Search

ആരാവും അടുത്ത രാഷ്ട്രപതി, കണക്കുകൂട്ടലും കിഴിക്കലും തുടങ്ങി, വെങ്കയ്യയും സുഷമയും മുതല്‍ ഗുലാം നബി വരെ പട്ടികയില്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് രാജ്യം തയ്യാറെടുപ്പ് ആരംഭിച്ചിരിക്കെ, ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് പദത്തില്‍ എത്തുക ആരായിരിക്കുമെന്ന ചര്‍ച്ച സജീവമായി.

പ്രണബ് മുഖര്‍ജി തന്നെ വീണ്ടും രാഷ്ട്രപതിയായി വരുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വിയോജിപ്പൊന്നുമില്ല. അത്രയേറെ നല്ല ബന്ധമാണ് കോണ്‍ഗ്രസുകാരനായ പ്രണബും ബിജെപിക്കാരനായ മോഡിയും തമ്മില്‍.

പ്രണബിനെ മോഡിക്ക് ഇഷ്ടം


മോഡിക്ക് ഭരണത്തില്‍ പലപ്പോഴും ഗുരുവും വഴികാട്ടിയും ഉപദേഷ്ടാവുമെല്ലാമാണ് പ്രണബ്. ഒരിക്കലും മോഡിക്ക് ഒരു ബുദ്ധിമുട്ടും പ്രണബ് വരുത്തിയതുമില്ല. ജോലിയുടെ കൃത്യനിഷ്ഠയില്‍ മോഡിയെക്കാള്‍ ഒരുപടി മുന്നിലുമാണ് പ്രണബ്. പക്ഷേ, രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് പ്രണബിനെ തുണയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ് മോഡി. ഇക്കാര്യം മോഡിയെക്കാള്‍ നന്നായി പ്രണബിനറിയാം.

ഒരു സ്ഥാനാര്‍ത്ഥിയെ ഒറ്റയ്ക്കു ജയിപ്പിച്ചെടുക്കാന്‍ വേണ്ടത്ര ഇലക്ട്രല്‍ വോട്ട് ബിജെപിക്ക് ഇല്ല. അതുകൊണ്ടുതന്നെ മറ്റു ചില കക്ഷികളുടെ കൂടി പിന്തുണ അവര്‍ക്ക് അത്യാവശ്യമാണ്. ദേശീയ-സംസ്ഥാന നിയമസഭാമണ്ഡലങ്ങളുടെ ഇലക്ടറല്‍ കോളെജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ബിജെപിക്കു ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ കൂടി പിന്തുണ വേണമെന്നു ചുരുക്കം.


ടിആര്‍എസ് പിന്തുണ ഉറപ്പാക്കി ബിജെപിതെലുങ്കാനയിലെ ടിആര്‍എസ് പിന്തുണയ്ക്കുമെന്ന് ബിജെപിക്ക് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എഡിഎംകെയുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അവിടെയുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങള്‍ ആ പ്രതീക്ഷയ്ക്കു ചെറിയ മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നു.

വെങ്കയ്യ, സുമിത്ര, ദ്രുപദി മുര്‍മു


കാബിനറ്റ് മന്ത്രിമാരായ വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, തവാര്‍ ചന്ദ് ഗെലോട്ട്, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രുപദി മുര്‍മു എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ സജീവമായി ചര്‍ച്ചയിലുള്ളത്. ഇതില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പേര് വെങ്കയ്യ നായിഡുവിന്റേതാണ്. പക്ഷേ, താന്‍ മത്സരത്തിനില്ലെന്നാണ് നായിഡു മാധ്യമങ്ങളോടു പറഞ്ഞിട്ടുള്ളത്. ഒരു 'മിതവാദ' രാഷ്ട്രീയ മുഖമുള്ള ഒരാള്‍ മതി പ്രസിഡന്റിന്റെ കസേരയിലേക്ക് എന്ന് ബിജെപി നേതൃത്വം തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്‍ഡിഎയ്ക്ക് പുറത്ത് വിപുലമായ സമവായമുണ്ടാക്കാന്‍ കൂടിയാണ് ഈ നീക്കം.

പവാര്‍, ശരദ് യാദവ്, മീരാ കുമാര്‍, ഗുലാം നബി


എല്ലാ പാര്‍ട്ടികളും അംഗീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്ത് തിരഞ്ഞെടുപ്പു തന്നെ ഒഴിവാക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. ഇതു പക്ഷേ, നടക്കുമെന്നു തോന്നുന്നില്ല. സംയുക്ത സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. 2019 ലെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരായ സഖ്യത്തിന് ഈ കൂട്ടുകെട്ട് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് സോണിയ.
ശരദ് പവാര്‍, ഗുലാം നബി ആസാദ് എന്നിവരിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം ഇതിനകം പ്രതിപക്ഷ നിരയില്‍ ഉയര്‍ന്നിട്ടുണ്ട്. ജെഡി (യു) നേതാവ് ശരദ് യാദവിന്റെ പേരും മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന്റെയും ചര്‍ച്ചയിലുണ്ട്.

നമ്മുടെ ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളാവും നടത്തുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.


അദ്വാനിയും ജോഷിയും സ്വപ്നം കണ്ടത് വെറുതേ


മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയും മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയും രാഷ്ട്രപതി കസേര മോഹിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടിയില്‍ നരേന്ദ്രമോഡിയുടെ ഏറ്റവും വലിയ എതിരാളിയായ അദ്വാനിയെ രാജ്യത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദത്തിലിരുത്താന്‍ മോഡി ഇഷ്ടപ്പെടുന്നില്ല. അയോധ്യ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ അദ്വാനിയുടെ സ്വപ്നമെല്ലാം പൊലിയുകയായിരുന്നു.

മോഡിക്ക് മത്സരിക്കാന്‍ വേണ്ടി മണ്ഡലം ഉപേക്ഷിച്ച് ത്യാഗം ചെയ്തിരുന്നുവെങ്കില്‍ ജോഷിക്ക് ഇപ്പോള്‍ രാഷ്ട്രപതിക്കസേര ചിലപ്പോള്‍ ലഭിക്കുമായിരുന്നു. ആ വലിയ തെറ്റിന് ഇപ്പോള്‍ ജോഷിക്കും വില കൊടുക്കേണ്ടിവന്നിരിക്കുന്നു. മാത്രമല്ല, അയോദ്ധ്യ കേസിലെ പ്രതിയായത് ജോഷിക്കും വിനയായി.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആരാവും അടുത്ത രാഷ്ട്രപതി, കണക്കുകൂട്ടലും കിഴിക്കലും തുടങ്ങി, വെങ്കയ്യയും സുഷമയും മുതല്‍ ഗുലാം നബി വരെ പട്ടികയില്‍