ദേഹം ചാര്‍ജ്ജെടുത്തപ്പോള്‍ എഴുതിയ ഒരു സര്‍ക്കുലര്‍ ഉണ്ട്. അദ്ദേഹം സര്‍ക്കുലറില്‍ എഴുതിയ കാര്യങ്ങള്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ പറയുന്ന കാര്യങ്ങളെല്ലാം. ജനാധിപത്യ വ്യവസ്ഥയിലെ പൊലീസ് എന്നു പറഞ്ഞ് 1967 ലോ 68 ലോ ആണ് അദ്ദേഹം ആ സര്‍ക്കുലര്‍ എഴുതിയിട്ടുള്ളത്. അത് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആ ഒരു കാഴ്ചപ്പാട് മുന്‍ഗാമികള്‍ക്കുമുണ്ടായിരുന്നു. ജോലി ഭാരം കൊണ്ടും വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതു കൊണ്ടും പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം എന്ന ചിന്ത കൊണ്ടും പലപ്പോഴും ദീര്‍ഘവീക്ഷണം വച്ചുപുലര്‍ത്താനുള്ള സാവകാശം കിട്ടാതെ പോകുന്നു. അല്ലാതെ ദീര്‍ഘവീക്ഷണം ഇല്ലാത്തതുകൊണ്ടല്ല.

.ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് പൊലീസ് എന്ന് പണ്ടുമുതലേ പറഞ്ഞുവരുന്നു. അത് യഥാര്‍ത്ഥത്തില്‍ ശരിയാണോ?

ഭരണാധികാരികളും ഭരിക്കപ്പെടുന്നവരും രണ്ടായിരിക്കുമ്പോള്‍ പൊലീസ് ഒരു ഉപകരണമാണ്. അതു ശരിയാണ്. പക്ഷേ, ഭരിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടുന്നവരും ജനങ്ങളുടെ ആശയ, അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു ഭരണകൂടം നിലവില്‍ വരുമ്പോള്‍ പൊലീസ് ഒരു മര്‍ദ്ദനോപകരണം എന്നതിനുപരി പൊലീസിനാണ് സമൂഹത്തില്‍ അക്രമത്തിന്റെ കുത്തക(മൊണോപൊളി) എന്നുപറയുന്നതാവും ശരി. ഇന്‍ എ ഡെമോക്രാറ്റിക് സൊസൈറ്റി പൊലീസ് ഹാസ് ഗോട്ട് എ േെമണാപൊളി ഓവര്‍ വയലന്‍സ്. എന്നുപറയുന്നതാവും യഥാര്‍ത്ഥ ശരി.

പണ്ട് ലോക ജനസംഖ്യയുടെ 95 ശതമാനത്തിനും ശബ്ദിക്കാന്‍ അവകാശമുണ്ടായിരുന്നില്ല, എന്നുപറഞ്ഞാല്‍ സ്വയംഭരണാവകാശമില്ല. സ്വയംഭരണാവകാശമുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമില്ല. വോട്ടവകാശമുള്ള രാജ്യങ്ങളില്‍ കരം കൊടുക്കാത്തവര്‍ക്ക് വോട്ടവകാശമില്ല. സാര്‍വ്വത്രിക വോട്ടവകാശം എന്ന സങ്കല്‍പം സത്യത്തില്‍ ഒരു ശതമാനം ആളുകള്‍ക്കു പോലും ലോകത്തില്ലായിരുന്ന കാലത്ത് തീര്‍ച്ചയായും പൊലീസിനെ ഒരു ചട്ടുകമായിട്ടാവും കണ്ടതും ഉപയോഗിച്ചതും.police


.അക്കാലത്തിനു ശേഷവും പൊലീസ് മര്‍ദ്ദിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നില്ലേ?

ജനാധിപത്യ ഭരണക്രമത്തില്‍ ബലപ്രയോഗത്തിനുള്ള അവകാശം സ്‌റ്റേറ്റിനായിരിക്കണം. അതാണ് ശരിയായ ക്രമം. മറ്റാര്‍ക്കും ബലപ്രയോഗത്തിനുള്ള അധികാരം ഉണ്ടായിരിക്കില്ല.

രാജഭരണകാലത്ത് അക്രമം കയ്യിലെടുക്കുന്ന നാട്ടുരാജാക്കന്‍മാരെ രാജാവ് അടിച്ചൊതുക്കിയിരുന്നു. അതാണ് അധികാരത്തിന്റെ മൊണോപൊളി. ഇന്നാകട്ടെ പെട്ടിക്കടകള്‍ പോലെ അക്രമം അഴിച്ചുവിടാന്‍ വര്‍ഗീയശക്തികളും ചില പാര്‍ട്ടികളിലെ ആളുകളും സാമൂഹ്യവിരുദ്ധരും ശ്രമിക്കുന്നു. അത് അനുവദിക്കാനാവില്ല. അതുകൊണ്ടാണ് നേരത്തെ പറഞ്ഞത് അക്രമത്തിന്റെ മൊണോപൊളി സര്‍ക്കാരിന് തന്നെയാണ്. ആ മൊണോപൊളി പരാജപ്പെടുമ്പോള്‍ അധികാരം കയ്യിലെടുക്കുന്നവര്‍ പെട്ടിക്കടകള്‍ പോലെ മുളച്ചുപൊന്തുന്നത്.

.ഇപ്പറഞ്ഞ കുത്തക പൊലീസിന് നഷ്ടപ്പെടുന്നില്ലേ?

ഈ അധികാരം സ്‌റ്റേറ്റിന് ഒരിക്കലും പൂര്‍ണ്ണമായി പ്രയോഗിക്കാനാവില്ല. അതുകൊണ്ടാണല്ലോ ഇവിടെ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നത്. ഈ കുത്തക പൂര്‍ണ്ണമായും രാജ്യം നടപ്പിലാക്കിയാല്‍ രാജ്യത്ത് അക്രമങ്ങളുണ്ടാവില്ല. പൂര്‍ണ്ണമായും ഈ കുത്തക ഉപയോഗിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. സംഘടിത ഗ്രൂപ്പുകള്‍ ബലപ്രയോഗത്തില്‍ ഏര്‍പ്പെടുന്നത് അപകടകരമാണ്. ഇങ്ങനെയുള്ള സംഘടിത ഗ്രൂപ്പുകളില്‍ പ്രധാനം മതാധിഷ്ഠിത ഗ്രൂപ്പുകളാണ്. അവരാണ് ഏറ്റവും അപകടകാരികള്‍. അത് ഭീകരതയായി മാറാം, വര്‍ഗീയ കലാപങ്ങളായി പടരാം, മറ്റു മതങ്ങള്‍ക്കു ഭീഷണിയായി തീരാം.

വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന നിലയിലേക്കുവരെ അതെത്തിപ്പെടാം. ഇതു വളരെ അപകടകരമാണ്. ഇങ്ങനെയുള്ള പ്രവണതയുണ്ട്. ഇല്ലെന്നു പറയാന്‍ കഴിയില്ല. രണ്ടാമത്തെ അപകടം ക്രിമിനല്‍ ഗ്യാങ്ങുകളാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകള്‍. ഇവര്‍ വയലന്‍സിനെ ഉപയോഗിക്കാം.
ചിലര്‍ അവര്‍ ഏറ്റെടുത്തിട്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ബലപ്രയോഗം നടത്താം. ഇത് സമൂഹത്തില്‍ വളരെയധികം കൂടിയിട്ടുണ്ട്. ഇത് കേരളത്തില്‍ കൂടിയിട്ടുണ്ടെന്ന് പറയാതെ വയ്യ. മതാധിഷ്ഠിത അക്രമം കുറഞ്ഞിട്ടുണ്ടോ കൂടിയിട്ടുണ്ടോയെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ സാധിക്കുന്നില്ല. അഞ്ചു കൊല്ലം മുമ്പായിരുന്നെങ്കില്‍ പറയാന്‍ കഴിയുമായിരുന്നു.

കണക്കുകള്‍ ഇല്ലാത്തതുകൊണ്ടല്ല. അഞ്ചു കൊല്ലം മുമ്പ് എന്നോട് ചോദിച്ചാല്‍ കുറഞ്ഞു എന്നു ഞാന്‍ ധൈര്യപൂര്‍വ്വം പറയുമായിരുന്നു. എന്നാല്‍, ഇന്നെനിക്ക് അങ്ങനെ പറയാന്‍ സാധിക്കുന്നില്ല. അഭിപ്രായങ്ങള്‍ സൃഷ്ടിക്കുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍, ഇത്തരം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വ്യത്യസ്ത അഭിപ്രായത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ നിഷേധമാണ്. ഈ പ്രവണത കേരളീയ സമൂഹത്തില്‍ കൂടിയിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഭവങ്ങളുടെ എണ്ണം വച്ചുകൊണ്ടല്ല ഞാനിതൊക്കെ പറയുന്നത്. എന്നാല്‍, രാഷ്ട്രീയ അസഹിഷ്ണുത വളരെയധികം വര്‍ദ്ധിക്കുകയാണ്.

ഉദാഹരണത്തിന്, പണ്ടൊക്കെ ഓണത്തെക്കുറിച്ച് എന്തു കഥയും വേണമെങ്കില്‍ പറയാമായിരുന്നു. പക്ഷേ, ഓണത്തെക്കുറിച്ച് ഇപ്പോള്‍ അങ്ങനെ പറഞ്ഞാല്‍ ചിലപ്പോള്‍ അടി കൊള്ളും. അഭിപ്രായങ്ങളെ സംബന്ധിച്ചുള്ള അസഹിഷ്ണുത നമ്മുടെ സമൂഹത്തില്‍ വളരെയധികം കൂടിയിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് കൂടുതല്‍ പേര്‍ക്കും അഭിപ്രായം ഉള്ളതു കൊണ്ടാവാം.

പണ്ട് നൂറു പേരില്‍ നാല്‍പ്പതു പേര്‍ക്കേ സ്വന്തം അഭിപ്രായം ഉണ്ടായിരുന്നുള്ളൂ. ബഹുഭൂരിപക്ഷം പേര്‍ക്കും അഭിപ്രായം ഉള്ളതു കൊണ്ട് അഭിപ്രായ സഹിഷ്ണുതയുടെ അന്തരീക്ഷം നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. എന്റെ വിശ്വാസവും അഭിപ്രായവും ജയിക്കുന്നതിനു വേണ്ടി അല്പം അക്രമം നടത്തിയാലും കുഴപ്പമില്ല എന്നൊരു സാധൂകരണ മനഃസ്ഥിതി വളര്‍ന്നുവരുന്നതായി തോന്നുന്നു.

.ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ആഭ്യന്തരമന്ത്രിമാരെക്കുറിച്ച്?

ഞാന്‍ സര്‍വീസില്‍ വരുമ്പോള്‍ കെ. കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. കെ.എം. മാണി, പി.ജെ. ജോസഫ്, ടി.കെ. രാമകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, ഇ.കെ. നായനാര്‍. എ.കെ. ആന്റണി, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ ആഭ്യന്തരമന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചു.

കോടിയേരി ബാലകൃഷ്ണനാണ് എന്റെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച ആഭ്യന്തരമന്ത്രി. അദ്ദേഹത്തിന്റെ കാലത്ത് ഞാന്‍ എഡിജിപി ഇന്റലിജന്‍സും ഡിജിപിയുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഹൈ ലെവല്‍ ഇന്ററാക്ഷനാണ് ഉണ്ടായിരുന്നത്. കേരളത്തിലെ പൊലീസിന്റെ ചരിത്രമെടുത്താല്‍ വളരെയധികം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കാലത്ത് ഡിപ്പാര്‍ട്ട്‌മെന്റിനു വേണ്ടി ചെയ്തു. ഇതെല്ലാം ചെയ്തത് വലിയ ബഹളമൊന്നും കാണിക്കാതെ വളരെ നിശ്ശബ്ദമായാണ്.

2006-2011 കാലഘട്ടത്തില്‍ സിബിഐക്കു കൊടുത്ത കേസുകളില്‍ പോലും അന്നത്തെ കേരള പൊലീസിന്റെ അന്വേഷണത്തെപ്പറ്റി സിബിഐ എതിരഭിപ്രായം പറഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം പൊളിറ്റിക്കലി ന്യൂട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതാണ്. പൊലീസിനു സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം അദ്ദേഹം നല്‍കി.

അതേസമയം എല്ലാക്കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, കോസ്റ്റല്‍ പൊലീസ്, ടൂറിസം പൊലീസ്, ട്രാഫിക് കാമറകള്‍, പൊലീസ് എസ്റ്റാബഌഷ്‌മെന്റ് കോഡ്, പൊലീസ് കംപഌയിന്റ് അതോറിറ്റി, പുതിയ പൊലീസ് നിയമം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ നടപ്പിലാക്കിയതാണ്.

അന്നുവരെ കേരള പൊലീസിനും ഇന്ത്യയിലെ മറ്റു സംസ്ഥാനത്തിലെ പൊലീസിനും ഇല്ലാതിരുന്നതുമായ ഇരുന്നൂറോളം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കാലത്താണ് നടപ്പിലാക്കിയത്. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനവും സന്നിധാനത്തിലെ കാമറയുടെ നിരീക്ഷണത്തിലുള്ള സെക്യൂരിറ്റി സംവിധാനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ കാലത്തു നടപ്പിലാക്കിയ മറ്റു ചില കാര്യങ്ങളാണ്.
.മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോള്‍ ഇത്രയും ചെയ്യാന്‍ പറ്റില്ലെന്നാണോ?

മുഖ്യമന്ത്രിയുടെ അധികാരം ആഭ്യന്തരമന്ത്രിക്കു കിട്ടുന്നത് വളരെ നല്ല കാര്യമാണ്. അപ്പോള്‍ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയായിരിക്കുന്നതില്‍ അപാകതയൊന്നുമില്ല. ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രി പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമ്പോള്‍ അത് ഗുണകരമാകും. അതാണ് വി.എസിന്റെ കാലത്ത് കോടിയേരിക്ക് കിട്ടിയ അനുകൂല സാഹചര്യം.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഏറ്റവും മികച്ച ആഭ്യന്തര മന്ത്രി കോടിയേരി: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്